സുരേഷ് ഗോപിയുടെ വീട്ടിൽ ആഘോഷം; ബോളിയും പായസും നൽകി സന്തോഷം പങ്കിട്ട് താരം, പ്രതികരണം പിന്നീടെന്ന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിൽ മാധ്യമങ്ങൾക്ക് മുൻപിൽ പ്രതികരിക്കാൻ തയ്യാറാകാതെ നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. തിരുവനന്തപുരത്തെ വീട്ടിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ അദ്ദേഹം ചിരിക്കുക മാത്രമാണ് ചെയ്തത്. പ്രതികരണം തേടിയപ്പോൾ അത് പിന്നീട് തൃശൂരിൽ എത്തിയ ശേഷം ആകാമെന്ന് അദ്ദേഹം പറഞ്ഞു.
വീട്ടിലെത്തിയ മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് അദ്ദേഹം ബോളിയും പായസും വിളമ്പി. സുരേഷ് ഗോപിയുടെ ഭാര്യ രാധിക അദ്ദേഹത്തിന് മധുരം നൽകി വിജയം ആഘോഷിച്ചു. സുരേഷ് ഗോപിയെ അഭിനന്ദിക്കാനായി കൊല്ലം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറും ഭാര്യ സിന്ധുവും എത്തിയിരുന്നു. ഇന്ത്യ രാഷ്ട്രീയത്തിലെ ഹീറോയായി മാറിയിരിക്കുകയാണ് സുരേഷ് ഗോപിയെന്ന് കൃഷ്ണകുമാർ പറഞ്ഞു.

'കൊല്ലത്തെ കാര്യമല്ല പറയാനുള്ളത്, കേരളത്തിൽ ഇന്ന് ചരിത്രം തിരുത്തിക്കുറിച്ച ദിവസമാണ്. താമര വിരിയില്ലെന്ന് പലരും പറഞ്ഞു. എന്നാൽ സുരേഷേട്ടൻ താമര വിരിയിരിച്ചിരിക്കുകയാണ്. ബിജെപി പ്രവർത്തകൻ എന്ന നിലയിൽ താൻ വളരെ സന്തോഷത്തിലാണ്. ഇന്ത്യ മുഴുവൻ തൃശൂരിലേക്കാണ് നോക്കുന്നത്. ഇനി കേരളത്തിൽ നിന്നും ബി ജെ പിയെ പ്രതിനിധീകരിച്ച് ഒരാൾ ആദ്യമായി ലോക്സഭയിലേക്ക് പോകുകയാണ്', കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം ഉടൻ സുരേഷ് ഗോപി തൃശൂരിലേക്ക് തിരിക്കുമെന്നാണ് വിവരം. സുരേഷ് ഗോപിക്കായി വലിയ സ്വീകരണം ഒരുക്കാൻ തയ്യാറെടുക്കുകയാണ് ജില്ലാ ബി ജെ പി നേതൃത്വം. സുരേഷ് ഗോപിക്ക് എതിരായ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് ഇപ്പോഴത്തെ വമ്പൻ വിജയമെന്ന് ജില്ലാ നേതൃത്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
തൃശൂരിൽ അട്ടിമറി വിജയമാണ് സുരേഷ് ഗോപിയിലൂടെ ബി ജെ പി സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവിലെ കണക്കുകൾ പുറത്തുവരുമ്പോൾ അരലക്ഷത്തിന് മുകളിലാണ് സുരേഷ് ഗോപിയുടെ ലീഡ്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 2,93,822 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി. പരാജയം രുചിച്ചെങ്കിലും പക്ഷെ മണ്ഡലം കേന്ദ്രീകരിച്ച് ശക്തമായ പ്രവർത്തനമായിരുന്നു സുരേഷ് ഗോപി കാഴ്ചവെച്ചത്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വ്യക്തമായ ലീഡ് നേടി മുന്നേറാൻ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. അതേസമയം വലിയ അവകാശവാദങ്ങളുമായി എത്തിയ കെ മുരളീധരന് വോട്ടെടുപ്പിന്റെ ഒരു ഘട്ടത്തിൽ പോലും ലീഡ് ചെയ്യാൻ സാധിച്ചില്ല. നിലവിൽ മൂന്നാം സ്ഥാനത്താണ് മുരളീധരൻ.












Click it and Unblock the Notifications