തൃശൂര്‍ പൂരം: ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ ഇല്ല, ആഘോഷത്തോടെ തന്നെ പൂരം നടത്തും
തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പൂരം ആഘോഷപൂര്‍വ്വം തന്നെ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വത്തിന്റെയും തീരുമാനം.
വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രി തീരുമാനമെടുത്തത്.

ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. പകല്‍ 10 മണി മുതല്‍ 5 മണി വരെ ആനകളുടെ എഴുന്നള്ളിപ്പ് പാടില്ലെന്നും ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലം പാലിക്കണം എന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശമുണ്ടായിരുന്നു.
വെടിക്കെട്ടിലും എഴുന്നള്ളിപ്പിലും കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് കുടമാറ്റവും മേളവും വെടിക്കെട്ടും ഒഴിവാക്കി ചടങ്ങ് മാത്രമായി പൂരം ആഘോഷിക്കാനാണ് ദേവസ്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ മന്ത്രിയുടെ ഇടപ്പെടല്‍ മൂലം നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് പൂരം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. വെടിക്കെട്ടിന്റെ കാര്യത്തിലുള്ള നിയന്ത്രണങ്ങള്‍ വ്യക്തമായിട്ടില്ല.












Click it and Unblock the Notifications