കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീതു കുണ്ടുകടവിലെത്തിയത് പഞ്ചായത്തംഗത്തിന്റെ ഉറപ്പില്‍: ഭാര്യയെ തീവെച്ചു കൊന്ന കേസില്‍ വഴിത്തിരിവ്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കുടുംബ പ്രശ്‌നങ്ങളുള്ളപ്പോഴും ജീതു കുണ്ടുകടവിലെത്തിയതു പ്രശ്‌നമൊന്നുമുണ്ടാവില്ലെന്ന പഞ്ചായത്തംഗത്തിന്റെ ഉറപ്പിലെന്ന് അച്ഛന്‍ ജനാര്‍ദ്ദനന്‍ പോലീസിനു മൊഴി നല്‍കി. കുടുംബശ്രീയില്‍ അടയ്ക്കാനുള്ള തുക സംബന്ധിച്ചു ഭാരവാഹികളുമായി തര്‍ക്കമുണ്ടായിരുന്നു. ആദ്യം പറഞ്ഞ തുകയല്ല പിന്നീട് പറഞ്ഞത്. തലേന്ന് സിപി.എം. ഓഫിസില്‍വെച്ചു പണം നല്‍കാമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീടു പറഞ്ഞ തുകയ്ക്കു പണം തികയാതിരുന്നതിനാല്‍ അന്നു നല്‍കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ഞായറാഴ്ച കുടുംബശ്രീ യോഗം ചേരുന്ന വീട്ടില്‍ എത്തിക്കാമെന്നു ഉറപ്പു നല്‍കി. ബിരാജുവുമായി പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ ഇവിടേക്ക് എത്തിയാല്‍ എന്തെങ്കിലും കുഴപ്പമുണ്ടാകുമെന്ന ആശങ്ക തങ്ങള്‍ക്കുണ്ടായിരുന്നെന്നു മൊഴിയിലുണ്ട്.

arrest

മടക്കിയുടുത്ത മുണ്ടിനിടയില്‍ പെട്രോള്‍കുപ്പി ഒളിപ്പിച്ചാണു ബിരാജു തങ്ങളുടെയടുത്ത് വന്നത്. ആസമയത്ത് ബിരാജുവിന്റെ കൈയില്‍ പെട്രോള്‍ ഉണ്ടെന്നറിഞ്ഞില്ല. ചിരിച്ചു കൊണ്ടു അടുത്തുവന്ന ബിരാജു തന്നോട് എന്തോ പറഞ്ഞു. ഈ സമയം മകള്‍ കുടുംബശ്രീ യോഗം കഴിഞ്ഞു പുറത്തിറങ്ങി. റോഡിലേക്കിറങ്ങിയ ജീതുവിന്റെ അടുത്തെത്തിയ ബിരാജു ഭാര്യയുടെ ദേഹത്തേയ്ക്കു പെട്രോള്‍ ഒഴിച്ചു. ഓടിവന്ന ജനാര്‍ദനന്‍ ബിരാജുവിനെ ചുറ്റിപ്പിടിച്ചു തടയാന്‍ ശ്രമിച്ചെന്നും മൊഴിയിലുണ്ട്.

തന്നെ കുടഞ്ഞു താഴെയിട്ട ശേഷം സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ചു ബിരാജു തീ കൊളുത്തുകയായിരുന്നുവെന്നു ജനാര്‍ദനന്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന ആരും ഒച്ചവെയ്ക്കുകപോലും ചെയ്തില്ലെന്നു ജനാര്‍ദനന്‍ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലെത്തിക്കാന്‍ വാഹനമെത്തിക്കാന്‍ ആരും വേണ്ടവിധം ശ്രമിച്ചില്ലെന്നും മൊഴിയില്‍ പറയുന്നു. പുതുക്കാട് എസ്എച്ച്ഒ എസ്പി സുധീരന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.


അതേസമയം സംഭവത്തില്‍ കുടുംബശ്രീ കോ-ഓര്‍ഡിനേറ്ററും പഞ്ചായത്തു സെക്രട്ടറിയും വിശദീകരണം നല്‍കണമെന്നു മനുഷ്യാവകാശ കമ്മിഷന്‍. പോലീസ് സ്വീകരിച്ച തുടര്‍നടപടികള്‍ തൃശൂര്‍ റൂറല്‍ പോലീസ് സൂപ്രണ്ട് വിശദീകരിക്കണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഏപ്രില്‍ 29 നാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വെളളിക്കുളങ്ങര സ്വദേശിനി ജീതുവിനെ ഭര്‍ത്താവ് പെട്രോളൊഴിച്ചു കത്തിച്ചത്. അന്വേഷണ റിപ്പോര്‍ട്ടും വിശദീകരണങ്ങളും മൂന്നാഴ്ചക്കകം ലഭിക്കണമെന്നാണ് നിര്‍ദേശം. കേസ് 24ന് തിരുവനന്തപുരത്തെ കമ്മിഷന്‍ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.

പ്രതിയെ ശനിയാഴ്ച നാട്ടിലെത്തിക്കും. കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജു (40) വിനെ കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ വ്യാഴാഴ്ച മുംബൈയില്‍ ദാദര്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം വാറണ്ടോടെ നാട്ടിലേക്ക് തിരിച്ചു.

സംഭവത്തിനു ശേഷം മുംബൈയിലേക്കു കടന്ന പ്രതിയെ പോയിവാഡയിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ പുതുക്കാട് എസ്.ഐ. ആര്‍. സുജിത് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനയ്ക്കു ശേഷം വ്യാഴാഴ്ചതന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കി.നാട്ടിലെത്തിച്ച് പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാനാകൂ എന്ന് അന്വേഷണ ചുമതലയുള്ള പുതുക്കാട് എസ്.എച്ച്.ഒ. എസ്.പി. സുധീരന്‍ അറിയിച്ചു.

സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കും. കൊലപാതകം നടത്തുന്നതിനും രക്ഷപ്പെടുന്നതിനും ഒളിവില്‍ താമസിക്കുന്നതിനും പ്രതിയെ സഹായിച്ചവരുടെ പേരില്‍ കേസെടുക്കുന്നതിനെ കുറിച്ചും ആലോചിക്കുമെന്നും പുതുക്കാട് പോലീസ് അറിയിച്ചു.

English summary
Thrisur jithus murder; fathers statement taken by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X