തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; ആവേശത്തിൽ പൂര പ്രേമികൾ
തൃശൂർ: നാളെ തൃശ്ശൂർ പൂരത്തിന് കൊടിയേറും. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റു 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10 ആണ് തൃശ്ശൂർ പൂരം. സ്വരാജ് റൗണ്ടിൽ ആണ് പാറമേക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂരത്തിന്റെ പ്രധാന ഭാഗമാണ് പാറമേക്കാവ്. ആദ്യം കൊടിയേറുക ഇവിടെയാണ് എന്നതാണ് പ്രധാന സവിശേഷത. രാവിലെ 9 നും 10 . 30 നും ഇടയിൽ ഉളള മുഹൂർത്തത്തിൽ ആണ് പാറമേക്കാവിൽ കൊടിയേറ്റം.
പാണികൊട്ടിനെ തുടർന്ന് പാരമ്പര്യ അവകാശികൾ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിൽ ഉയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശ പന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹ മുദ്ര ഉള്ള കൊടിക്കൂറ നാട്ടും.

അതേസമയം, ഷോർമൂർ റോഡിലാണ് തിരുവമ്പാടി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ 10.30 നും 10.55 നും ഇടയിൽ ആണ് കൊടിയേറ്റ്. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി, ദേശക്കാര്‍ ഉപചാര പൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടി ഉയര്‍ത്തും. പൂരത്തിൽ പങ്കെടുക്കുന്ന ഘടക ക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറും.
പൂരത്തിന്റെ ഭാഗമായി ഉളള കൊടിയേറ്റത്തിന്റെ തയ്യാറെടുപ്പുകൾ എല്ലാം ക്ഷേത്രത്തിൽ പൂർത്തിയയായി വരികയാണ്. ഇത്തവണ തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങൾ ഇല്ല. അതിനാൽ, തന്നെ പൂർവാധികം ഭംഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധാകൃഷ്‌ണൻ വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണം. ഇതിന് പുറമെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, പൂരം ആഘോഷമാക്കാൻ ഇത്തവണ ഏകദേശം 15 ലക്ഷത്തോളം എത്തും എന്നാണ് പ്രതീക്ഷ. മുൻ വർഷങ്ങളിലേത് പോലെ വെടിക്കെട്ട് നടത്താൻ അനുമതിയും ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 9 - നായിരുന്നു തൃശൂർ പൂരത്തിലെ വെടിക്കെട്ടിന് അനുമതി ലഭിച്ചത് പെസോ എന്ന കേന്ദ്ര ഏജൻസിയാണ് അനുമതി നൽകിയിരിക്കുന്നത്. മാലപ്പടക്കം, കുഴിമിന്നൽ, അമിട്ട്, ഗുണ്ട് എന്നിവയ്ക്കാണ് പെസോയുടെ അനുമതി ഉളളത്.
അതേസമയം, മറ്റ് വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്നും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വരുന്ന മെയ് ഏഴിനാണ് സാമ്പിൾ വെടിക്കെട്ട് നടക്കുക. പ്രധാന വെടിക്കെട്ട് മെയ് 11 നാണ്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തൃശ്ശൂർ പൂരം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഈ വിഷയം സംബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് തൃശ്ശൂർ പൂരം നടത്താൻ തീരുമാനിച്ചത്.
തിരുവനന്തപുരത്തായിരുന്നു യോഗം. ഇളവുകൾ ലഭിച്ചതിനാൽ എല്ലാ ചടങ്ങുകളും പൂരത്തിന് ഉണ്ടാകും. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ തൃശൂർ പൂരം ആചാര അനുഷ്ഠാനങ്ങളോടെ നടത്തുവാൻ സാധിച്ചിരുന്നില്ല. എന്നാൽ, 2021 - ൽ ചടങ്ങുകൾ നടന്നിരുന്നു. പൂര നഗരിയിലേക്ക് ജനങ്ങളെ പ്രവേശിപ്പിക്കാത്ത രീതിയിലാണ് ചടങ്ങുകൾ നടന്നത്. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരുന്നു ചടങ്ങുകൾ. മറ്റ് ആഘോഷ പരിപാടികൾ ഒന്നും സംഘടിപ്പിച്ചിരുന്നില്ല. പൂര പ്രേമികൾക്ക് ആശങ്കയാകുന്ന തരത്തിലായിരുന്നു ഇത്.
ഈ സാഹചര്യങ്ങൾ ഒക്കെ കണക്കിലെടുത്ത് മികച്ച രീതിയിൽ പൂരം നടത്താനാണ് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണണൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയ്ക്ക് മുൻപ് നടത്തിയിരുന്നതിന് സമാനമായ രീതിയിൽ പൂരം നടത്തണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications