തൃശൂര്‍; നാലുവയസുകാരിയെ പുഴയില്‍ എറിഞ്ഞുകൊന്ന ബന്ധുവായ സ്ത്രീ അറസ്റ്റില്‍
തൃശൂര്‍: പുതുക്കാട് നാല് വയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബന്ധുവായ സ്ത്രീ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മയുടെ പിതൃസഹോദരി ഷൈലജയാണ് അറസ്റ്റിലായത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി രഞ്ജിത്തിന്റെയും തൃശൂര്‍ ഒല്ലൂര്‍ സ്വദേശി നീഷ്മയുടെയും മകള്‍ മേബ (നാല്) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.
മരണത്തില്‍ സംശയം തോന്നി വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മേബയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ വീടിനു സമീപത്തെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.

ഷൈലജയുടെ വഴിവിട്ട ജീവിതം ബന്ധുക്കള്‍ ചോദ്യം ചെയ്തതതിനെ തുടര്‍ന്ന് വീട്ടുകാരോടുള്ള വൈരാഗ്യം തീര്‍ക്കുന്നതിനാണ് ഷൈലജ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസിന് മൊഴി നല്‍കി. കുട്ടിയെ കാണാതായ സമയം വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഷൈലജയുടെ വസ്ത്രങ്ങള്‍ നനഞ്ഞിരുന്നു. ഇതാണ് സംശയത്തിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്.
പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. ചാലക്കുടി ഡിവൈഎസ്പിപി വാഹിദ്, പുതുക്കാട് സിഐ എസ്.പി. സുധീരന്‍, എസ്‌ഐ വി.സജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.












Click it and Unblock the Notifications