തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
തൃശൂർ: പൊലീസുമായുള്ള തർക്കത്തെ തുടർന്ന് തൃശൂർ പൂരം നിർത്തിവെച്ച് തിരുവമ്പാടി ദേവസ്വം. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധവും അറിയിച്ചു. വെടിക്കെട്ടിനോട് അനുബന്ധിച്ചായിരുന്നു പൊലീസ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയത് . വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ പൊലീസ് ആളുകളെ ബാരിക്കേഡ് വെച്ച് തടഞ്ഞത് തർക്കത്തിന് ഇടയാക്കി. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാന്‍ തിരുവമ്പാടി ദേവസ്വം തീരൂമാനിക്കുകയായിരുന്നു.
പൂരം നിർത്തിവെക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പഞ്ചവാദ്യക്കാരും പൂരപ്രേമികളും മടങ്ങി. ആനകളെ പന്തലില്‍ നിര്‍ത്തി സംഘാടകരും മടങ്ങി. പൂരം തകർക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും ഇനിയും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും തിരുവമ്പാട് ദേവസ്വം അധികൃതർ ആരോപിച്ചു. പിന്നീട് കളക്ടറും മന്ത്രി കെ രാജനും ഉള്‍പ്പെടേയുള്ളവർ തിരുവമ്പാടി വിഭാഗവുമായി ചർച്ച നടത്തുകയായിരുന്നു.

ചർച്ചകള്‍ക്കൊടുവില്‍ വെടിക്കെട്ട് നടത്താന്‍ തിരുവമ്പാടി വിഭാഗം തയ്യാറായി. പാറമേക്കാവ് വിഭാഗം 6.45ന് വെടിക്കെട്ട് നടത്തും. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടി വിഭാഗവും വെടിക്കെട്ട് നടത്താൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ 8 നും 8.30 ന് ഇടയിലും ഇരുവിഭാഗത്തിന്റേയും വെടിക്കെട്ട് നടത്താനാണ് നിലവിലെ തീരുമാനം. പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകിയത്.
പൂരത്തോട് അനുബദ്ധിച്ച് കർശനമായ നിയന്ത്രണങ്ങളാണ് പൊലീസ് നടപ്പിലാക്കിയിരുന്നത്. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞെന്നടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതോടെയാണ് പഞ്ചവാദ്യക്കാരും ആനകളും പൂരപ്രേമികളും പിരിഞ്ഞ് പോകുന്നതും ലൈറ്റ് അണയ്ക്കുന്നതും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം.
അതേസമയം, തൃശൂരിലെ തലപ്പിള്ളി താലൂക്കിലെ പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. വെടിക്കെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്ററിനുള്ളില്‍ വീടുകളും വളര്‍ത്തുമൃഗങ്ങളും മറ്റും ഉള്ളതായും സ്ഥലപരിമിതി കാരണം പൊതുജനങ്ങളെ നിയന്ത്രിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് ഏറെ ബുദ്ധിമുട്ടാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
പെസോ നിയമാനുസൃത അംഗീകാരമുള്ള മാഗസിന്‍ (വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കാനുള്ള കെട്ടിടം) അപേക്ഷകര്‍ക്ക് ഇല്ല. കൂടാതെ ഓണ്‍സെറ്റ് എമര്‍ജന്‍സി പ്ലാനും ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ വെടിക്കെട്ടിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആയതിനാല്‍ എക്സ്പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എ.ഡി.എം അറിയിച്ചു.












Click it and Unblock the Notifications