ഇടുക്കി അരണക്കല്ലിൽ കടുവയിറങ്ങി; പശുവിനേയും നായയേയും കൊന്നു
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ കടുവ ഇറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനേയും നായയേയും കൊന്നു. പ്രദേശവാസികളായ നാരായണൻ, ബാല മുരുകൻ എന്നിവരുടെ വളർത്തുമൃഗങ്ങളെയാണ് കൊന്നത്.
വനംവകുപ്പ് സംഘം സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം. കടുവയെ കണ്ടെത്തിയാൽ മയക്ക് വെടി വെച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ വിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ദൗത്യം രാവിലെ തന്നെ പുനരാരംഭിക്കുമെന്ന് കോട്ടയം ഡി എഫ് ഒ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഗ്രാമ്പി എസ്റ്റേറ്റിന്റെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവയുള്ളത്. കാലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ രണ്ട് ദിവസമായി കടുവ ഇവിടെ തന്നെ കിടക്കുകയായിരുന്നു വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘം മയക്ക് വെടി വെയ്ക്കാനായി കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയിരുന്നു.












Click it and Unblock the Notifications