തുഷാർ ഗാന്ധിയെ ഫോണില്‍ വിളിച്ച് വിഡി സതീശന്‍: ഇനിയും കേരളത്തിലെ പരിപാടികളില്‍ പങ്കെടുക്കണം
കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാർ ഗാന്ധിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിരുവനന്തപുരം നെയ്യാറ്റികന്‍കരയില്‍ തുഷാർ ഗാന്ധിയെ ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് തുഷാർ ഗാന്ധിയോട അഭ്യർത്ഥിച്ച പ്രതിപക്ഷ നേതാവ് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
മഹാത്മാഗാന്ധിയുടെ ആലുവ സന്ദര്‍ശനത്തിന്റെ ശതാബ്ദിയുമായി ബന്ധപ്പെട്ട് നാളെ ആലുവ യു സി കോളജില്‍ നടക്കുന്ന പരിപാടിയില്‍ തുഷാര്‍ ഗാന്ധിക്ക് ഒപ്പം പ്രതിപക്ഷ നേതാവും പങ്കെടുക്കും. അതേസമയം, നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും അഭിപ്രായപ്പെട്ടു.

ഗോഡ്‌സെയുടെ പ്രേതമാണ് ബി ജെ പിയെയും ആർ എസ് എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തമസ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതരമണ്ണില്‍ സ്ഥാനമില്ല.
രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്‍സറാണ് സംഘപരിവാര്‍ എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്?
മതേതര മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയാണ് അവർ. ഫാസിസത്തിന്റെ വക്താക്കളായ ആര്‍എസ്എസും ബിജെപി യും നടത്തിയത് ഗാന്ധി നിന്ദയാണ്. ഗാന്ധിജിയുടെ ചെറുമകനെ പോലും വെറുതെവിടാത്ത ബി ജെ പി ഫാസിസ്റ്റാണോയെന്ന് ഇനിയെങ്കിലും സി പി എം വ്യക്തമാക്കണം. ഹീനമായ ഈ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പ് നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുഷാര്‍ ഗാന്ധിക്ക് നേരെയുണ്ടായത് ജനാധിപത്യത്തിന് എതിരായുള്ള കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തില്‍ നിയമനടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിന്നാലെ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകരായ മഹേഷ്, കൃഷ്ണ കുമാര്‍, ഹരി കുമാര്‍, സൂരജ്, അനൂപ് എന്നിവരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന് ഇടയിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ തുഷാര്‍ഗാന്ധി പ്രതിഷേധത്തിനെതിരെ ഗാന്ധിജിക്ക് ജയ് വിളിച്ചുകൊണ്ടാണ് നെയ്യാറ്റിന്‍കരയില്‍ നിന്നും മടങ്ങിയത്.












Click it and Unblock the Notifications