• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കണ്ണിൽച്ചോരയില്ലാത്ത പോലീസ് ക്രൂരത, മർദ്ദിച്ച് മലം വിസർജ്ജിച്ചു.. ' നിന്നെക്കൊണ്ട് തന്നെ കോരിക്കും'!

കൊച്ചി: ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 പേര്‍ സംസ്ഥാനത്തെ പോലീസ് സേനയില്‍ ഉണ്ടെന്നാണ് വിവരാവകാശ രേഖകള്‍ പറയുന്നത്. പോലീസ് സംവിധാനം അടിമുടി ക്രിമിനല്‍വത്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നതിന്റെ നിരവധിയായ വാര്‍ത്തകള്‍ ദൈനംദിനം പുറത്ത് വന്നുകൊണ്ടുമിരിക്കുന്നു. പൊതുനിരത്തിലും പോലീസ് സ്‌റ്റേഷനിലുമടക്കം പോലീസുകാര്‍ കാണിക്കുന്ന അതിക്രമങ്ങളുടെ പരാതികള്‍ മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ കുന്നുകൂടുകയാണ്.

കേരളത്തിലെ പോലീസ് അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് വരാപ്പുഴയിലെ കസ്റ്റഡി മരണത്തിന്റെ ഇരയായ ശ്രീജിത്ത്. സെക്രട്ടേറിയറ്റ് പടിക്കല്‍ മറ്റൊരു ശ്രീജിത്ത് വര്‍ഷങ്ങളോളം സഹനസമരം നടത്തിയത് പോലീസ് ലോക്കപ്പിലിട്ട് തല്ലിക്കൊന്ന അനുജന് നീതി തേടിയാണ്. വിനായകനെന്ന ദളിത് ചെറുപ്പക്കാരനെയും മറക്കാറായിട്ടില്ല. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സ്‌റ്റേഷനില്‍ വെച്ചുള്ള ക്രൂരമര്‍ദ്ദനത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്ന ഒരു അനുഭവം മനുഷ്യാവകാശ പ്രവര്‍ത്തകനായ തുഷാര്‍ നിര്‍മ്മല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത് വായിക്കേണ്ടതാണ്:

നേരിട്ട് കണ്ട ക്രൂരത

നേരിട്ട് കണ്ട ക്രൂരത

വരാപ്പുഴ കസ്റ്റഡി പീഢനത്തെ തുടർന്ന് കൊല്ലപ്പെട്ട ശ്രീജിത്തിനെ നെഞ്ചിനും അടിവയറ്റിലും പൊലീസുകാർ കയ്യൊ കാലൊ കൊണ്ട് മർദ്ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ചെറുകുടലിൽ മുറിവുള്ളതായും പറയുന്നു. വാർത്ത കണ്ടപ്പോൾ നേരിട്ടു കണ്ട ഒരു പൊലീസ് മർദ്ദനത്തെ കുറിച്ചാണ് ഓർത്തത്. മാവോയിസ്റ്റ് ബന്ധം പറഞ്ഞ് എന്നെ അറസ്റ്റ് ചെയ്തതിനു ശേഷം ചോദ്യം ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ എന്നെ വിട്ടു കിട്ടാൻ കോടതിയിൽ അപേക്ഷ നൽകി. എറണാകുളം സെഷൻസ് കോടതി എഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡി അനുവദിച്ചു. എറണാകുളം ഹിൽപ്പാലസ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറിയിലാണ് എന്നെ തടവിലിട്ടിരുന്നത്.

