ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്...
സാക്ഷാൽ കെ. കരുണാകരന്റെ മകൾ പത്മജയുടെയും സിപിഐ സിറ്റിങ് എംഎൽഎ സി.സി. മുകുന്ദന്റെയും കൊടിമാറ്റം, എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണന്റെയും ടി.എൻ. പ്രതാപന്റെയും പ്രഫ. സി. രവീന്ദ്രനാഥിന്റെയുമൊക്കെ എഴുന്നള്ളത്ത്, ഗുരുവായൂരിൽ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വർഗീയ വെടിക്കെട്ടുകൾ തുടങ്ങി ഇലക്ഷൻ പൂരത്തിലും തൃശൂർ ജില്ലയിൽ ചടങ്ങുകൾക്ക് കുറവൊന്നുമില്ല. തൃശൂരിലെ 13 മണ്ഡലങ്ങളിലും ഇത്തവണയും പോരാട്ടം കനക്കും. 2016ലും 2021ലും 13ൽ 12 മണ്ഡലങ്ങളും എൽഡിഎഫ് ആണ് നേടിയത്. 2016ൽ വടക്കാഞ്ചേരിയിൽ അനിൽ അക്കരയും 2021ൽ ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫും കോൺഗ്രസ് സ്ഥാനാർഥികളായി വിജയിച്ചത് മാത്രമാണ് ഇതിന് അപവാദം.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും ഞെട്ടിച്ചാണ് സുരേഷ് ഗോപി തൃശൂരിൽ ജയിച്ചത്. സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി ആയെങ്കിലും കാര്യമായ ഭരണനേട്ടങ്ങളൊന്നും എണ്ണിപ്പറയാനില്ല. എന്നിട്ടും കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്കുണ്ടായി. തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ ഗുരുവായൂരിൽ മാത്രമാണ് സുരേഷ് ഗോപി പിന്നിൽ പോയത്. ഇത് നിയമസഭയിൽ ആവർത്തിക്കുമെന്ന എൻഡിഎയുടെ കണക്കുകൂട്ടൽ തെറ്റിക്കുന്നതായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. തദ്ദേശത്തിൽ ഇരുമുന്നണികളും വൻ മുന്നേറ്റമാണ് ഉണ്ടാക്കിയത്. കോർപറേഷൻ തിരിച്ചുപിടിച്ചതടക്കം തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മേൽക്കൈ യുഡിഎഫ് ക്യാമ്പിൽ ഊർജം പകർന്നിട്ടുണ്ട്. എങ്കിലും തദ്ദേശത്തിലും 11 മണ്ഡലങ്ങളിൽ എൽഡിഎഫ് തന്നെയാണ് മുന്നിലെത്തിയത്.

ഏഴിൽ ആറ് സിറ്റിങ് എംഎൽഎമാരെയും സിപിഎം ഗോദയിലിറക്കിയിട്ടുണ്ട്. അഞ്ചിടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. ഒല്ലൂരിൽ റവന്യു മന്ത്രി കെ. രാജനും നാട്ടികയിൽ മുൻ എംഎൽഎ ഗീത ഗോപിയും സ്ഥാനാർഥികളാണ്. ഗീതയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട സി.സി. മുകുന്ദൻ എൻഡിഎ സ്ഥാനാർഥി ആയി ഇറങ്ങിയതോടെ നാട്ടിക ജില്ലയിലെ ഹോട്ട്സ്പോട്ടുകളിലൊന്നായി. സുനിൽ ലാലൂർ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. ലോക്സഭ തെരഞ്ഞെടുപ്പിൽ 41.8 ശതമാനം വോട്ട് നേടി ബിജെപി ഒന്നാമതെത്തിയ മണ്ഡലമാണിത്. ഒമ്പത് പഞ്ചായത്തുകളിൽ നാല് വീതം എൽഡിഎഫും യുഡിഎഫും ഭരിക്കുമ്പോൾ പാറളം പഞ്ചായത്ത് ബിജെപിയുടെ കൈകളിലാണ്.
ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന തൃശൂർ സംസ്ഥാനത്തെ തന്നെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ ഇറങ്ങിയ പത്മജ വേണുഗോപാൽ ഇത്തവണ എൻഡിഎ പാളയത്തിലാണ്. സിപിഐ സിറ്റിങ് എംഎൽഎ പി. ബാലചന്ദ്രനെ മാറ്റി എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണനെ കളത്തിലിറക്കി. മുൻ മേയർ രാജൻ ജെ. പല്ലനാണ് യുഡിഎഫ് സ്ഥാനാർഥി. മുരളീധരനെയും പത്മജയെയും മാറിമാറി തോൽപ്പിച്ച് ലീഡർ കരുണാകരന്റെ മക്കളെ തുണക്കാത്ത മണ്ഡലമെന്ന അപകീർത്തിയുള്ള തൃശൂർ അത് നിലനിർത്തുമെന്നാണ് ഇടതു-വലതു മുന്നണികളുടെ പ്രതീക്ഷ. 946 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ൽ ഇവിടെ എൽഡിഎഫ് ജയിച്ചത്. കോർപറേഷനിലെ 33 ഡിവിഷനിലും വിജയച്ചതിന്റെ തുടർച്ചയാണ് ഇവിടെ യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ക്രിസ്ത്യൻ വോട്ടുകൾ തുണക്കുമെന്ന വിശ്വാസവും അവർക്കുണ്ട്.
മണലൂർ ആണ് ജില്ലയിലെ മറ്റൊരു ഹോട്ട്സ്പോട്ട്. 2021ൽ സിപിഎമ്മിലെ മുരളി പെരുനെല്ലി 29,876 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണിത്. ടി.എൻ. പ്രതാപൻ നോട്ടമിട്ട് നേരത്തേ തന്നെ പ്രവർത്തനങ്ങൾ തുടങ്ങിയ മണലൂരിൽ യുഡിഎഫ് മാറ്റിച്ചിന്തിച്ചതുമില്ല. അതോടെ സിറ്റിങ് എംഎൽഎയെ മാറ്റിയ എൽഡിഎഫ് മുൻ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനെ കളത്തിലിറക്കി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാറാണ് എൻഡിഎ സ്ഥാനാർഥി. ഒമ്പത് പഞ്ചായത്തുകളിൽ ആറെണ്ണം എൽഡിഎഫും മൂന്നെണ്ണം യുഡിഎഫുമാണ് ഭരിക്കുന്നത്.
മുസ്‍ലിം ലീഗ് സംസ്ഥാന നേതാവ് സി.എച്ച്. റഷീദാണ് മറ്റൊരു പ്രധാന മണ്ഡലമായ ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർഥി. സിപിഎം സിറ്റിങ് എംഎൽഎ എൻ.കെ. അക്ബറും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനുമാണ് എതിരാളികൾ. കെ. രാജൻ മത്സരിക്കുന്നതിനാൽ മന്ത്രി മണ്ഡലമെന്ന പരിവേഷമുള്ള ഒല്ലൂരിൽ ദേശീയപാത ടോൾ സമരങ്ങളുടെ മുഖമായ ഷാജി കോടങ്കണ്ടത്താണ് യുഡിഎഫ് സ്ഥാനാർഥി.
-
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
കേന്ദ്രഫണ്ട് കേരളം കൊള്ളയടിച്ചുവെന്ന് മോദി; കേന്ദ്ര പുരസ്കാരങ്ങള് നിരത്തി ഐസകിന്റെ മറുപടി -
പാലായിൽ ഇക്കുറി തീപ്പാറും പോരാട്ടം; തിരിച്ചുപിടിക്കാൻ ജോസ്, നിലനിർത്താൻ കാപ്പൻ, അത്ഭുതം കാട്ടാൻ ഷോണും! -
'ബിജെപി ഉളളതുകൊണ്ടാണ് ക്രിസ്ത്യാനികൾ ഇവിടെ ജീവിക്കുന്നത്, പിതാക്കൻമാർ ഊളത്തരം പറയുന്നു';പിസി ജോർജ് -
'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
വട്ടിയൂർക്കാവിൽ കൂലിക്ക് ആളെ കൊണ്ടുവന്നിട്ടല്ല ഞാൻ രണ്ട് തവണ ജയിച്ചത്'; കെ മുരളീധരൻ -
35 സീറ്റ് കിട്ടിയാല് കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്ഗ്രസും മറ്റുള്ളവരും വരും -
ഡീൽ പ്രചാരണം രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മുൻകൂർ ജാമ്യം; മറുപടിയുമായി തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
വോട്ട് ചെയ്യാൻ ഫ്രീയായി ടാക്സിയിൽ പോകാം; വോട്ടർമാരെ ഞെട്ടിച്ച് പ്രഖ്യാപനം!












Click it and Unblock the Notifications