പ്രധാനമന്ത്രിയുടെ വീട്ടിൽ നിന്ന് നിര്‍ദേശം ലഭിച്ചു, ലഡാക്ക് യാത്ര റദ്ദാക്കി തൃശൂരിലേക്കെന്ന് സുരേഷ് ഗോപി
തൃശൂർ മുണ്ടത്തിക്കോട് വെടിപ്പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. വെടിപ്പുരകളിൽ നാൽപ്പതോളം പേർ അപകട സമയത്ത് ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഞ്ചോളം പേർക്ക് 70 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റിട്ടുണ്ട്.
മന്ത്രിമാരടക്കമുളള ജനപ്രതിനിധികളടക്കം തൃശൂരിലേക്ക് എത്തിയിട്ടുണ്ട്. അപകടത്തിൽ മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രി നരേന്ദ്ര മോദി നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ നഷ്ടപരിഹാരമായി ലഭിക്കും.
ദുരന്തത്തിൽ അനുശോചനം അറിയിച്ച പ്രധാനമന്ത്രി പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം ഡൽഹിയിൽ നിന്ന് തൃശൂരിലേക്ക് തിരിക്കുകയാണെന്ന് എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി വ്യക്തമാക്കി.

ഡല്‍ഹിയില്‍ ആയത് കൊണ്ട് പത്രപ്രവര്‍ത്തകര്‍ നേരിട്ട് വിളിച്ച് തരുന്ന വിവരങ്ങളാണ് അപകടത്തെ കുറിച്ച് തനിക്ക് ഉളളതെന്ന് സുരേഷ് ഗോപി പറഞ്ഞു. '' വൈകിട്ട് ഇവിടെ എത്തിയേ ഉളളൂ. ലഡാകിലേക്ക് ഉളള യാത്ര റദ്ദാക്കി തൃശൂരിലേക്ക് പോകാനാണ് പ്രധാനമന്ത്രിയുടെ വീട്ടിൽ നിന്ന് നിര്‍ദേശം വന്നിരിക്കുന്നത്. അത് പ്രകാരം തിരിച്ച് പോവുകയാണ്. അദ്ദേഹത്തിന് കാര്യങ്ങള്‍ സംബന്ധിച്ച് കുറിപ്പ് കൊടുത്തിട്ടുണ്ട്.
വിവിധ ആശുപത്രികളിലേക്ക് കൊണ്ടുവരുന്ന ആളുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. കമ്മീഷണര്‍ നിഷ്‌കര്‍ഷിക്കുന്ന ദൂരത്തിന് പുറത്ത് നിന്ന് മാത്രമാണ് രക്ഷാപ്രവര്‍ത്തനം. കൂടുതല്‍ അപകടം ഒന്നും വരുത്തി വെക്കാതെ, രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ ജീവന് അപകടം ഒന്നും സംഭവിക്കാതെ കാര്യങ്ങള്‍ പോലീസ് ചെയ്യുന്നുണ്ട് എന്നാണ് കിട്ടിയിട്ടുളള റിപ്പോര്‍ട്ട്''. രാത്രിയാകുമ്പോള്‍ താന്‍ സ്ഥലത്ത് എത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്: '' മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനവാർത്ത അതീവ ദുഃഖത്തോടെയും നടുക്കത്തോടെയുമാണ് അറിഞ്ഞത്. ഉപജീവനത്തിനായി പണിയെടുത്തു കൊണ്ടിരുന്ന സാധാരണക്കാരായ മനുഷ്യർക്ക് മേൽ ഇത്തരമൊരു ദുരന്തം വന്നുപതിച്ചു എന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വിയോഗത്തിൽ എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങളുടെ തീരാനഷ്ടത്തിൽ പങ്കുചേരുന്നു.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവർ എത്രയും വേഗം ആരോഗ്യവാന്മാരായി തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഈ വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി അടിയന്തരമായി സംസാരിക്കുകയും സ്ഫോടനത്തിന്റെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകി. ദുരിതബാധിതരായ കുടുംബങ്ങളെ ചേർത്തുപിടിക്കാൻ നമുക്കെല്ലാവർക്കും ഒന്നിച്ച് നിൽക്കാം'' .












Click it and Unblock the Notifications