പോക്കറ്റടിക്കാരനെ പിടികൂടി

പോക്കറ്റടിക്കാരനെ പിടികൂടി

ഓരോ ദിവസവും പൊലീസിലെ വിവിധ ഏജൻസികളിലെ ഉദ്യോഗസ്ഥർ വരും ചോദ്യം ചെയ്യും. ഇടക്ക് ഒരു ഞായറാഴ്ച്ച ചോദ്യം ചെയ്യലിനും അവധിയായിരുന്നു. രാവിലെ ഒരു പതിനൊന്ന് മണി കഴിഞ്ഞു കാണും. ഞാൻ മറ്റൊന്നും ചെയ്യാനില്ലാതെ ലോക്കപ്പിൽ കിടന്നും നടന്നും പാറാവ് നിൽക്കുന്ന പൊലീസുകാരനോട് ഓരോന്ന് പറഞ്ഞും സമയം കളയുന്നതിനിടക്ക് ഒരു സംഘം ആളുകൾ സ്റ്റേഷനിലേക്ക് കയറി വന്നു. ഏകദേശം നാൽപ്പത്തഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളെ പിടിച്ചു കൊണ്ടാണ് വരുന്നത്. "പോക്കറ്റടിക്കാൻ നോക്കിയപ്പോൾ പിടിച്ചതാണ്" എന്ന് പറഞ്ഞ് അവർ അയാളെ പാറാവു നിന്ന പോലീസുകാരന്റെ മുന്നിലേക്ക് പിടിച്ചു നിറുത്തി. ഉടനെ സ്റ്റേഷൻ റൈറ്റർ അയാളോട് സ്റ്റേഷന്റെ ഇടനാഴിയിലേക്ക് കയറി നിൽക്കാൻ പറഞ്ഞു.

കയ്യോടെ പിടികൂടിയതെന്ന്

കയ്യോടെ പിടികൂടിയതെന്ന്

അയാളെ കൊണ്ടു വന്ന സംഘത്തിൽ കാക്കി ഷർട്ട് ഇട്ട ഒരാൾ മുന്നോട്ടു വന്ന് താൻ ബസ്സിലെ കണ്ടക്ടർ ആണെന്നും യാത്രക്കാരിൽ ഒരാളുടെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യോടെ പിടി കൂടിയതാണെന്നും റൈറ്ററോട് പറഞ്ഞു. "ആരുടെ പോക്കറ്റടിക്കാനാണ് ശ്രമിച്ചത് ? റൈറ്റർ ചോദിച്ചു. "ഇയാളുടെയാണ് സാറെ.."കണ്ടക്ടർ കൂട്ടത്തിൽ ഏറ്റവും പുറകിലായി നിന്നിരുന്ന കാഴ്ചയിൽ എഴുപത് വയസ്സിനടുത്ത് പ്രായം വരുന്ന ഒരാളുടെ നേർക്ക് വിരൽ ചുണ്ടി പറഞ്ഞു. "നിങ്ങൾ ഇങ്ങോട്ട് വരു" റൈറ്റർ അയാളെ വിളിച്ചു. "നിങ്ങളുടെ പോക്കറ്റടിച്ചോ.. " റൈറ്റർ ചോദിച്ചു. "പോക്കറ്റടിച്ചില്ല സാറെ പോക്കറ്റിൽ കയ്യിട്ട് പൈസ എടുത്തപ്പോൾ ഞാൻ അറിഞ്ഞു ഉടനെ കയ്യിൽ കടന്നു പിടിച്ചു.. " അപ്പൊ പിന്നെ എന്താ പോക്കറ്റടിച്ചെന്ന് പറഞ്ഞത് " റൈറ്റർ ഒച്ചയുയർത്തി ഗൗരവത്തിൽ ചോദിച്ചു.

കേസ് വേണ്ട സാറേ

കേസ് വേണ്ട സാറേ

വൃദ്ധൻ ആകെ പരുങ്ങലിലായി. "കേസൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞതാണ് സാറെ.." ഭയന്നു വിറച്ച അയാൾ പറഞ്ഞു. " എസ്.ഐ ഇല്ല. എസ്.ഐ വന്നിട്ട് തീരുമാനിക്കാം അതുവരെ ഇവിടെ ഇരിക്ക് എന്ന് പറഞ്ഞ് റൈറ്റർ തിരിഞ്ഞു നടന്നു." ഞങ്ങൾ പൊയ്ക്കോട്ടെ സാറെ.. ബസ്സ് ഓട്ടത്തിലാണ്.." കണ്ടക്ടർ യാചനാ സ്വരത്തിൽ ചോദിച്ചു. " ശരി.. നിങ്ങൾ അഡ്രസ്സും ഫോൺ നമ്പറും കൊടുത്തിട്ട് പൊയ്ക്കോ.." എന്ന് പറഞ്ഞ് റൈറ്റർ അവിടെ ഉണ്ടായിരുന്ന വനിതാ പൊലീസുകാരിയെ അഡ്രസ്സും നമ്പറും വാങ്ങിക്കാൻ ചട്ടം കെട്ടി. കൺടക്ടറും സംഘവും അഡ്രസ് കൊടുത്ത് ഇറങ്ങാൻ തുടങ്ങിയപ്പൊൾ വൃദ്ധൻ സാറെ ഞാനും പോയിട്ട് പിന്നെ വന്നാൽ മതിയൊ എന്ന് റൈറ്ററോട് ചോദിച്ചു.. ഇല്ല നിങ്ങൾ എസ്ഐ വന്നിട്ട് പോയാൽ മതി എന്ന് റൈറ്റർ മറുപടി പറഞ്ഞു.

