കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വർണ്ണപ്പെരുമയിൽ പാറമേക്കാവിന്റെ ചമയ പ്രദര്‍ശനം; കുടമാറ്റത്തിൽ ശിവസുന്ദരനും പ്രണാമമർപ്പിക്കും

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പാറമേക്കാവിന്റെ ചമയപ്രദര്‍ശനം വര്‍ണപ്പെരുമയുടെ നിറ സൗന്ദര്യമായി. ആയിരം വര്‍ണങ്ങള്‍ മിന്നിയതോടെ കുടകളുടെ വിസ്മയലോകം കണ്‍തുറന്നു. ആധുനിക നിറക്കൂട്ടുകള്‍ കുടകളില്‍ ആകര്‍ഷകമായ ചായംപടര്‍ത്തി. കരിവീരന്മാര്‍ക്ക് അഴകേകുന്ന നെറ്റിപ്പട്ടങ്ങളും വെഞ്ചാമരവും ആലവട്ടവും പട്ടുകുടകളും ആനമണികളും ചേലോടെ അണിനിരന്നപ്പോള്‍ പതിനായിരങ്ങളുടെ ഹൃദയം നിറഞ്ഞു.

സിയോണ്‍, ലൈക്ര, ബനാറസ്, ഉള്‍ട്ട പുള്‍ട്ട, പടയണി തുടങ്ങി പുത്തന്‍ തുണിത്തരങ്ങളാണ് പാറമേക്കാവ് ഇറക്കിയത്. ഫെര്‍ തുണികളും ആകര്‍ഷകമായി. കുടകളിലെ സിംഹമുഖം, ഭഗവതിമുഖം, ഗോള്‍ഡന്‍ അലുക്കുകളും സുവര്‍ണ ചന്ദ്രക്കലകളും അടക്കം വ്യത്യസ്തമായ വര്‍ണരാജിയാണ് ഇതള്‍വിരിഞ്ഞത്. തൂവെള്ള നിറമുള്ള സ്ട്രിപ്പ് തുണിയില്‍ മയില്‍പീലിയഴകു വിടര്‍ത്തിനില്‍ക്കുന്ന കുടകളും ആകാശനീലിമയില്‍ മേഘക്കൂട്ടുപോലെ വെള്ളനിറം പൂശിയ കുടയുടെ മധ്യത്തില്‍ സൂര്യകാന്തിപൂവ് ആലേഖനം ചെയ്ത കുടകളും ശ്രദ്ധേയം. 45 സെറ്റ് കുടകളുള്ളതില്‍ അഞ്ചുസെറ്റ് സ്‌പെഷല്‍ കുടകളാണ്.

paramekkavu

അത്രതന്നെ എല്‍.ഇ.ഡി കുടകളുമുണ്ട്. ഇവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കണ്ടാലും മതിവരാത്ത പൂരത്തിന്റെ മനോഹാരിത ശക്തന്റെ നഗരിയെ ത്രസിപ്പിച്ചു. സ്വര്‍ണകോലത്തിനു പുറമേ ഭഗവതിയുടെ സ്വര്‍ണത്തിടമ്പും ഉള്‍പ്പെടുത്തിയിരുന്നു. കുടകളില്‍ പരമ്പരാഗത ശൈലിക്കാണ് മുന്‍തൂക്കം. അലങ്കാരപ്പണികളുള്ള ചിത്രദൃശ്യങ്ങള്‍ കുടകളില്‍ നിന്നു ഒഴിവാക്കും. തിരുവമ്പാടി കൊമ്പന്‍ ശിവസുന്ദറിനു പ്രണാമമര്‍പ്പിക്കുന്ന സ്‌പെഷല്‍ കുടയിറക്കുന്നുണ്ട്. ഇന്ന് തുടങ്ങുന്ന തിരുവമ്പാടിയുടെ ചമയപ്രദര്‍ശനവും പതിനായിരങ്ങള്‍ക്കു ഹരമാകും. മന്ത്രി വി.എസ്. സുനില്‍കുമാറാണ് പാറമേക്കാവിന്റെ ചമയപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ദേവസ്വം ഭാരവാഹികളായ സതീഷ് മേനോന്‍, ജി.രാജേഷ്, കെ.മഹേഷ് എന്നിവര്‍ പങ്കെടുത്തു.

English summary
thrisur pooram; paramekkav exhibition is today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X