പ്രകടനം പോര; ടിന്റു ലൂക്ക ഉഷ സ്‌കൂളിന് പുറത്തേക്ക്
കോഴിക്കോട്: പയ്യോളി എക്‌സ്പ്രസിന് കീഴിലുള്ള ടിന്റു ലൂക്കയുടെ പരിശീലനത്തില്‍ കേന്ദ്ര സ്‌പോര്‍ട്‌സ് അതോറിറ്റിക്ക് അതൃപ്തി. ഉഷ സ്‌കൂളില്‍ നിന്നും മാറ്റി ടിന്റുവിനെ വിദേശങ്ങളിലയച്ച് പരിശീലനം കൊടുക്കാന്‍ ഒരുങ്ങുകയാണ് സായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒളിമ്പിക് മെഡല്‍ നേടിത്തരുമെന്ന് ഉഷ പ്രതീക്ഷ വെക്കുന്ന മലയാളി ഓട്ടക്കാരിയുടെ അടുത്ത കാലത്തെ പ്രകടനം അത്ര പോര എന്നാണ് സായി കരുതുന്നത്.
കൊയിലാണ്ടിയിലെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റ്ക്‌സില്‍ സിന്തറ്റിക് ട്രാക്ക് ഇല്ല എന്നതും സായിയുടെ തീരുമാനത്തിന് പിന്നിലുണ്ട് എന്നാണ് കരുതപ്പെടുന്നത്. ദേശീയ, അന്തര്‍ ദേശീയ മത്സരങ്ങള്‍ നടക്കുന്നത് സിന്തറ്റിക് ട്രാക്കുകളിലാണ്. സാധാരണ ട്രാക്കില്‍ ഓടി പരിശീലിക്കുന്നതാണ് സിന്തറ്റിക് ട്രാക്കില്‍ ടിന്റുവിന് തിളങ്ങാനാകാത്തതിന്റെ ഒരു കാരണമായി പറയപ്പെടുന്നത്.

സിന്തറ്റിക് ട്രാക്ക് മാത്രമല്ല, ഉഷ സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല എന്നും പരാതിയുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ സായിയുടെ കീഴില്‍ പരിശീലനം നേടണം. 2014 ഒളിമ്പിക്‌സിന് ഒരുങ്ങുന്ന ഇന്ത്യന്‍ ഓട്ടക്കാരില്‍ പ്രധാനിയാണ് മലയാളിയായ ടിന്റു ലൂക്ക. 800 മീറ്റര്‍ ഇനത്തില്‍ നിലവിലെ ദേശീയ റെക്കോര്‍ഡുകാരിയാണ് ടിന്റു.
ഒളിമ്പിക്‌സ് മാത്രമല്ല, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയവയില്‍ പങ്കെടുക്കാനുള്ള താരങ്ങളെയും വിദേശത്ത് അയച്ച് പരിശീലനം കൊടുക്കാനും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയിടുന്നുണ്ട്. 800 മീറ്ററില്‍ ഒളിമ്പിക് മെഡല്‍ കിട്ടാന്‍ ടിന്റു ഇനിയും ഏറെ മെച്ചപ്പെടാനുണ്ട് എന്നതാണ് വാസ്തവം. 1.59.17 മിനുട്ടാണ് ടിന്റുവിന്റെ മികച്ച സമയം. 1.53.28 ആണ് ഈയിനത്തിലെ ലോക റെക്കോര്‍ഡ്.












Click it and Unblock the Notifications