കൊവിഡ് ഭീതി; കേരളത്തില്‍ ഇന്ന് മാത്രം അഞ്ച് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീതി വര്‍ധിക്കുകയാണ്. പ്രതിദിനം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് മാത്രം അഞ്ച് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.
കോഴിക്കോട് സ്വദേശി ഷാഹിദ, കോട്ടയം ചുങ്കം സിഎംഎസ് കോളെജ് ഭാഗം നടുമാലില്‍ യൗസേഫ് ജോര്‍ജ്, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍, ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗ്ഗീസ് പള്ളന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരയേും 59 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇന്ന് അഞ്ച് പേര്‍ മരണപ്പെട്ടതോടെ മരണനിരക്ക് 64 ആയി ഉയരും.

കഴിഞ്ഞ ദിവസമായിരുന്നു ഷാഹിദ മരണപ്പെടുന്നത്. അര്‍ബുദ രോഗിയായിരുന്ന ഇവരുടെ മാതാവ് റുഖിയാബിയും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരണപ്പെടുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച യൗസേഫ് ജോര്‍ജിന് (83) കൊവിഡാണെന്ന് ഇന്നാണ് സ്ഥിരീകരിക്കുന്നത്. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്. നേരത്തെ മെഡിക്കല്‍ കോളെജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാമതും പരിശോധനക്കയച്ച ശേഷമാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍ മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 71 വയസുണ്ട്. പനിയും ചുമയും അടക്കം ലക്ഷണങ്ങളുമായി ജില്ലാ ആശുപത്രിയിലാണ് ആദ്യം ചിതിത്സ തേടിയത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 19 ന് നടത്തിയ പരിശോധനയിലായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. അബ്ദുള്‍ ഖാദറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷത്തിലാക്കിയിട്ടുണ്ട്.
പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട കാസര്‍ഗോഡ് കമ്പള ആരിക്കാട് സ്വദേശി അബ്ദുള്‍ റഹ്മാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 70 വയസുണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടിയതായാണ് വിവരം. ഇതോടെ കാസര്‍ഗോഡ് മാത്രം കൊവിഡ് മരണം അഞ്ച് ആയിരിക്കുകയാണ്.
ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളന്‍ വീട്ടില്‍ വര്‍ഗിസിനെ ജൂലൈ 18 നായിരുന്നു കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന വര്‍ഗിസ് രാവിലെയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകനും ഭാര്യയും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയാണ്.












Click it and Unblock the Notifications