ഡെപ്യൂട്ടി തഹസിൽദാർ നാടുവിട്ടത് ഭീഷണി ഭയന്ന്; സംഭവത്തിൽ 3 പേർ അറസ്റ്റിൽ
തിരൂർ: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി ബി ചാലിബിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പി ബി ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. വ്യാജ പോക്സോ കേസിൽ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് പ്രതികൾ ചാലിബിനെ ഭീഷണിപ്പെടുത്തിയിരുന്നു.
പല ഘട്ടങ്ങളിലായാണ് പ്രതികൾ പണം തട്ടിയെടുത്തത്. പിന്നീട് വീണ്ടും പണം തട്ടിയെടുക്കാൻ ശ്രമം നടത്തിയപ്പോഴാണ് ചാലിബ് നാട് വിട്ടതെന്നാണ് വിവരം. പോക്സോ കേസിൽ ഉൾപ്പെടുത്തി കുടുംബം തകർക്കുമെന്ന് പ്രതികൾ ചാലിബിനെ ഭീഷണിപ്പെടുത്തിയെന്നും പല ഘട്ടങ്ങളിലാഇ തുക കൈമാറിയെന്നും പിന്നീടും പണം ആവശ്യപ്പെട്ടപ്പോൾ മാനസിക പ്രയാസത്താൽ നാടുവിടുകയുമായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.

രണ്ടത്താണ് സ്വദേശികളായ ഫൈസൽ, ഷഫീഖ്, വെട്ടിച്ചിറ സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. വ്യാജ പോക്സോ കേസിൽ പെടുത്തുമെന്ന ഭീഷണിയും പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടി ചാലിബ് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഡെപ്യൂട്ടി തഹസിൽദാരെ കാണാതായത് എന്നായിരുന്നു സംശയം. ബുധനാഴ്ച മുതലാണ് മാങ്ങാട്ടിരി പൂക്കൈത സ്വദേശിയും ഡെപ്യൂട്ടി തഹസിൽദാരുമായ ചാലിബിനെ കാണാതായത്. രാവിലെ പതിവ് പോലെ ഓഫിലേക്ക് പോയ ചാലിബ് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല.
അന്ന് ഓഫീസിൽ നിന്ന് 5. 15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചിരുന്നു. അത് കഴിഞ്ഞ് വാട്സാപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പോലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. രാത്രി പതിനൊന്ന് മണിയായിട്ടും ഇദ്ദേഹത്തെ കാണാതത്തിനെ തുടർന്ന് തിരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി 12 മണിയോടെ ചാലിബ് തിരികെ വീട്ടിലെത്തുകയായിരുന്നു. മാനസിക പ്രയാസം മൂലമാണ് താൻ നാടുവിട്ടതെന്നാണ് അദ്ദേഹം ബന്ധുക്കളോട് പറഞ്ഞത്. താൻ തിരികെ വരികയാണെന്ന് കഴിഞ്ഞ ദിവസം ചാലിബ് ഭാര്യയെ വിളിച്ച് പറഞ്ഞിരുന്നു. ചാലിബനെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴാണ് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.












Click it and Unblock the Notifications