തൃക്കാക്കര നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമാകും; 5 സ്വതന്ത്രര്‍ കളംമാറും, സമവായ ശ്രമം ഊര്‍ജിതം
കൊച്ചി: തൃക്കാക്കര നഗരസഭയുടെ ഭരണം യുഡിഎഫിന് നഷ്ടമായേക്കും. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് പോരാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. രാജിവയ്ക്കാന്‍ മുന്‍ ധാരണ പ്രകാരം ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പന്‍ തയ്യാറാകുന്നില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അഞ്ച് കോണ്‍ഗ്രസ് സ്വതന്ത്രര്‍ക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിക്കും.
സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുണ്ടാക്കിയ ധാരണ രണ്ടര വര്‍ഷത്തിന് ശേഷം അധ്യക്ഷ പദവി കൈമാറണം എന്നായിരുന്നു. ധാരണ ലംഘിക്കപ്പെട്ടതോടെയാണ് അവിശ്വാസ പ്രമേയത്തിന് നീക്കം. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അവിശ്വാസം കൊണ്ടുവരും. സ്വതന്ത്രര്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും.

എറണാകുളം നഗരത്തിലെ മുന്‍സിപ്പാലിറ്റിയുടെ ഭരണം നഷ്ടമാകുന്നത് യുഡിഎഫിന് കനത്ത തിരിച്ചടിയാകും. ഇതൊഴിവാക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ രാജിവയ്ക്കാത്തതാണ് പ്രതിസന്ധി എന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. യുഡിഎഫിന്റെ ഭാഗമായി മല്‍സരിച്ച് ജയിച്ച അഞ്ച് സ്വതന്ത്രര്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
43 അംഗങ്ങളാണ് തൃക്കാക്കര നഗരസഭയിലുള്ളത്. ഇതില്‍ 21 പേര്‍ യുഡിഎഫ് അംഗങ്ങളാണ്. 17 പേര്‍ എല്‍ഡിഎഫ് അംഗങ്ങളും. അഞ്ച് പേര്‍ യുഡിഎഫ് സ്വതന്ത്രരാണ്. അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരിക്കുന്നത്. ഒരു സ്വതന്ത്രന്റെ പിന്തുണ മതി യുഡിഎഫിന് ഭരണം നടത്താന്‍. എന്നാല്‍ എല്‍ഡിഎഫിന് അഞ്ച് പേരുടെ പിന്തുണ വേണം. അഞ്ചു പേരും എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
അഞ്ച് സ്വതന്ത്രരെ മുന്നില്‍ നിര്‍ത്തിയാകും ഇടതുപക്ഷം ഭരിക്കുക. സ്വതന്ത്രയായ ഓമന സാബുവിനെ അധ്യക്ഷയാക്കാനാണ് നീക്കം. യുഡിഎഫ് നേതൃത്വവുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ അവര്‍ അംഗീകരിച്ചില്ലെന്ന് സ്വതന്ത്രര്‍ പറയുന്നു. അജിത തങ്കപ്പന്‍ രാജിവയ്ക്കണമെന്ന് ഡിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.
ഐ ഗ്രൂപ്പ് നോമിനിയാണ് അജിത തങ്കപ്പന്‍. ഇവര്‍ക്കാണ് ആദ്യം നറുക്കു വീണത്. രണ്ടര വര്‍ഷമായപ്പോള്‍ പദവി കൈമാറണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ ഭരണത്തിന് എ ഗ്രൂപ്പ് പ്രതിനിധികള്‍ പാരവച്ചിരുന്നുവെന്നാണ് അജിത തങ്കപ്പന്റെ നിലപാട്. അത്തരക്കാര്‍ക്ക് വേണ്ടി പദവി കൈമാറില്ലെന്നും അവര്‍ സൂചിപ്പിക്കുന്നു. തിങ്കളാഴ്ചയ്ക്കകം രാജിവയ്ക്കണമെന്ന് അജിതയോട് ഡിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വതന്ത്ര അംഗങ്ങള്‍ക്ക് ചെയര്‍ പേഴ്‌സണ്‍, വൈസ് ചെയര്‍ പേഴ്‌സണ്‍, സ്റ്റാന്റിങ് കമ്മിറ്റി പദവികള്‍ നല്‍കും. ഇടതുപക്ഷം പുറത്ത് നിന്ന് പിന്തുണയ്ക്കും. ഭരണം അനിശ്ചിതമായി തുടരാന്‍ അനുവദിക്കില്ലെന്ന് ഇടതുപക്ഷ നേതാക്കള്‍ വ്യക്തമാക്കി. തക്ക സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അതേസമയം, രമ്യമായ പരിഹാരത്തിന് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications