പാര്‍ട്ടിയിലും 'വെള്ളാപ്പള്ളി കുടുംബം' തന്നെ; തുഷാര്‍ ബിഡിജെഎസ് പ്രസിഡന്റ്
ആലപ്പുഴ: എസ്എന്‍ഡിപിയില്‍ വെളളാപ്പള്ളി നടേശന്റെ കുടുംബക്കാരാണ് അധികാരം മുഴുവന്‍ കൈയ്യാളുന്നത് എന്നൊരു ആരോപണം നേരത്തേ ഉള്ളതാണ്. ഇപ്പോഴിതാ പുതിയതായി പ്രഖ്യാപിച്ച പാര്‍ട്ടിയിലും കാര്യങ്ങള്‍ ഏതാണ്ട് അങ്ങനെ തന്നെ.
എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് ആയ തുഷാര്‍ വെള്ളാപ്പള്ളിയാണ് ഭാരത് ധര്‍മ ജനസേനയുടെ(ബിഡിജെഎസ്) പ്രസിഡന്റ്. വെള്ളാപ്പള്ളി നടേശന്റെ മകനാണ് തുഷാര്‍ വെള്ളാപ്പള്ളി.

തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മറ്റ് ജാതി സംഘടനകള്‍ക്കും പാര്‍ട്ടി നേതൃത്വത്തില്‍ സ്ഥാനം നല്‍കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചിട്ടുണ്ട്. കെപിഎംഎസ് നേതാവ് ടിവി ബാബുവിനേയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ അംഗം സുഭാഷ് വാസുവും ആണ് ജനറല്‍ സെക്രട്ടറിമാര്‍. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിനേയും മഞ്ചേരി ഭാസ്‌ക്രന്‍ പിള്ളയേയും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. ട്രഷറര്‍ കെജി തങ്കപ്പന്‍.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് കണിച്ചുകുളങ്ങരയില്‍ പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. ഇപ്പോഴുള്ളത് താത്കാലിക കമ്മിറ്റിയാണെന്നാണ് പറയുന്നത്.
25 രൂപയാണ് ബിഡിജെഎസ്സില്‍ ചേരുന്നതിനുള്ള അംഗത്വ ഫീസ്. പത്ത് ലക്ഷം അംഗങ്ങളെ ഉണ്ടാക്കുക എന്നതാണ് പാര്‍ട്ടിയുടെ പ്രാഥമിക ലക്ഷ്യം. ബിഡിജെഎസ് ഒരു പാര്‍ട്ടിയുടേയും വാലാകില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്.












Click it and Unblock the Notifications