തൃശൂർ പൂരം; രഹസ്യങ്ങളുടെ കുട നിവർത്താനൊരുങ്ങി തിരുവമ്പാടിയും പാറമ്മേക്കാവും
തൃശൂർ പൂരത്തിന്റെ വർണക്കാഴ്ചയായ കുടമാറ്റത്തിന് സ്പെഷ്യൽ കുടകൾ അണിയറയിൽ ഒരുക്കി തിരുവമ്പാടി ദേവസ്വം. തിരുവമ്പാടി ദേവസ്വത്തിന്റെ ആനച്ചമയ പ്രദർശനം നടക്കുമ്പോഴും രഹസ്യ അറയിൽ തയ്യാറാകുന്ന കുടയുടെ കൗതുകങ്ങളിലാണ് കാഴ്ചക്കാരന്റെ പ്രതീക്ഷ.
പൂര ആഘോഷത്തിന്റെ വരവേൽപ്പ് അറിയിച്ച് കൗസ്തുഭം ഓഡിറ്റോറിയത്തിൽ ആനച്ചമയ പ്രദർശനങ്ങൾക്ക് തുടക്കമായി.മന്ത്രിമാരായ കെ രാജൻ, ഡോ. ആർ ബിന്ദു, മേയർ എം കെ വർഗീസ്, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, മുൻ മന്ത്രി വി സുനിൽകുമാർ എന്നിവർ ആനചമയ പ്രദർശന നഗരി സന്ദർശിച്ചു.

പതിവിലും അധികം കാണികളെ ഈ വർഷം പ്രതീക്ഷിക്കുന്നുണ്ടെന്നും തൃശ്ശൂരിന്റെ ഏറ്റവും വലിയ ടൂറിസം ഹബ്ബ് കൂടിയായ തൃശൂർ പൂരത്തിന് എല്ലാവിധ സുരക്ഷാക്രമീകരണങ്ങൾ സജ്ജമാണെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.ലക്ഷക്കണക്കിന് ആൾക്കാർ പങ്കെടുക്കുന്ന പൂരത്തിന്റെ ഭാഗമാകാൻ ഭിന്നശേഷിക്കാരെ കൂടി ക്ഷണിച്ചുകൊണ്ട് ഭിന്നശേഷി സൗഹൃദ പൂരം എന്ന ആശയം നടപ്പിലാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു.
നിലവിൽ 53 മുത്തു കുടകളാണ് തിരുവമ്പാടി വിഭാഗത്തിന്റേതായിട്ട് കൗസ്തുഭം ഓഡിറ്റോറിയം ആനചമയ പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ പത്തിലേറെ കുടകൾ രഹസ്യ കേന്ദ്രങ്ങളിൽ ഇനിയും ഒരുങ്ങുന്നുണ്ട്. തൃശ്ശൂർ പൂരത്തിന് ഏറ്റവും മാറ്റുകൂട്ടുന്ന കുടമാറ്റത്തിനുള്ള കുടകളിൽ പലതും ഇപ്പോഴും മിനുക്കു പണികളിൽ അവസാന ഘട്ടത്തിലാണ് എന്നതാണ് ശ്രദ്ദേയം.
അവധി ദിനത്തിൽ എത്തുന്ന പൂരത്തിന് കാണികൾ ഏറെ ഉണ്ടാകുമെന്നതിനാൽ തൃശ്ശൂർ പൂരത്തിന്റെ മാറ്റുകൂട്ടാനുള്ള മിനുക്കുപണികൾ ഓരോ കുടയിലും ഒരുക്കിയിട്ടുണ്ടെന്ന് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ചമയ പ്രദർശനം 29ന് രാത്രി പന്ത്രണ്ട് മണി വരെ ഉണ്ടായിരിക്കും.
വർണ്ണങ്ങളോടെ പൂരം; പാറമേക്കാവിന്റെ പൂരച്ചമയ പ്രദർശനം തുടങ്ങി
പ്രൗഢി വിളിച്ചോതുന്ന പാറമേക്കാവ് ഭഗവതിയുടെ തിടമ്പ്, വർണ്ണാഭമായ നെറ്റിപ്പട്ടം, മനോഹരമായ വെഞ്ചാമരങ്ങൾ, പല നിറമാർന്ന കുടകൾ എന്നിങ്ങനെ മാറ്റുകൂട്ടുന്ന നിരവധി കാഴ്ചകളാണ് പാറമേക്കാവ് വിഭാഗം ക്ഷേത്രത്തിനടുത്ത കെട്ടിടത്തിൽ സജ്ജമാക്കിയ പൂരച്ചമയ പ്രദർശനത്തിലുള്ളത്.
45 ഓളം കുടകളും എട്ട് സ്പെഷ്യൽ കുടകളുമാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. കൂടാതെ ആനകളെ ധരിപ്പിക്കുന്ന മണികൾ, രാമച്ചം കൊണ്ടുള്ള ഗണപതി വിഗ്രഹങ്ങൾ, വടക്കുംനാഥ ക്ഷേത്രത്തിന്റെ പൂരക്കാഴ്ച തുടങ്ങി നിരവധി കൗതുകങ്ങൾ പൂരച്ചമയ പ്രദർശനത്തിലുണ്ട്. ഏപ്രിൽ 28ന് രാത്രി 10 മണി വരെയും ഏപ്രിൽ 29 (ശനി) രാവിലെ 10 മുതൽ രാത്രി 12 വരെയുമാണ് പൊതുജനങ്ങൾക്ക് ചമയ പ്രദർശനം കാണാനുള്ള അവസരം.
ഇതുവരെ ആരും ചെയ്യാത്ത രാമച്ചം
കൊണ്ടുള്ള ഗണപതിയുടെ സ്പെഷ്യൽ കുട, സുബ്രമണ്യൻ സ്വാമി, കാളി ദേവി എന്നിവരുടെ കുടകൾ, തുടങ്ങി കുടമാറ്റത്തിന് കാഴ്ചകാരെ അത്ഭുതപ്പെടുത്താനും അതിശയിപ്പിക്കാനും സർപ്രൈസ് ആയി സ്പെഷ്യൽ ഐറ്റം കുടകളാണ് പാറമേക്കാവ് വിഭാഗം കുടമാറ്റത്തിന് നിവർത്തുന്നത്. ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്ന കുടകളും കുടമാറ്റത്തിന് ഉപയോഗിക്കും.
തൃശ്ശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും ശബ്ദത്തേക്കാളും കാഴ്ചയ്ക്ക് കൂടുതൽ ചാരുത നൽകുന്ന വെടിക്കെട്ടാണ് ലക്ഷ്യമിടുന്നതെന്നും പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാൽ പറഞ്ഞു. വിവിധ ഇടങ്ങളിലായി കുടിവെള്ള വിതരണമുണ്ടാകും . പൂരദിവസം അയ്യായിരത്തിൽപരം ആളുകൾക്ക് ഭക്ഷണം നൽകും. പൂരത്തിൻ്റെ അടുത്ത ദിവസം 15,000ത്തിൽ പരം ആളുകൾക്ക് കഞ്ഞി നൽകുമെന്നും പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാൽ പറഞ്ഞു.












Click it and Unblock the Notifications