കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് വീണ്ടും കെവി തോമസ്; മുഖ്യമന്ത്രിക്കൊപ്പം ഇടത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
കൊച്ചി: തൃക്കാക്കരയില്‍ എല്‍ ഡി എഫ് പ്രചരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ്. വാര്‍ത്തസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നാളെ എല്‍ ഡി എഫ് കണ്‍വെന്‍ഷനില്‍ താനും പങ്കെടുക്കുമെന്നും കെ വി തോമസ് പറഞ്ഞു. 2018 മുതല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസുകാരനായി താന്‍ തുടരുമെന്നും കെ വി തോമസ് വ്യക്തമാക്കി. പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെയെന്നും കെ വി തോമസ് പറഞ്ഞു. താന്‍ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറ്റം പറയുന്നവര്‍ മുന്‍പ് കരുണാകരന്‍ ഇടതുമുന്നണിക്ക് ഒപ്പം പോയതും ഭരണത്തില്‍ പങ്കാളികളായ ചരിത്രവും ഓര്‍മ്മിക്കണമെന്നും കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു. തന്നെ നിരന്തരം വേട്ടയാടുകയാണെന്നും 2018 മുതലുള്ള സംഭവങ്ങളുടെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ എല്‍ ഡി എഫിനെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയം മാത്രമായി കാണേണ്ടതില്ലെന്നും വികസനമാണ് ചര്‍ച്ചാ വിഷയമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അക്കാര്യത്തില്‍ ഒരുമിച്ചുനില്‍ക്കുന്നതിന് പകരം എല്ലാത്തിനേയും എതിര്‍ക്കുന്നത് നല്ലതല്ല. കണ്ണൂരില്‍ സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനാണെങ്കില്‍ പുറത്താക്കട്ടെയെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. കണ്ണൂരില്‍ പോയാല്‍ പുറത്താക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. എന്നിട്ടിപ്പോള്‍ എന്തായെന്നും കെ വി തോമസ് ചോദിച്ചു.
ക്യൂട്ട്‌നെസ് ഓവര്‍ലോഡഡ്; അന്‍സിബയുടെ വൈറല്‍ ചിത്രങ്ങള്‍
തന്നെക്കാളും കൂടുതല്‍ തവണ മത്സരിച്ചവരും പ്രായമായവരും പാര്‍ട്ടിയില്‍ പദവികള്‍ വഹിക്കുന്നുണ്ടെന്നും ജോ ജോസഫ് ജയിക്കണം എന്ന ആഗ്രഹത്തോടെയാണ് പ്രചാരണത്തിന് ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ ജയവും തോല്‍വിയും തന്റെ നിലപാടിനെ ബാധിക്കില്ല. പെയ്ഡ് ടീമാണ് സമൂഹമാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചരണം നടത്തുന്നതെന്നും ഈ രീതിയില്‍ ആണ് കോണ്‍ഗ്രസ് പോകുന്നത് എങ്കില്‍ ദേശീയ തലത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും കെ വി തോമസ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications