ടിഎന്‍ സീമയ്ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി, ഡ്രൈവറെയും അറ്റന്ററെയും നിയമിക്കാം
തിരുവനന്തപുരം: ടിഎന്‍ സീമയ്ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കി സംസ്ഥാന സര്‍ക്കാര്‍. നവകേരളം കര്‍മപദ്ധതിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ് ടിഎന്‍ സീമ. സിപിഎം സംസ്ഥാന സമിതി അംഗമാണ് അവര്‍. അതേസമയം ഔദ്യോഗിക വാഹനം ഓടിക്കുന്നതിന് ഡ്രൈവറെയും ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് ഓഫീസ് അറ്റന്‍ഡറെയും കരാര്‍ വ്യവസ്ഥയില്‍ നിയമിക്കാം. 25 വര്‍ഷം സര്‍വീസുള്ള ഐഎഎസുകാര്‍ക്ക് ലഭിക്കുന്നതാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി.

നിലവിലുള്ള നാല് മിഷനുകളായ ലൈഫ്, ആര്‍ദ്രം, ഹരിത കേരള മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷ യജ്ഞം, കേരള പുനര്‍നിര്‍മാണ പദ്ധതി, എന്നിവയെ ഏകോപിപ്പിക്കുന്നതിനാണ് നവകേരളം കര്‍മ പദ്ധതി രണ്ട് എന്ന പേരില്‍ ഏകീകൃത മിഷന്‍ രൂപീകരിച്ചത്. അതേസമയം അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ടിഎന്‍ സീമയുടെ നിയമനം സംബന്ധിച്ച് ഉത്തരവിറക്കി. കേഡറില്‍ ഒഴിവ് വരുന്ന മുറയ്ക്കാണ് ഐഎഎസ്സുകാര്‍ക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി ലഭിക്കുക. 1.82 ലക്ഷം രൂപയാണ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. ടിഎന്‍ സീമയുടെ ശമ്പളം നിശ്ചയിക്കാന്‍ ഭരണവകുപ്പിനോട് അടിയന്തരമായി പ്രപ്പോസല്‍ തരണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.
2021 സെപ്റ്റംബര്‍ മൂന്നിനാണ് ടിഎന്‍ സീമയെ നവകേരളം കര്‍മ പദ്ധതി കോ ഓര്‍ഡിനേറ്ററായി നിയമിച്ചത്. ശമ്പളം ധനവകുപ്പ് നിശ്ചയിക്കുന്നതോടെ സെപ്റ്റംബര്‍ 2021 മുതലുള്ള ശമ്പളം ഇവര്‍ക്ക് ലഭിക്കും. രാജ്യസഭാ എംപിയായിരുന്ന സീമയ്ക്ക് എംപി പെന്‍ഷനും ഇതോടൊപ്പം ലഭിക്കുക. ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 25000 രൂപയാണ് പെന്‍ഷന്‍. ഇതിന് പുറമേയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ശമ്പളം നല്‍കുന്നത്.












Click it and Unblock the Notifications