ആദ്യം വയറ്റിൽ ഇടിച്ചു

ആദ്യം വയറ്റിൽ ഇടിച്ചു

ഭയന്നു നിൽക്കുന്ന വൃദ്ധനെ സ്റ്റേഷനകത്തെ കസേരയിൽ ഇരിക്കാൻ പറഞ്ഞ് പാറാവ് നിൽക്കുന്ന പോലീസുകാരൻ എസ്ഐ ഉടൻ വരുമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. അങ്ങനെ കുറച്ചു സമയം കഴിഞ്ഞു. വൃദ്ധൻ കസേരയിൽ തന്നെ അക്ഷമനായി ഇരിപ്പാണ്. പോക്കറ്റടിക്കാരൻ ഇടനാഴിയിൽ ചുവരിൽ ചാരി നിൽക്കുന്നു. രണ്ട് മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാകും. കാക്കി പാന്റസും വെള്ള ഷർട്ടും ധരിച്ച ഒരു പൊലീസുകാരൻ കയറി വന്നു. പോക്കറ്റടിക്കാരനെയും വൃദ്ധനെയും നോക്കി. ഇതെന്താ സാറെ കേസ് എന്ന് ചോദിച്ച് നേരെ റൈറ്ററുടെ അടുത്തേക്ക് ചെന്നു. റൈറ്റർ കാര്യം വിശദീകരിച്ചു. ഉടനെ ആ പോലീസുകാരൻ എഴുന്നേറ്റ് പോക്കറ്റടിക്കാരന്റെ നേരെ നോക്കി "ഇവിടെ വാടാ" എന്ന് ആക്രോശിച്ചു. അടുത്തെത്തിയ ഉടനെ ആ പൊലീസുകാരൻ മുഷ്ടി ചുരുട്ടി അയാളുടെ വയറ്റിൽ ശക്തിയായി ഇടിച്ചു.

മലം വിസർജ്ജിച്ചു

മലം വിസർജ്ജിച്ചു

വേദന കൊണ്ട് പുളഞ്ഞ് വയറ്റിൽ കയ്യമർത്തി കുനിഞ്ഞ് നിലവിളിക്കുന്ന അയാളുടെ മുതുകത്ത് കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു. ഇടി കൊണ്ടതും അയാൾ കുഴഞ്ഞു വീഴുകയും മലം വിസർജ്ജിക്കുകയും ചെയ്തു. "ഒക്കെ അവന്റെ അടവാണ്. കള്ളൻ. നിന്നെ കൊണ്ട് തന്നെ ഇത് കോരിക്കും" കലിയടങ്ങാതെ പൊലീസുകാരൻ ആക്രോശിച്ചു. അവിടെ കിടക്കട്ടെ എന്ന് പറഞ്ഞ് ഉടനെ റൈറ്റർ ഇടപെട്ടു. ഇടിച്ച പൊലീസുകാരൻ പുറത്തേക്ക് ഇറങ്ങിപ്പോയി. ഭയന്ന് എഴുന്നേറ്റ് നിന്ന വൃദ്ധനെ പാറാവുകാരൻ സമാധാനിപ്പിച്ചു. ഇടി കൊണ്ട് വീണയാൾ മണിക്കൂറുകളോളം അവിടെ തന്നെ കിടന്നു. റൈറ്റർ ഇടക്കിടക്ക് അയാളുടെ പേര് വിളിച്ച് ആശുപത്രിയിൽ പോണ്ടെ എഴുന്നേൽക്ക് എന്ന് പറയും അയാൾ ഞരങ്ങിയും മൂളിയും അവിടെ തന്നെ കിടന്നു.

