തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ കമ്മീഷ്ണർ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ കേരളത്തിൻ്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാർഹമാണ്. കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമ ഭഗവാൻ്റെ കുടകൾ തടഞ്ഞ സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ശ്രീരാമനെയും ഹിന്ദുക്കളെയും അപമാനിക്കുന്നത് പിണറായി സർക്കാർ ഒരു ശിലമാക്കി മാറ്റുകയാണ്. ആനകൾ വേണ്ടി കൊണ്ടുവന്ന പട്ട പോലും കൊണ്ടുപോവാൻ കമ്മീഷണർ അനുവദിച്ചില്ല. പൂരം അലങ്കോലമാക്കാൻ ഉന്നത ഇടപാടുണ്ടായിട്ടുണ്ടെന്ന് കമ്മീഷണറുടെ പ്രവൃത്തികൾ തെളിയിക്കുകയാണ്. തൃശ്ശൂർ പൂരത്തിനെതിരായ നീക്കം ഈ സർക്കാർ തുടക്കം മുതലേ കൈക്കൊള്ളുന്നതാണ്. ശബരിമലയെ തകർക്കാൻ ശ്രമിച്ചതിന് സമാനമായ കാര്യമാണ് തൃശ്ശൂർ പൂരത്തിൻ്റെ കാര്യത്തിലും പിണറായി സർക്കാർ സ്വീകരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, തെലങ്കാനയിൽ പള്ളി ആക്രമിച്ചതിന് പിന്നിൽ കോൺഗ്രസാണെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. മോദി സർക്കാരിന് മത ന്യൂനപക്ഷങ്ങളിൽ നിന്നും നല്ല പിൻതുണയുണ്ടെന്ന് മനസിലായതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നത്. രണ്ട് ദിവസം മുൻപ് തെലങ്കാനയിൽ വൈദികനെ ആക്രമിച്ചത് കോൺഗ്രസ്സുകാരാണ്. പള്ളി ആക്രമിച്ചതിന് പിന്നിലും കോൺഗ്രസ്സുകാരാണ്.ഇനിയും ഇത്തരം ആക്രമണങ്ങൾ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിലും, കേരളത്തിലുമെല്ലാം സമാനമായ ആക്രമണ സംഭവങ്ങൾ ഉണ്ടായേക്കും. തെലങ്കാന ഭരിക്കുന്നത് കോൺഗ്രസ്സുകാരാണ്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്സ് ആയതു കൊണ്ടാണ് അക്രമികളെ പിടികൂടാത്തത്. സംഘ പരിവാർ ആയിരുന്നെങ്കിൽ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. എന്തുകൊണ്ട് ശക്തമായ നടപടി എടുക്കുന്നില്ല. ഇതെല്ലാം കോൺഗ്രസ്സ് ഉണ്ടാക്കുന്നതാണ്. മത ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് പെട്ടിയിലാക്കിയ ശേഷം മതന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണ്. ജനങ്ങളെ വഞ്ചിക്കുകയാണ് ഇടത് വലത് മുന്നണികളെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഈങ്ങാപ്പുഴയിൽ പര്യടനത്തിൻ്റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. രാഹുൽ ഗാന്ധി മുസ്ലിം ലീഗുകാരെയും വഞ്ചിക്കുന്നു. മുസ്ലിം ലീഗിൻ്റെ ആത്മാഭിമാനത്തെ രാഹുൽ ചോദ്യം ചെയ്യുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കെ.എസ്.യു കാർ പോലും ലീഗിൻ്റെ കൊടി ഉയർത്താൻ പാടില്ല എന്നു പറയുന്നു.
കോൺഗ്രസ്സിന് ലീഗിൻ്റെ പിൻതുണ ഇല്ലാതെ ഒരു പാർലമെൻ്റ് മണ്ഡലത്തിലും ജയിക്കാൻ കഴിയില്ല. ലീഗ് പിൻതുണ മറ്റാരും അറിയാതെ ഇരിക്കാനാണ് കൊടി ഉപേക്ഷിക്കാൻ പറയുന്നത്. രാഹുൽ ഗാന്ധിക്ക് വിനാശകാലേ വിപരീത ബുദ്ധിയാണ് ഉള്ളത്. രാഹുലിനെ കാത്തിരിക്കുന്നത് വൻ തോൽവിയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications