'തൊട്ടടുത്ത് തീ പോലെ എന്തോ വന്നടിച്ചു, മനസ്സിലായി ചതിച്ചുവെന്ന്, പിന്നെ എടുത്തോടി', രക്ഷപ്പെട്ട വിൽസൺ
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ പുറത്ത് വന്ന വിവരങ്ങൾ പ്രകാരം മരണസംഖ്യ 13 ആയി. അത്രയും തന്നെ പേർ പരിക്കുകളോടെ ചികിത്സയിലുമുണ്ട്. തൃശൂർ പൂരത്തിലുളള സാമ്പിൾ വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കിക്കൊണ്ടിരുന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലാണ് ദാരുണമായ ദുരന്തം സംഭവിച്ചിരിക്കുന്നത്.
ഭൂകമ്പം പോലെയാണ് പൊട്ടിത്തെറി അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് നിന്ന് പല മൃതദേഹങ്ങളും ചിതറിത്തെറിച്ച നിലയിലാണ് രക്ഷാപ്രവർത്തകർക്കും നാട്ടുകാർക്കും കണ്ടെത്താൻ സാധിച്ചിട്ടുളളത്. അതിനിടെ അപകടത്തിൽ നിന്നും രക്ഷപ്പെട്ട വിൽസൺ എന്ന തൊഴിലാളി പറയുന്നത് അപകടത്തില്‍പ്പെട്ടവരെല്ലാം തന്നെ മലയാളികളാണെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ ആരും തന്നെ ഇല്ലെന്നുമാണ്.

നിയമവിരുദ്ധമായി, ഉപയോഗിക്കാന്‍ പറ്റാത്ത ഒരു കെമിക്കലും പടക്ക നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും വിൽസൺ പറയുന്നു. '' 2.40 ഒക്കെ ആകുമ്പോള്‍ പെട്ടന്നുളള ചൂട് കൊണ്ടായിരിക്കണം ഞാന്‍ നില്‍ക്കുന്ന സ്ഥലത്തെ തിരി കത്തിയിട്ടുണ്ടാവുക. തിരി വെയിലത്ത് ഇട്ട് ഉണക്കുകയായിരുന്നു. പെട്ടെന്ന് ഒരു 5 മീറ്റര്‍ അകലത്ത് തീ പോലെ എന്തോ വന്നടിച്ചു. എന്താണെന്ന് കരുതി താന്‍ നോക്കുമ്പോഴേക്കും തിരിയൊക്കെ കത്തി. അപ്പോള്‍ തനിക്ക് മനസ്സിലായി ചതിച്ചുവെന്ന്. ഞാന്‍ ഓടുമ്പോഴേക്കും ഷെഡ് പൊട്ടിത്തെറിച്ചു.
രണ്ട് വയല്‍ കടക്കുമ്പോഴേക്കും സ്‌റ്റോറും പൊട്ടി. പിന്നെ ഞാന്‍ നിന്നില്ല, എടുത്തോടി. മൂന്ന് ഷെഡും കത്തി. പാടത്തിന്റെ അറ്റത്ത് ഒരു ഷെഡില്‍ മരുന്ന് സ്റ്റോക്ക് ഉണ്ട്. അത് കത്തിയോ ഇല്ലയോ എന്ന് അറിയില്ല. തൃശൂര്‍ പൂരം സാമ്പിളിനുളള എല്ലാ സാധനങ്ങളും ഒരുങ്ങിയിരുന്നു. അതിലേക്കുളള എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി ചെയ്ത് വരികയായിരുന്നു. അതെല്ലാം പോയി''.













Click it and Unblock the Notifications