"അവൻ കള്ളനാ.. ഇതൊക്കെ സ്ഥിരം അടവാ.."

വൈകുന്നേരത്തോടെ പരാതിക്കാരൻ വൃദ്ധനെ മൊഴിയെടുത്ത് പറഞ്ഞു വിട്ടു. ഇതിനിടക്ക് പൊലീസുകാർ കുറ്റാരോപിതനെ ഇടനാഴിയിലേക്ക് മാറ്റിക്കിടത്തി. "അവൻ കള്ളനാ.. ഇതൊക്കെ സ്ഥിരം അടവാ.." പാറാവുകാരൻ എന്നെ നോക്കി പറഞ്ഞു."കള്ളനാണെങ്കിലും നിങ്ങളാരാ അയാളെ അടിക്കാൻ.. നിങ്ങളും നിയമം ലംഘിക്കുകയല്ലെ." ഞാൻ ചോദിച്ചു. " ഇവനെയൊക്കെ കോടതിയിൽ ഹാജരാക്കിയാൽ കുറച്ച് ദിവസം കഴിഞ്ഞ് സുഖമായി ഇറങ്ങി പോരും. ഈ കൊടുക്കുന്നതെ ഉണ്ടാകു." മർദ്ദനത്തിന്റെ ന്യായീകരണമായി പാറാവുകാരൻ പറഞ്ഞു. അപ്പോഴെക്കും കുറ്റാരോപിതൻ എഴുന്നേറ്റ് ചുവരും ചാരി ഇരിപ്പായി. പറഞ്ഞതു പോലെ തന്നെ അല്പസമയത്തിന് ശേഷം അയാളെ കൊണ്ട് തന്നെ മലം കോരി വൃത്തിയാക്കിച്ചു. രണ്ടാം ദിവസം അയാളെ കോടതിയിലേക്ക് കൊണ്ട് പോവുകയും ചെയ്തു.

അമ്മയെക്കൊണ്ട് വൃത്തിയാക്കിച്ചു

അമ്മയെക്കൊണ്ട് വൃത്തിയാക്കിച്ചു

കാക്കനാട് ജില്ല ജയിലിൽ തടവിൽ കഴിയുമ്പോൾ അയാളെ കണ്ടിരുന്നു. വേറെ സെല്ലിൽ ആയതു കൊണ്ട് സംസാരിക്കാൻ പറ്റിയില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനിൽ ക്രൂരമായ മർദ്ദനത്തിനിരയായ സിബി കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് സിബിയുടെ വീട്ടിൽ ചെന്നപ്പോൾ സ്റ്റേഷനിൽ ചെന്ന് കാണുമ്പോൾ മർദ്ദനമേറ്റ് അവശനിലയിലായ സിബി സ്റ്റേഷനകത്ത് മലവിസർജ്ജനം നടത്തിയെന്നും അത് ആ അമ്മയെ കൊണ്ട് കഴുകി വൃത്തിയാക്കിച്ചു എന്നും സിബിയുടെ അമ്മ വിതുമ്പി കൊണ്ട് വിവരിച്ചതും ഓർക്കുന്നു. ജനമൈത്രി പോലീസായെന്ന് വമ്പ് പറയുമ്പോഴാണ് ഈ സംഭവങ്ങൾ ഒക്കെ നടക്കുന്നത്. എത്ര കഴുകിയാലാണ് പൊലീസിന്റെ കയ്യിൽ പറ്റിയ ചോര ഇല്ലാതാവുക എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

തുഷാർ നിർമ്മലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എട്ട് വയസ്സുകാരി മുസ്ലീം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു! കുറ്റപത്രത്തിലെ വിവരങ്ങൾ നടുക്കും

ശ്രീജിത്ത് കൊല്ലപ്പെട്ടത് വിവാഹവാർഷികത്തിന് തൊട്ട് മുൻപ്.. മരണക്കിടക്കയിൽ ആവശ്യപ്പെട്ടത് ഒരുകാര്യം!

English summary
Thushar Nirmal's facebook post against police atrocities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X