'മലയാളികൾ നേരെ വാ നേരെ പോ എന്ന സ്വഭാവക്കാർ, നിലപാട് മാറ്റം എൽഡിഎഫിന് ഗുണം ചെയ്യില്ല'; എ കെ ആന്റണി
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെ വി തോമസിന്റെ നിലപാടിനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണി രംഗത്ത്. കെ വി തോമസിന്റെ നിലപാട് മാറ്റം എൽ ഡി എഫിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. എ ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്നാണ് പറഞ്ഞത്. ഇത് ഇടതുപക്ഷത്തിന് ഗുണം ചെയ്യില്ല. പകരം, മറ്റൊരു ഒരു ദോഷത്തിലേക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
താൻ കോൺഗ്രസുകാരൻ ആണെന്ന് പറയുകയും എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുകയും ചെയ്യുന്ന സ്വഭാവം തൃക്കാക്കരയിലെ ജനങ്ങൾ സ്വീകരിക്കുന്നതല്ലെന്ന് അദ്ദേഹം പരാമർശിച്ചു. മലയാളികൾ എന്നും നേരെ വാ നേരെ പോ എന്ന സ്വഭാവം കാത്തു സൂക്ഷിക്കുന്നവരാണ്. ഒരിടത്ത് നിൽക്കുന്നു എന്ന് പറയുകയും, എന്നിട്ട് മറ്റുള്ളവർക്ക് വേണ്ടി വോട്ടു ചോദിക്കുകയും ചെയ്യുന്നു. ഇത് അംഗീകരിക്കുവാൻ സാധിക്കുന്നതല്ലെന്ന് എകെ ആൻറണി വ്യക്തമാക്കി.

അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ വി തോമസിന് എതിരെ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നിരുന്നു. കെ വി തോമസിന്റെ സാന്നിധ്യം വരാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് നാശം വരുത്തി വയ്ക്കും. കെ വി തോമസിനെ കോൺഗ്രസിൽ നിന്ന് ആരും പുറത്താക്കില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ സ്വയം ഇറങ്ങി പോകണം എന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായ ജോ ജോസഫിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ് വ്യക്തമാക്കിയിരുന്നു.
ഈ പരാമർശത്തിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം ഉണ്ടായത്. താൻ കോൺഗ്രസുകാരൻ ആണെന്നാണ് കെ വി തോമസിന്റെ പ്രതികരണത്തെയും രമേശ് ചെന്നിത്തല ശക്തമായി വിമർശിച്ചു. എൽ ഡി എഫ് സ്ഥാനാർഥിക്ക് വേണ്ടി തൃക്കാക്കരയിൽ കെ വി തോമസ് പ്രചരണത്തിന് ഇറങ്ങിയാൽ കോൺഗ്രസ് പ്രവർത്തകർ അതിനേക്കാൾ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കും. വികസന രാഷ്ട്രീയത്തിന് വേണ്ടി എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിനിനായി പ്രചരണത്തിനിറങ്ങും എന്നാണ് കെ വി തോമസ് വ്യക്തമാക്കിയത്. "കോൺഗ്രസ് ബന്ധം അവസാനിപ്പിക്കാതെ തന്നെ ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനാണ് തീരുമാനം. മറ്റൊരു പാർട്ടിയിലും താൻ ചേരില്ല.
കോൺഗ്രസ് സംസ്കാരമാണ് തനിക്ക് ഉളളത്. ഞാൻ ഇപ്പോഴും എ ഐ സി സി അംഗമാണ്. പാർട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി. പക്ഷേ, പാർട്ടിയുടെ ഒരു പരിപാടിയിലേക്കും എന്നെ വിളിക്കുന്നില്ല. ആരും തന്നെ അറിയിക്കുന്നില്ല. കടുത്ത അവഗണനയാണ് തനിക്ക് എതിരെ ഉണ്ടാകുന്നത്. എൽ ഡി എഫിന് വേണ്ടി രംഗത്തിറങ്ങാൻ എന്നെ നിർബന്ധിതനാക്കിയത് കോൺഗ്രസ് നേതൃത്വമാണ്. വികസനത്തിന് ഒപ്പം നില്‍ക്കും. അതില്‍ ആരും രാഷ്ടീയം കാണരുത്. കേരളത്തിന്റെ വികസനത്തില്‍ താൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ചിരുന്നു. ഇക്കാര്യം സത്യമാണ്.
ഈ നിലപാടില്‍ തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കൊവിഡ് മഹാമാരി കാലത്ത് സർക്കാർ മുന്നോട്ട് വച്ച പ്രവര്‍ത്തനങ്ങളും വികസനത്തിന കാര്യങ്ങളും വളരെ മികച്ചതായിരുന്നു. അതിനാൽ ആയിരുന്നു അത്തരത്തിൽ ഒരു പരാമർശം നടത്തിയത്. അത് തുറന്നുപറയുന്നതില്‍ എന്താണ് തെറ്റ്. അതുകൊണ്ട് ഞാന്‍ കോണ്‍ഗ്രസ് വിരുദ്ധനാകുമോ? വർഷങ്ങളായി തന്നെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേതാക്കള്‍ മാറ്റി നിര്‍ത്തിയിരിക്കുന്നു. എന്നാൽ, താൻ ഇപ്പോഴും അച്ചടക്കമുള്ള പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടരുകയാണ്. തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിനെ സന്ദർശിക്കാൻ താൻ തയാറായി.
എന്നാൽ, കോൺഗ്രസ് നേതൃത്വം വിലക്കുകയാണ് ചെയ്തത്. വരുന്ന12 - നു മുഖ്യമന്ത്രി പ്രസംഗിക്കുന്ന എൽ ഡി എഫ് കൺവൻഷനിൽ താൻ പങ്കെടുക്കും. തുടർന്ന് എൽ ഡി എഫ് സ്ഥാനാർഥിക്കായി പ്രചാരണവും നടത്തും" - കെവി തോമസ് പറഞ്ഞു. അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് പുറമേ തൃക്കാക്കരയിലെ യു ഡി എഫ് ഉമാ തോമസും സമാന വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരുന്നു.
നടക്കാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിനു വേണ്ടി കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന പരാമർശത്തിന് പിന്നാലെയായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതികരണം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടി വോട്ടു ചോദിക്കാൻ കെ വി തോമസ് ഇറങ്ങിയാലും അത് യു ഡി എഫിന് ബാധിക്കില്ല. അദ്ദേഹത്തിന്റെ ഈ നിലപാട് ദൗർഭാഗ്യകരമാണെന്നും തോമസ് വ്യക്തമാക്കി. കോൺഗ്രസ് എന്നത് വലിയൊരു കൂട്ടായ പ്രസ്ഥാനമാണ്. സ്ഥാനം കിട്ടാത്ത നേതാക്കളും കിട്ടിയവരും എല്ലാം ഒന്നിച്ച് മുന്നേറുകയാണ് ഈ പ്രസ്ഥാനത്തിലൂടെ. കെ വി തോമസിന്റെ നിലപാട് മാറ്റം ഏറെ ദൗർഭാഗ്യകരമാണ്. പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനം യാതൊരു രീതിയിലും യു ഡി എഫിനെ ബാധിക്കുന്നതല്ലെന്ന് ഉമാ തോമസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications