തിരുവള്ളൂരില്‍ ട്രെയിന്‍ അപകടം: ബെംഗളൂരുവിലേക്കുള്ളത് ഉള്‍പ്പെടേയുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച് വന്‍ അപകടം. ഡീസല്‍ കയറ്റി വന്ന വാഗണുകള്‍ക്ക് തീ പിടിക്കുകയായിരുന്നു. 90 ശതമാനം തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി പരിസര പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. മണാലിയിൽനിന്ന് തിരുപ്പതിയിലേക്ക് വരുകയായിരുന്നു ട്രെയിനിന് ഇന്ന് പുലർച്ചെയോടെയാണ് തീ പിടിച്ചത്.
അപകടത്തെ തുടർന്ന് ചെന്നൈ-അരക്കോണം റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു. ട്രെയിന്‍ എഗട്ടൂർ പ്രദേശത്ത് എത്തിയപ്പോഴാണ് തീ പിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. ഒരു ടാങ്കറിൽ നിന്ന് ആരംഭിച്ച തീ മറ്റുള്ളവയിലേക്കും കൂടി വ്യാപിക്കുകയും കനത്ത പുക ഉയരുകയും ചെയ്തു. ഇതേതുടർന്ന് സതേൺ റെയിൽവേ വൈദ്യുതി വിതരണം നിർത്തിവെച്ച് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും മറ്റുള്ളവയുടെ റൂട്ട് മാറ്റുകയും ചെയ്തു.

തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനയും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എസ്പി എ.ശ്രീനിവാസ പെരുമാൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
റദ്ദാക്കിയ ട്രെയിനുകളുടെ പട്ടിക
സതേൺ റെയിൽവേയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഡോ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന താഴെപ്പറയുന്ന എട്ട് എക്സ്പ്രസ് ട്രെയിനുകൾ പൂർണമായി റദ്ദാക്കി
1-ട്രെയിൻ നമ്പർ 20607 - ചെന്നൈ സെൻട്രൽ - മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ്
പുറപ്പെടേണ്ട സമയം: 05:50 AM
2-ട്രെയിൻ നമ്പർ 12007 - ചെന്നൈ സെൻട്രൽ - മൈസൂരു ശതാബ്ദി എക്സ്പ്രസ്
പുറപ്പെടേണ്ട സമയം: 06:00 AM
3-ട്രെയിൻ നമ്പർ 12675 - ചെന്നൈ സെൻട്രൽ - കോയമ്പത്തൂർ കോവൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
പുറപ്പെടേണ്ട സമയം: 06:10 AM
4-ട്രെയിൻ നമ്പർ 12243 - ചെന്നൈ സെൻട്രൽ - കോയമ്പത്തൂർ ശതാബ്ദി എക്സ്പ്രസ്
പുറപ്പെടേണ്ട സമയം: 07:15 AM
5-ട്രെയിൻ നമ്പർ 16057 - ചെന്നൈ സെൻട്രൽ - തിരുപ്പതി സപ്തഗിരി എക്സ്പ്രസ്
പുറപ്പെടേണ്ട സമയം: 06:25 AM
6-ട്രെയിൻ നമ്പർ 22625 - ചെന്നൈ സെൻട്രൽ - കെഎസ്ആർ ബെംഗളൂരു ഡബിൾ ഡെക്കർ എക്സ്പ്രസ്
പുറപ്പെടേണ്ട സമയം: 07:25 AM
7-ട്രെയിൻ നമ്പർ 12639 - ചെന്നൈ സെൻട്രൽ - കെഎസ്ആർ ബെംഗളൂരു ബൃന്ദാവൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
പുറപ്പെടേണ്ട സമയം: 07:40 AM
8-ട്രെയിൻ നമ്പർ 16003 - ചെന്നൈ സെൻട്രൽ - നാഗർസോൾ എക്സ്പ്രസ്
പുറപ്പെടേണ്ട സമയം: 09:15 AM
അതേസമയം, തീപിടുത്തമുണ്ടായതിന് സമീപത്തെ ആളുകള്‍ പ്രത്യേകിച്ച് ശ്വാസകോശ രോഗമുള്ളവർ, വീടിനുള്ളിൽ തുടരാനും അടിയന്തര സേനകൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കാനും അധികൃതർ അഭ്യർത്ഥിച്ചു. തിരുവള്ളൂർ ജില്ലാ കളക്ടർ എം. പ്രതാപ്, തീ നിയന്ത്രണവിധേയമാക്കാനും സാധാരണ നില പുനഃസ്ഥാപിക്കാനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതായി അറിയിച്ചു. യാത്രക്കാർക്ക് ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി റെയിൽവേ അധികൃതരുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications