'തൊഴിലാളി പ്രസ്ഥാനത്തെ രൂപമാറ്റം വരുത്തിയവരാണ് ഇനി ബാക്കി; വിഎസിനെ പോലെ മറ്റൊരാളില്ല'
മലപ്പുറം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ചിതയേറ്റുവാങ്ങുന്നത് വരെ ആലപ്പുഴയുടെ തെരുവുകളില്‍ കടലിരമ്പം പോലെ മുദ്രാവാക്യങ്ങളായിരുന്നു. വിഎസിന്റെ നിലപാടുകളെ പിന്തുണച്ചവരും എതിര്‍ത്തിരുന്നവരും ഒരുപോലെ ആ വേര്‍പ്പാടില്‍ ദുഃഖം പങ്കുവച്ചു. നൂറ്റാണ്ട് പിന്നിട്ട ജീവിതം നയിച്ച, സമരങ്ങളുടെ പര്യായമായി മാറിയ ഇതുപോലെ ഒരു നേതാവ് ഇനിയില്ല എന്ന് ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയ ജനം പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പിവി അന്‍വര്‍ വിഎസിന്റെ അന്ത്യയാത്രയെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍: 'അഭിനവ ഗോര്‍ബച്ചേവുമാരുടെ ദുഷ് ചെയ്തികളാല്‍ ഈ സമുദ്രം വറ്റിവരളാതിരിക്കട്ടെ എന്ന് വി.എസിനെ പോലെ നമുക്കും ആഗ്രഹിക്കാം''
ഈ സായാഹ്നത്തില്‍ കേരളത്തില്‍ മനുഷ്യരുള്ള ഇടങ്ങളിലെല്ലാം അനുസ്മരണ വേദികള്‍ ഒരുങ്ങിയിരിക്കുന്നു.ഒത്തുകൂടുന്നവരില്‍ കമ്മ്യൂണിസ്റ്റുകള്‍ മാത്രമല്ല. കേരളമൊന്നടങ്കം കക്ഷിരാഷ്ട്രീയ ഭേദമന്യേ അവരുടെ സഖാവിനെ,രണ്ടു പുരുഷായുസ്സ് നീണ്ടുനിന്ന അദ്ദേഹത്തിന്റെ സമരങ്ങളെ അനുസ്മരിക്കുകയാണ്. കേരളത്തില്‍ ഇന്നേവരെ ഒരാള്‍ക്കും ലഭിക്കാത്ത ഇനിയൊരിക്കല്‍ മറ്റൊരാള്‍ക്കും ലഭിക്കാനിടയില്ലാത്ത യാത്രയയപ്പ് കേരളം സഖാവ് വിഎസിന്റെ സമര ജീവിതത്തിന് നല്‍കുകയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാല്‍ അത് വിഎസ് ആണെന്ന് വിശ്വസിക്കുന്ന ആബാലവൃതം ജനങ്ങളാണ് സഖാവ് വിഎസിന് അവസാനമായി അന്ത്യോപചാരമര്‍പ്പിക്കാന്‍ വഴിയരികില്‍ കാത്തുനിന്നിരുന്നന്നത്. ഇനി ഇങ്ങനെ ഒരു നേതാവ് യാത്രയയക്കാന്‍ തങ്ങള്‍ക്കില്ല എന്ന് സാധാരണക്കാരും തൊഴിലാളികളുമായ സഖാക്കള്‍ക്കറിയാം.തൊഴിലാളി പ്രസ്ഥാനത്തെ മുതലാളിത്തത്തിലേക്ക് വഴി നടത്തിയവരും രൂപമാറ്റം വരുത്തിയവരുമാണ് ഇനി ബാക്കിയുള്ളത് എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ യാത്രയയപ്പ് ഇത്രമാത്രം ജനപങ്കാളിത്തമുള്ളതും പ്രാധാന്യമുള്ളതും ആയിത്തീരുന്നത്.
ജീവിതം തന്നെ സമരമാക്കിയ സഖാവിന്,
വി.എസിന് വിട.
പിവി അന്‍വറിന്റെ കുറിപ്പിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്തുവന്നത്. ഈ കുറിപ്പിന് താഴെ കമന്റായി അദ്ദേഹം വീണ്ടും ഇങ്ങനെ എഴുതി:
'തൊഴിലാളികളോടും അവരുടെ പ്രശ്‌നങ്ങളില്‍ നിന്നും പാര്‍ട്ടിക്ക് നയവ്യതിയാനം സംഭവിച്ചിടങ്ങളിലെല്ലാം വി.എസ് ഇടപെട്ടിട്ടുണ്ടായിരുന്നു.അങ്ങനെയാണ് വിഎസ് ചിലര്‍ക്ക് കണ്ണിലെ കരടായി മാറിയത്.
എന്റെ അനുഭവവും മറിച്ചല്ല,
സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതത്തില്‍ പോലീസ് അടക്കം അനാവശ്യ ഇടല്‍പ്പെടലുകള്‍ നടത്തിയതിനെ എണീറ്റു നിന്ന് ചോദ്യം ചെയ്തപ്പോഴാണ് ഞാനും പലര്‍ക്കും അനഭിമതനായത്.
തീര്‍ച്ചയായും എനിക്ക് വിഎസിനെ അനുസ്മരിക്കാം.'












Click it and Unblock the Notifications