അട്ടപ്പാടി ചുരത്തില്‍ രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി; സ്ഥലത്ത് ദുര്‍ഗന്ധം വമിക്കുന്നു, പൊലീസ് പരിശോധന
പാലക്കാട്: മലപ്പുറം തിരൂരില്‍ നിന്ന് കാണാതായ വ്യാപാരി എഴൂര്‍ മേച്ചേരി സിദ്ദിഖിന്റെ മൃതദേഹമാണെന്ന് സംശയിക്കുന്ന ട്രോളി ബാഗുകല്‍ അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തി. ഒമ്പതാം വളവില്‍ നിന്ന് രണ്ട് ട്രോളി ബാഗുകളാണ് പൊലീസ് കണ്ടെത്തിയത്. ഇതില്‍ മൃതദേഹ അവിശിഷ്ടമാണോ എന്ന കാര്യം പരിശോധിച്ചതിന് ശേഷം മാത്രമാണ് പറയാന്‍ സാധിക്കുകയെന്ന് പൊലീസ് വ്യക്തമാക്കുന്നു.
പാറക്കൂട്ടത്തിനും അരുവിക്ക് ഇടയിലുമായാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളില്‍ ഒരാളും ഇവിടെ പൊലീസിനൊപ്പമുണ്ടെന്നാണ് വിവരം. സ്ഥലത്ത് ദുര്‍ഗന്ധം ഉള്ളതായ വിവരവും പുറത്തുവരുന്നുണ്ട്. കേസില്‍ രണ്ട് പേരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായിരുന്നു ഷിബിലി, ഫര്‍ഹാന എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

കസ്റ്റഡിയിലുള്ള ഷിബിലി വല്ലപ്പുഴ സ്വദേശിയാണ്. ഫര്‍ഹാന ചളവറ സ്വദേശിയാണ്. ഷിബിലിക്കെതിരെ ഫര്‍ഹാന 2021ല്‍ പോക്‌സോ കേസ് നല്‍കിയിരുന്നു. 23ന് രാത്രി മുതല്‍ ഫര്‍ഹാനയെ വീട്ടില്‍ നിന്ന് കാണാനില്ലെന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ഫര്‍ഹാനയുടെ സഹോദരന്‍ ഷുക്കൂറിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിവരവും പുറത്തുവരുന്നുണ്ട്.
ഹോട്ടലില്‍ നിന്ന് ട്രോളി ബാഗുമായി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളില്‍ ഷൂക്കൂറുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്. നിലവില്‍ മൂന്ന് പേരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയില്‍ വരുന്നുണ്ട്.
സിദ്ദിഖിനെ കാണാതായതിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് പല സ്ഥലങ്ങളില്‍ നിന്നായി പണം പിന്‍വലിച്ചിരുന്നു. ഇതില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയാണുള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ എന്നീ ഭാഗങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഏതാണ്ട് മുഴുവന്‍ തുകയും അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെന്ന് സിദ്ദിഖിന്റെ മകന്‍ പറഞ്ഞു.
കൊലപാതകം നടന്നിരിക്കുന്നത് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ചാണെന്നാണ് വിവരം. സിദ്ധീഖിന്റെ പേരിലാണ് ഹോട്ടലില്‍ മുറിയെടുത്തിരിക്കുന്നത്. ഷിബിലിയെ ഹോട്ടലില്‍ നിന്നും പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായതെന്നാണ് സഹോദരന്‍ വ്യക്തമാക്കുന്നത്. ഹോട്ടലിലെ മേല്‍നോട്ടക്കാരനായിരുന്നു ഷിബിലി. മറ്റ് തൊഴിലാളികള്‍ ഷിബിലിയുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ ഉന്നയിച്ചിരുന്നു. ശമ്പളം മുഴുവന്‍ കൊടുത്താണ് ഷിബിലിയെ ഹോട്ടലില്‍ നിന്നും ഒഴിവാക്കിയത്.












Click it and Unblock the Notifications