'കണക്കുകളൊന്നും ശരിയാവുന്നില്ലല്ലോ മാരാരെ'; നന്ദി പോസ്റ്റിൽ അഖിൽ മാരാരെ എയറിലാക്കി സോഷ്യൽ മീഡിയ, കമൻ്റുകൾ
നിയമസഭ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന ഫലം ഒരുപക്ഷെ തൃക്കാക്കരയിലേതാകും. കാരണം തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തത് മുതൽ അഖിൽ മാരാർ നടത്തുന്ന അവകാശവാദങ്ങൾ തന്നെയായിരുന്നു അതിന് കാരണം. എൻഡിഎയുടേയോ ട്വൻ്റി 20 യുടേയോ കണക്കുകൂട്ടലുകളിൽ പോലും വിജയ സാധ്യത ഉള്ള മണ്ഡലങ്ങളുടെ പട്ടികയിൽ തൃക്കാക്കര ഉണ്ടായിരുന്നില്ല. എന്നാൽ കൂറ്റൻ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്ന അവകാശവാദങ്ങളായിരുന്നു തുടക്കം മുതൽ അഖിൽ ഇവിടെ ഉയർത്തിയത്.
തനിക്ക് മണ്ഡലത്തിൽ ലഭിക്കുന്ന സ്വീകാര്യത കണ്ട് പ്രചരണത്തിന് ഒപ്പമുണ്ടായിരുന്ന ആർഎസ്എസ് നേതാക്കൾ അടക്കം ഞെട്ടിയെന്നും ഈ കാണുന്ന സ്വീകാര്യത വോട്ടായാൽ 10,000 വോട്ടുകൾക്ക് മുകളിൽ അഖിലിൻ്റെ ഭൂരിപക്ഷം പോകുമെന്ന് അവർ പറഞ്ഞുവെന്നടക്കം അഖിൽ പറഞ്ഞിരുന്നു. ബിജെപി വോട്ടുകൾ മാത്രം 25000 ത്തിന് മുകളിൽ തനിക്ക് ലഭിക്കുമെന്നും അഖിൽ അവകാശപ്പെട്ടു. എന്നാൽ ഫലം വന്നോപ്പൾ കനത്ത പരാജയമാണ് അഖിൽ മണ്ഡലത്തിൽ നേരിട്ടത്. വെറും 21,444 വോട്ടുകൾ മാത്രമാണ് അഖിൽ നേടിയത്.

ഇപ്പോഴിതാ ഇത്രയും വോട്ടുകൾക്ക് ഫേസ്ബുക്കിലൂടെ അഖിൽ നന്ദി അറിയിച്ചിട്ടുണ്ട്. 'പിണറായി വിജയനെ തൂത്തെറിയാൻ ജനങ്ങൾ ഒന്നടങ്കം തീരുമാനിച്ച ഈ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ NDA യെ വിശ്വസിച്ച 21444 പേർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അതി ഗംഭീരമായ വിജയം നേടി അധികാരത്തിൽ എത്തിയ UDF നും ഉമ തോമസിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. യുഡിഫ് സുനാമി ആഞ്ഞടിച്ചപ്പോഴും കേരളത്തിൽ 3 താമര വിരിയിച്ച രാജീവേട്ടനും, ഗോപേട്ടനും, മുരളിയേട്ടനും അഭിനന്ദനങ്ങൾ...ഒരു കൗൺസിലർ പോലും ഇല്ലാത്ത ഒരു നിയോജക മണ്ഡലത്തിൽ എനിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച NDA യിലെ എല്ലാ പ്രവർത്തകർക്കും ഒരായിരം നന്ദി..' എന്നാണ് കുറിപ്പ്. ഇതിന് താഴെ അഖിലിനെ പരിഹസിച്ചുകൊണ്ടുള്ള കമൻ്റുകൾ നിറയുകയാണ്. ബിഗ് ബോസല്ല തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്ന് മനസിലായില്ലേയെന്നാണ് പലരും പോസ്റ്റിന് താഴെ കമൻ്റ് ചെയ്യുന്നത്. ഇത്രയും നിരത്തിയ കണക്കുകളൊക്കെ എവിടെയെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്.
ചില കമൻ്റുകൾ ഇങ്ങനെ
"റിപ്പോർട്ടർ ചാനലിലെ അരുൺ കുമാർ ഞാൻ മുന്നിലാണെന്ന് വാർത്ത വായിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു."- അഖിൽ മാരാർ
"അഖിൽ മാരാർ ഒന്നാം സ്ഥാനത്താണ്, പുറകീന്ന് നോക്കുമ്പോൾ" - അരുൺ കുമാർ
എജ്ജാതി !!
ഇലക്ഷനിൽ ജയിക്കാനും തോക്കാനും ആർക്കും പറ്റും, പക്ഷേ കോമാളിയാകാൻ ഒരു പ്രത്യേക റേഞ്ച് വേണം!
'മാരാരെ ബാക്കി 34000 എവിടെ പോയി. കണക്ക് കൂട്ടിയപ്പോൾ 55000 ഉറപ്പാരുന്നെല്ലോ', ഇങ്ങനെ പോകുന്നു കമൻ്റുകൾ.












Click it and Unblock the Notifications