ആ മറുപടിയിലുണ്ട് സകലമാന സ്ത്രീകളെയും കുറിച്ചുള്ള പരമ പുച്ഛവും ജീര്‍ണ്ണമായ ആൺകോയ്മാ ഹുങ്കും: കുറിപ്പ്
തിരുവനന്തപുരം: കുളത്തൂപ്പുഴ പീഡനക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ സിപിഎം നേതാവ് ടിഎൻ സീമ. ക്വാറന്റൈനില്‍ കഴിയുന്ന യുവതിയെ ലൈംഗികമായി ആക്രമിച്ച കോൺഗ്രസ് പ്രവര്‍ത്തകനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അധ:പതിച്ച മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. സ്ത്രീകളെ ഒന്നാകെ അപമാനിക്കുന്ന തരത്തില്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന നിലയിലുള്ള മറുപടി എങ്ങനെയാണ് ഒരു രാഷ്ട്രീയ നേതാവിന് പറയാന്‍ കഴിയുന്നത്. ആ മറുപടിയിലുണ്ട് സകലമാന സ്ത്രീകളെയും കുറിച്ചുള്ള പരമ പുച്ഛവും ജീര്‍ണ്ണമായ ആൺകോയ്മാ ഹുങ്കും. കോൺഗ്രസുകാര്‍ക്ക് സ്ത്രീ പീഡനം പുതിയ കാര്യമൊന്നുമല്ല എന്നത് കൊണ്ടാകാം ചെന്നിത്തല ഇങ്ങനെ പ്രതികരിച്ചതെന്നും ടിഎൻ സീമ ഫേസ്ബുക്കിൽ കുറിച്ചു.
നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരി ഒരു പാവം സ്ത്രീയെ കൊന്നു ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ കോൺഗ്രസുകാർക്ക് സ്ത്രീ പീഡനം ഒരു മേന്മയായി തോന്നുന്നുണ്ടാകും. പക്ഷെ സ്ത്രീകള്‍ ഈ വൃത്തികേടും കേട്ട് വെറുതെയിരിക്കുമെന്നു കരുതേണ്ടെന്നും ടിഎൻ സീമ കൂട്ടിച്ചേർത്തു.

കുളത്തൂപ്പുഴയിൽ കൊറോണ വൈറസ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ പെൺകുട്ടിയെ കോൺഗ്രസ് പ്രവർത്തകനാണെന്ന ആരോപണമുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രമേശ് ചെന്നിത്തല നൽകിയ മറുപടിയാണ് വിവാദമായത്. അതെന്താ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയർന്നുവന്നിട്ടുള്ളത്.












Click it and Unblock the Notifications