സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന്‍ രാത്രി ബിജെപി, ഗുരുതര ആരോപണം
തൃശൂര്‍: മണലൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ടിഎന്‍ പ്രതാപനെതിരെ ഗുരുതര ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ബിജെപിയുമായി പ്രതാപന്‍ ഒത്തുകളിച്ചു എന്നാണ് നാട്ടിക കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പികെ ഫിറോസ് ആരോപിച്ചത്. എല്‍ഡിഎഫ് വേദിയില്‍ എത്തിയാണ് ഫിറോസിന്റെ ആരോപണം.
സുരേഷ് ഗോപിയില്‍ നിന്ന് എട്ട് കോടി രൂപ ടിഎന്‍ പ്രതാപന്‍ കൈപ്പറ്റി. നാട്ടികയിലും മണലൂരിലും വിതരണം ചെയ്യാനാണ് പണം വാങ്ങിയത്. രാവിലെ കോണ്‍ഗ്രസും രാത്രി ബിജെപിയുമാണ് പ്രതാപന്‍. കോടികളുടെ ഇടപാടാണ് ബിജെപിയുമായി പ്രതാപന്‍ നടത്തിയത്. തൃശൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ തോറ്റതിന് കാരണം പ്രതാപനാണ് തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഫിറോസ് ഉന്നയിച്ചു.

കഴിഞ്ഞ ദിവസം നാട്ടികയില്‍ കിറ്റ് വിവാദം ഉയര്‍ന്നിരുന്നു. വോട്ടിന് പകരം ബിജെപി കിറ്റ് വിതരണം ചെയ്തു എന്നായിരുന്നു ആരോപണം. സാരി വിതരണം ചെയ്തു, കിറ്റ് കൊടുക്കുന്നു, ഇനി ആംബുലന്‍സില്‍ പണം എത്തിക്കും എന്നായിരുന്നു ടിഎന്‍ പ്രതാപന്‍ പ്രതിഷേധത്തിനിടെ ആരോപിച്ചത്. എന്നാല്‍ ഇതെല്ലാം പ്രതാപന്റെ നാടകമാണ് എന്ന് ഫിറോസ് പറയുന്നു.
കിറ്റ് വിവാദം നാടകം, ഇതെല്ലാം നേരത്തെ അറിഞ്ഞു
ഗുരുവായൂരിലും മണലൂരിലും വോട്ട് മറിക്കാന്‍ പ്രതാപന്‍ ബിജെപി നേതാവുമായി ധാരണയായിട്ടുണ്ട്. വാടാനപ്പള്ളിയിലെ കിറ്റ് വിവാദം ഞായറാഴ്ചയാണ് ഉണ്ടായത്. എന്നാല്‍ മൂന്ന് ദിവസം മുമ്പ് ഇക്കാര്യം തങ്ങള്‍ അറിഞ്ഞിരുന്നു. അവര്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണിത് എന്നും ഫിറോസ് പറയുന്നു. കെ മുരളീധരന്റെ തോല്‍വിക്ക് പിന്നില്‍ പ്രതാപനാണ് എന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിരുന്നു എന്നും വെളിപ്പെടുത്തലുണ്ട്.
പാര്‍ട്ടിയിലെ ചേരിപ്പോരാണ് പികെ ഫിറോസിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ടിഎന്‍ പ്രതാപനെതിരായ വികാരം ചില നേതാക്കള്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഗുരുതരമായ ആരോപണം പ്രതാപനെതിരെ ഒരു കോണ്‍ഗ്രസ് നേതാവ് ഉന്നയിക്കുന്നത് ആദ്യമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ എട്ട് കോടി വാങ്ങി എന്ന ആരോപണം ഗുരുതരമാണ്. ഇക്കാര്യത്തില്‍ ടിഎന്‍ പ്രതാപന്‍, ബിജെപി നേതൃത്വം എന്നിവരുടെ പ്രതികരണം ഉണ്ടാകുമെന്നാണ് കരുതുന്നത്. കോടികളുടെ ഇടപാട് നേരിട്ട് കണ്ടു എന്നാണ് ഫിറോസ് പറയുന്നത്. തിരഞ്ഞെടുപ്പിന് പടിവാതിലില്‍ നില്‍ക്കുമ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ മറ്റെന്തെങ്കിലും ലക്ഷ്യത്തോടെയാണോ എന്നും വ്യക്തമല്ല.












Click it and Unblock the Notifications