ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല, പൊതുരംഗത്ത് നിന്ന് മാറി നിൽക്കുന്നു'; കലിച്ച് കെ മുരളീധരൻ
തൃശൂർ: തൃശൂരിലെ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കടുത്ത തീരുമാനവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. പൊതുരംഗത്ത് നിന്ന് തൽക്കാലം മാറി നിൽക്കുകയാണെന്നും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും മുരളീധരൻ പറഞ്ഞു. തനിക്ക് വേണ്ടി കോൺഗ്രസ് നേതാക്കൾ പ്രചരണത്തിന് എത്തിയില്ലെന്നും ദേശീയ നേതാക്കളടക്കം വിട്ടുനിന്നുവെന്നും മുരളീധരൻ ആരോപിച്ചു.
' തൃശൂരിൽ അപ്രതീക്ഷിതമായുണ്ടായ പരാജയത്തിന് കാരണം ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണ്. ഇതാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവൻ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാൻ കഴിഞ്ഞു. ചില നിയോജക മണ്ഡലങ്ങളിൽ മുസ്ലീം വോട്ടുകളിൽ എൽഡിഎഫിനൊപ്പം നിന്നു. എന്നാൽ മുസ്ലീം വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് കിട്ടിയില്ല.

മത്സരിക്കാനുള്ള മൂഡ് നഷ്ടപ്പെട്ടു, ഇനി പൊതുരംഗത്ത് നിന്ന് തന്നെ മാറി നിൽക്കാനാണ് തീരുമാനം. സുരേഷ് ഗോപിക്ക് വേണ്ടി മൂന്ന് തവണ നരേന്ദ്ര മോദി വന്നു. സുനിൽ കുമാറിന് വേണ്ടി പിണറായി വിജയൻ വന്നു. എനിക്ക് വേണ്ടി ആകെ വന്നത് ഡികെ ശിവകുമാർ മാത്രമമാണ് വന്നത്. അതും ഉച്ചവെയിലത്ത്. രാഹുൽ ഗാന്ധി വരാതിരുന്നത് ഫുഡ് പോയിസൺ കാരണമാണ്. പക്ഷേ വേറേയും നേതാക്കൾ ഉണ്ടല്ലോ. ദേശീയ തലത്തിൽ അടക്കമുളള നേതാക്കൾ പ്രചരണരംഗത്ത് നിന്ന് വിട്ടുനിന്നു.
രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നല്ല. പക്ഷേ തത്കാലത്തേക്ക് മത്സര രംഗത്തേക്ക് ഇല്ല. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം എന്നാണല്ലോ. ഞാൻ വടകരയിൽ നിന്ന് മാറിയ ഷാഫി വന്നപ്പോൾ ഭൂരിപക്ഷം കൂടിയത് പോലെ ഇനി ചെറുപ്പക്കാർ വരട്ടെ. തൃശൂരിൽ അടുത്ത തവണ ചെറുപ്പക്കാർ വരട്ടെ. നിയമസഭയിലേക്കും വരട്ടെ. കോൺഗ്രസിന്റെ ഒരു കമ്മിറ്റികളിലേക്കും ഞാൻ ഇല്ല. ആരേയും കുറ്റം പറയാൻ ഇനി ഞാനില്ല. നാല് തവണ എംപിയും രണ്ട് തവണ എംഎൽഎയുമായി. കോൺഗ്രസുമായുള്ള ബന്ധം ഒരിക്കലും ഉപേക്ഷിക്കില്ല. ഞാൻ എന്നും കോൺഗ്രസുകാരൻ തന്നെയായിരിക്കും. ജനിച്ച സ്ഥലമായ തൃശൂരിൽ എനിക്ക് രാശിയില്ല. ദേശീയ നേതൃത്വത്തോട് എനിക്ക് പരാതിയൊന്നും പരാതിയില്ല.
സംഘടന സംവിധാനം കേരളത്തിൽ മൊത്തത്തിൽ തകരാറിലാണ്. അത് മാറ്റിയെടുക്കണം. എനിക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്. ഇവിടെ എൽ ഡി എഫ് ജയിച്ചിട്ടുണ്ടെങ്കിൽ അത്ര വിഷമം തോന്നില്ലായിരുന്നു. നിയമത്ത് കഷ്ടപ്പെട്ട് ഞാൻ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചു. ആ സ്ഥാനത്ത് ഞാൻ ഇവിടെ മത്സരിച്ചിട്ട് പോലും ബി ജെ പി ഇവിടെ അക്കൗണ്ട് തുറന്നുവെന്നത് സങ്കടപ്പെടുത്തുന്ന കാര്യമാണ്.
ബിജെപിക്ക് ഒട്ടും പ്രതീക്ഷ ഇല്ലാത്ത സ്ഥാനാർത്ഥിക്ക് തന്നെ കൃത്യമായി പ്രവർത്തിക്കാത്ത ഒരു മണ്ഡലത്തിൽ ബിജെപിക്ക് എങ്ങനെയാണ് 75,000ത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുന്നത്? മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളും എനിക്ക് വേണ്ടി പ്രചരണത്തിന് വന്നിരുന്നു. അതിന്റെ മെച്ചം ഗുരുവായൂരിൽ കിട്ടി. അവിടെ ഒന്നാം സ്ഥാനം നേടാനായി.












Click it and Unblock the Notifications