സരിതയുടെ വാഹനത്തിന് സൈഡ് നല്‍കാത്ത ടിപ്പര്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍
കിളിമാനൂര്‍: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിതയുടെ വാഹനത്തിന് സൈഡ് നല്‍കാത്തവര്‍ക്ക് പോലീസ്‌റ്റേഷനില്‍ അന്തിയുറങ്ങാം. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന സരിതയുടെ ഒരു ചെറിയ പരാതിയുടെ ആവശ്യം മാത്രമേ വേണ്ടൂ. ഡ്രൈവര്‍ ഏതു പാതാളത്തിലായാലും കേരളപോലീസിലെ ഉന്നതര്‍ പൊക്കിയിരിക്കും.
രാവിലെ അമ്പലപ്പുഴ കോടതിയിലേക്ക് പോകാനിറങ്ങിയതായിരുന്നു സരിത. എം.സി റോഡ് വഴിയാണ് യാത്ര. സരിതയുടെ വാഹനത്തിന് മുന്നില്‍ പോയ ടിപ്പര്‍ കുറച്ചുനേരത്തെക്ക് സൈഡ് നല്‍കിയില്ലെന്നതാണ് സംഭവത്തിന്റെ തുടക്കം. മാത്രമല്ല, കിളിമാനൂരിനടുത്ത് കുറവന്‍കുഴിയില്‍ വെച്ച് ടിപ്പര്‍ വലത്തോട്ടു റോഡിലേക്ക് തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്നും പറയുന്നു.

ഉടന്‍ ടിപ്പറിനെ പിന്തുടര്‍ന്ന സരിത കാര്‍ ടിപ്പറിന് കുറുകെയിട്ടു. ടിപ്പര്‍ ഡ്രൈവറെ നാലു ചീത്തയും പറഞ്ഞശേഷം സരിത ഉന്നതരെ വിളിച്ചറിയിക്കുകയും ചെയ്തു. റോഡിലൊരു ആക്‌സിഡന്റുണ്ടായാല്‍ പോലും പരമാവധി വൈകിയെത്തുന്ന കേരള പോലീസ്, സരിത വിളിക്കേണ്ട താമസം സ്ഥലത്ത് പറന്നെത്തി ടിപ്പര്‍ ഡ്രൈവറെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു.
കോടിതിയിലേക്ക് പോകാനുണ്ടെന്ന് പറഞ്ഞ സരിതയെ അപ്പോള്‍ തന്നെ പോലീസ് പറഞ്ഞുവിട്ടു. ഡ്രൈവറെ സ്റ്റേഷനില്‍ നിര്‍ത്തുകയും ചെയ്തു. സരിതയെ ചീത്തപറയുകയും വാഹനത്തിന് സൈഡ് കൊടുക്കാതിരിക്കുകയും ചെയ്താല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഡ്രൈവര്‍ക്ക് ക്ലാസ് നല്‍കിയതായാണ് വിവരം. എന്തായാലും സരിത വരുന്നുണ്ടെന്നറിഞ്ഞാല്‍ ആ വഴി സൈക്കളില്‍ പോലും സഞ്ചരിക്കാന്‍ ടിപ്പര്‍ ഡ്രൈവര്‍ ഇനി ധൈര്യം കാണിക്കില്ല.












Click it and Unblock the Notifications