'ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് പിടിയുടെ അനുഗ്രഹം'; ഉമാ തോമസ് ആശുപത്രി വിട്ടു
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ താല്‍ക്കാലിക സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എ. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാര്‍ജായത്. കഴിഞ്ഞ ഡിസംബര്‍ 29-ന് വൈകിട്ടാണ് അപകടമുണ്ടായതും കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന് ഉമാ തോമസ് എംഎല്‍എ ആശുപത്രിയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകള്‍ കൂടി വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അതോടൊപ്പം കുറച്ച് ദിവസങ്ങള്‍ കൂടി സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടാകും. നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശുപത്രി വിടുന്ന കാര്യം ബുധനാഴ്ച ഉമ തോമസ് എംഎല്‍എം തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഉമാ തോമസിന് വലിയ യാത്രയയപ്പാണ് ആശുപത്രി ജീവനക്കാര്‍ നല്‍കിയത്. തന്നെ ശശ്രൂഷിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കും നന്ദി അറിയിക്കുന്നതായി ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
'അപകടത്തെ കുറിച്ച് എനിക്ക് ഒന്നും ഓര്‍മയില്ല. ആശുപത്രിയിലാണെന്ന് മനസിലായില്ല. കാക്കി ഇട്ടവരെ കണ്ടപ്പോള്‍ പൊലീസ് സ്റ്റേഷനാണെന്നാണ് കരുതിയത്. ഡോക്ടര്‍മാരും നഴ്‌സുമാരും കരുതലോടെ നോക്കി. അതിജീവനത്തിന്റെ എല്ലാ ക്രെഡിറ്റും ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും നല്‍കുന്നു. പിടിയുടെ അനുഗ്രഹമാണ് ജീവിതത്തിലേക്ക് തിരികെയെത്തിച്ചതെന്നും പാര്‍ട്ടി ചേര്‍ത്തുപിടിച്ചെന്നും ഉമാ തോമസ് പറഞ്ഞു.
ഡിസ്ചാര്‍ജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎല്‍എ പോയത്. സ്വന്തം വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം അങ്ങോട്ടു മാറും. ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയില്‍ ഉമ തോമസ് എംഎല്‍എ പങ്കെടുത്തിരുന്നു.
ഗിന്നസ് റെക്കോഡിനായി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ പതിനായിരത്തിലേറെ നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച പരിപാടിയാണ് ഉമ തോമസിനുണ്ടായ അപകടത്തില്‍ കലാശിച്ചത്. അശാസ്ത്രീയമായി നിര്‍മിച്ച സ്റ്റേജില്‍ നിന്നും പതിനഞ്ച് അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് മുഖമടിച്ച് വീണാണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു സ്ഥിതി ഗുരുതരമാക്കിയത്.
ആദ്യം വെന്റിലേറ്ററിലേക്ക് മാറ്റിയ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെത്തുടര്‍ന്ന് പിന്നീട് ഐ.സി.യുവിലേക്കും തുടര്‍ന്ന് മുറിയിലേക്കും മാറ്റുകയായിരുന്നു. സംഭവത്തില്‍ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ സി.ഇ.ഒ ഷമീര്‍ അബ്ദുള്‍ റഹീമിനെ അറസ്റ്റുചെയ്തിരുന്നു.












Click it and Unblock the Notifications