പോട്ട ബാങ്ക് മോഷണം; പ്രതി പിടിയില്‍, മലയാളി തന്നെ, കടം വീട്ടാനെന്ന് മൊഴി
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളയടിച്ച ആൾ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആന്റണിയെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഇയാളിൽ നിന്ന് പോലീസ് 10 ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് ബാങ്കിൽ നിന്ന് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യ മൊഴി. ബാങ്ക് മോഷണം നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പോലീസ് പിടികൂടുന്നത്.
ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. മൂന്ന് ദിവസം മുൻപ് ഉച്ചതിരിഞ്ഞ് രണ്ടേ കാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് എത്തിയതായി പോലീസിന് സി സി ടി വി യിൽ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിലാണ് പോലീസ് പരിശോധന നടത്തിയത്.

ഹെൽമെറ്റും ജാക്കറ്റും ധരിച്ചാണ് മോഷ്ടാവ് ബാങ്കിലേക്ക് എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ച ശേഷം ക്യാഷ് കൗണ്ടർ അടിച്ച് തകർത്തതിന് പിന്നാലെയാണ് പണം കവർന്നത്. 45 ലക്ഷം രൂപയുടെ നോട്ട് കെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നുവെങ്കിലും 15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് മോഷ്ടാവ് എടുത്ത് കൊണ്ട് പോയത്. ബാങ്കിനെക്കുറിച്ച് കൃത്യമായ അറിയാവുന്ന ആൾ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന സൂചന ഇതോടെ പോലീസിന് ലഭിച്ചു.












Click it and Unblock the Notifications