തൃശൂര്‍ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും, ആചാരവെടിക്കെട്ട് ഒഴിവാക്കാന്‍ ദേവസ്വം തീരുമാനം
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും. പരവൂര്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് തൃശൂര്‍ പൂരം കൊടിയേറ്റിനോട് അനുബന്ധിച്ച് നടത്തുന്ന ആചാര വെടിക്കെട്ട് ഒഴിവാക്കാന്‍ ക്ഷേത്ര ദേവസ്വ കമ്മിറ്റി തീരുമാനിച്ചു.
ഏപ്രില്‍ പതിനേഴിന് നടക്കുന്ന പൂരത്തിനും സാമ്പിളിനും നടത്തുന്ന വെടിക്കെട്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ദേവസ്വം ഭാരവാഹികളുടെയും യോഗം കളക്ടര്‍ വിളിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പതിനൊന്നരയോടെ കൊടിയേറ്റിന് ശേഷം പാറമേക്കാവ് വിഭാഗം ഉച്ചയ്ക്ക് ഒന്നരയ്ക്കും, തിരുവമ്പാടി വിഭാഗം വൈകീട്ട് മൂന്നിന്നും നടത്തുന്ന വെടിക്കെട്ടാണ് ഉപേക്ഷിച്ചത്.വെടിക്കെട്ടിന് ദേവസ്വത്തിന് കേന്ദ്ര ചീഫ് എക്‌സ്പ്‌ളോസീവ് വിഭാഗത്തില്‍ നിന്നും നേരത്തെ തന്നെ അനുമതി ലഭിച്ചിട്ടുണ്ട്.
വെടിക്കെട്ട് നടത്തുന്ന തേക്കിന്‍കാട് മൈതാനം ചെന്നൈയില്‍ നിന്നും എക്‌സ്പ്‌ളോസീവ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിക്കാനിരിക്കുകയാണ് അടുത്ത ദിവസം. ചെറിയ ഉത്സവങ്ങള്‍ക്ക് 15 കിലോ വരെയാണ് വെടിക്കെട്ട് സാമഗ്രഹികള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നത്. എന്നാല്‍ തൃശൂര് പൂരത്തിന് 2000 കിലോ സാമഗ്രഹികള്‍ക്ക് അനുമതി നല്‍കാറുണ്ട്.
പരവൂര്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് വെടിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘനയായ ഐ.എം.എ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് നിരവധി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications