തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്;ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിഷേധ വോട്ട് പ്രതിഫലിക്കും;കെ സുരേന്ദ്രൻ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാം പിണറായി സർക്കാരിന്റെ ദുർഭരണത്തിന്റേയും പ്രതിപക്ഷത്തിന്റെ നിഷ്ക്രിയതയുടേയും വിലയിരുത്തലാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ വികാരത്തിന്റെ പ്രതിഫലനമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.

മതഭീകരവാദികളുടെ അധിനിവേശത്തിനെതിരെ ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിഷേധ വോട്ട് പ്രതിഫലിക്കും. സർക്കാരും പ്രതിപക്ഷവും മതഭീകരവാദ ശക്തികളെ സഹായിക്കുമ്പോൾ ഹൈന്ദവരും ക്രൈസ്തവരും തുല്ല്യ ദുഖിതരാണ്. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ടിൻ്റെ വോട്ടിന് വേണ്ടി എൽ ഡി എഫ്- യു ഡി എഫ് നേതാക്കൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സർക്കാരും പ്രതിപക്ഷവുമായി പോപ്പുലർ ഫ്രണ്ട് വിലപേശൽ നടത്തുകയാണ്. ഇത് ഹൈന്ദവ - ക്രൈസ്തവ വോട്ടർമാർ തിരിച്ചറിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മതഭീകരവാദികളുടെ വോട്ടിന് വേണ്ടി നെട്ടോട്ടമോടുകയാണ്. ഇത് ഹൈന്ദവ - ക്രൈസ്തവ വിഭാഗങ്ങളുടെ ആത്മാഭിമാനത്തിൻ്റെ പ്രശ്നമാണ്. താമരശ്ശേരി ബിഷപ്പ് പറഞ്ഞത് അതാണ്. പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്യാൻ പോയിട്ട് തിരിച്ചു വരേണ്ടി വന്നത് കേരള പൊലീസിന് നാണക്കേടായെന്നും ബി ജെ പി അദ്ധ്യക്ഷൻ പറഞ്ഞു.
അതേസമയം ക്രൈസ്തവര്‍ക്കെതിരെയും ഹിന്ദുക്കള്‍ക്കെതിരെയും പറയുമ്പോള്‍ വി ഡി സതീശന്റെ കോണ്‍ഗ്രസും പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ച് നില്‍ക്കുകയാണെന്ന് തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ വിമർശിച്ചു. മണ്ഡലത്തിൽ എൻ ഡി എ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് രാധാകൃഷ്ണന്റെ പ്രതികരണം.
പി സി ജോർജിന്റെ അറസ്റ്റിനെതിരേയും എ എൻ രാധാകൃഷ്ണൻ രംഗത്തെത്തി. പി സി ജോർജ് യൂദാസൻമാരുടെ പീഡനമേറ്റുവാങ്ങിയ ആളാണെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം. യൂദാസുകളായ പിണറായി വിജയനും വി ഡി സതീശനും പി സി ജോര്‍ജിനെ ക്രൂശിച്ചത്. പി സി ജോർജ് തൃക്കാക്കരയിൽ എത്താതിരിക്കാനുള്ള നിരവധി ശ്രമങ്ങളാണ് പിണറായി വിജയനിൽ നിന്നും വി ഡി സതീശനിൽ നിന്നും ഉണ്ടായത്, ഇത് എന്ത് തരത്തിലുള്ള ജനാധിപത്യമാണെന്നും രാധാകൃഷ്ണൻ ചോദിച്ചു.
കഴിഞ്ഞ ദിവസം പി സി ജോർജ് തൃക്കാക്കരയിൽ ബി ജെ പിക്കായി പ്രചരണത്തിനായി എത്തിയിരുന്നു. മതവിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നൽകിയ നോട്ടീസ് അവഗണിച്ച് കൊണ്ടായിരുന്നു പി സി ജോർജ് തൃക്കാക്കര എത്തിയത്.
സർക്കാരിനെതിരെ രൂക്ഷവിമർശനമായിരുന്നു സുരേന്ദ്രൻ ഉയർത്തിയത്.












Click it and Unblock the Notifications