
തൃക്കാക്കര ഫലം: പട നയിച്ച പിണറായി ക്ലീന്‍ ബൗള്‍ഡ്, മന്ത്രിമാര്‍ ഒന്നടങ്കം വീട് കയറിയിട്ടും തോറ്റമ്പി എല്‍ഡിഎഫ്
കൊച്ചി: സി പി ഐ എമ്മിനും വിശിഷ്യാ മുഖ്യമന്ത്രി പിണറായി വിജയനും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഏല്‍പ്പിക്കുന്നത് കനത്ത പ്രഹരം. മുഖ്യമന്ത്രിയായ ശേഷം അടുത്ത കാലത്തൊന്നും ഒരു ഉപതെരഞ്ഞെടുപ്പില്‍ പിണറായി വിജയന് ഒരു മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. യു ഡി എഫിന്റെ കുത്തക സീറ്റായിട്ടും ഇത് അഭിമാന പോരാട്ടമെന്ന നിലയിലാണ് പിണറായി വിജയന് ഉപതിരഞ്ഞെടുപ്പിനെ കണ്ടത്. മേയ് 12 ന് എല്‍ ഡി എഫ് കണ്വെന്ഷന് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.
അന്ന് മുതല്‍ ഏറെ കുറെ എല്ലാ ദിവസങ്ങളിലും പിണറായി വിജയന് മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ലോക്കല്‍ കമ്മിറ്റി കണ്‍വെന്‍ഷനുകളിലടക്കം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കെടുക്കുന്ന സാഹചര്യവുമുണ്ടായി. കെ വി തോമസിനെ മുന്നില്‍ നിര്‍ത്തി വോട്ട് പിടിക്കാമെന്ന ഇടത് തന്ത്രവും ചീട്ട് കൊട്ടാരം പോലെ പൊളിയുന്ന കാഴ്ചയാണ് വോട്ടെണ്ണലില്‍ ഉടനീളം കണ്ടത്. 2021 ലേതിനേക്കാള്‍ നേരിയ മികച്ച പ്രകടനം മാത്രമാണ് ജോ ജോസഫിലൂടെ എല്‍ ഡി എഫ് നടത്തിയത്. 99 എം എല്‍ എമാരുള്ള എല്‍ ഡി എഫ് ഭരണത്തെ ഒരു തരത്തിലും ബാധിക്കുന്നതല്ല തെരഞ്ഞെടുപ്പ് ഫലം.
തൃക്കാക്കര ഫലം: അമ്പേ പാളി എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍, പിടി തോമസിന്റെ ഭൂരിപക്ഷം മറികടന്ന് ഉമ തോമസ്

എങ്കിലും പൊരുതാന്‍ പോലുമാകാതെയാണ് ജോ ജോസഫ് കീഴടങ്ങുന്നത് എന്നതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. തൃക്കാക്കര യു ഡി എഫിന് അനായാസേന ജയിച്ച് കയറാവുന്ന മണ്ഡലമാണെന്ന് അറിഞ്ഞിട്ടും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേല്‍ക്കുന്ന തിരിച്ചടി മുന്നില്‍ കണ്ടാണ് സി പി ഐ എം എണ്ണയിട്ട യന്ത്രം പോലെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചത്. ബി ജെ പിയ്ക്കെതിരെ യഥാര്‍ത്ഥ ബദല്‍ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചായിരുന്നു എല്‍ ഡി എഫിന്റെ പ്രചരണം. മുഖ്യമന്ത്രി പോലും പതിവിന് വിപരീതമായി കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചായിരുന്നു പ്രസംഗിച്ചത് എന്നതും ശ്രദ്ധേയമായിരുന്നു.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് 2024 ല്‍ മറുപടി നല്‍കുക എന്നതായിരുന്നു എല്‍ ഡി എഫിന്റെ ലക്ഷ്യം. അതിനായാണ് ഒമ്പത് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലെത്തിയ, നഗരസഭകളില്‍ കാര്യമായി യു ഡി എഫിന് വോട്ട് നേടികൊടുക്കുന്ന കെ വി തോമസിനെ ഒപ്പം നിര്‍ത്താന്‍ പിണറായി തന്ത്രമിട്ടതും. എല്ലാക്കാലവും യു ഡി എഫിനെ സഹായിച്ചിരുന്ന സഭ വോട്ടുകളെ ലക്ഷ്യമാക്കിയായിരുന്നു സി പി ഐ എമ്മിന്റെ നീക്കം. പതിവിലും കൂടുതല്‍ ആത്മവിശ്വാസത്തിലാണ് സി പി ഐ എം യു ഡി എഫിന്റെ കോട്ടയില്‍ പ്രചരണം നയിച്ചത് എന്നതിന്റെ പ്രധാന കാരണം ഇതാണ്.

എന്നാല്‍ ആ തന്ത്രത്തിന് മര്മത്തില് തന്നെ ഏറ്റ പ്രഹരമാണ് ഉമ തോമസിന് തൃക്കാക്കരക്കാര്‍ നല്കിയ ഭൂരിപക്ഷം കൊണ്ട് വ്യക്തമാക്കുന്നത്. തൃക്കാക്കരയില്‍ ജയിക്കാനായാല്‍ എറണാകുളം, ഇടുക്കി, ചാലക്കുടി, തൃശൂര്‍, കോട്ടയം തുടങ്ങിയ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ പിടിച്ചടക്കാം എന്ന മോഹമാണ് എല്‍ ഡി എഫിനുണ്ടായിരുന്നത്. 2021 ല്‍ 99 സീറ്റ് നേടി തിളക്കമാര്‍ന്ന ജയം സ്വന്തമാക്കി തുടര്‍ ഭരണത്തിലേറിയ എല്‍ ഡി എഫ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകലുന്നു എന്ന പ്രതിപക്ഷ വിമര്‍ശനത്തിന് ആക്കം കൂട്ടുന്നതുമാണ് ഉമ തോമസിന്റെ വിജയം.

കെ റെയില്‍ പ്രതിഷേധങ്ങളെ മുഖവിലയ്ക്കെടുക്കാതിരുന്നാല്‍ കടുത്ത തിരിച്ചടി കാത്തിരിക്കുന്നു എന്ന മുന്നറിയിപ്പും ഈ ഉപതിരഞ്ഞെടുപ്പ് ഫലം പിണറായി വിജയനും സി പി ഐ എമ്മിനും എല്‍ ഡി എഫിനും നല്‍കുന്നുണ്ട്. കാരണം കെ റെയില്‍ ഏറ്റവും കൂടുതല്‍ ഗുണപരമാകുന്നത് തൃക്കാക്കരക്കാര്‍ക്കാണ് എന്നായിരുന്നു പിണറായി വിജയനും എല്‍ ഡി എഫ് നേതാക്കളും പറഞ്ഞിരുന്നത്.
വിവാഹിതായാകാന് പോകുന്നെന്ന് ഷംന, വരന്റെ ചിത്രങ്ങളിതാ... ആശംസകളുമായി സിനിമാലോകം
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശദമായി