സ്വര്‍ണവില കുതിപ്പില്‍ ഞെട്ടി ആഭരണ പ്രേമികള്‍; 3000 രൂപ ലാഭിക്കാന്‍ വഴിയുണ്ടായിരുന്നു, പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ രേഖപ്പെടുത്തിയത്. അമേരിക്കയിലെ ഭരണമാറ്റം കാരണം വീണുപോയ സ്വര്‍ണം തിരിച്ചുകയറാന്‍ സമയമെടുക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതിവേഗ തിരിച്ചുവരവാണ് സ്വര്‍ണത്തില്‍ ഇപ്പോള്‍ കാണുന്നത്. ഒരുപക്ഷേ, ദിവസങ്ങള്‍ കഴിഞ്ഞാല്‍ സ്വര്‍ണവിലയില്‍ സ്ഥിരത കൈവരുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പ്രത്യാശിക്കുന്നു.
ആഗോള വിപണിയില്‍ മൊത്തം അസ്ഥിരത പ്രകടമാണ്. ക്രൂഡ് ഓയില്‍ വില കുത്തനെ വര്‍ധിക്കുകയാണ്. ബിറ്റ് കോയിന്‍ വിലയും കുതിക്കുന്നുണ്ട്. ഡോളര്‍ നിരക്ക് ഉയര്‍ന്നു. ഇന്ത്യന്‍ രൂപ കൂപ്പുകുത്തി. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ സംഭവിച്ച ഈ മാറ്റങ്ങള്‍ വ്യവസായ ലോകത്തെ അത്ഭുപ്പെടുത്തിയിട്ടുണ്ട്. വരും ആഴ്ചകളിലും സമാന സാഹചര്യം തുടരാനാണ് സാധ്യത. എങ്കിലും സ്വര്‍ണത്തില്‍ ചില കാലേകൂട്ടിയുള്ള നീക്കം നടത്തിയിരുന്നു എങ്കില്‍ നേട്ടം കൊയ്യാമായിരുന്നു.

ഈ മാസം സ്വര്‍ണം പവന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 59080 രൂപയായിരുന്നു. പിന്നീടാണ് അമേരിക്കയിലെ ഭരണമാറ്റമുണ്ടായതും വില ഇടിയാന്‍ തുടങ്ങിയതും. 55480 രൂപ വരെ ഇടിഞ്ഞു. ഈ അവസരം ആഭരണ പ്രേമികള്‍ക്ക് മുതലെടുക്കാമായിരുന്നു. നവംബര്‍ 17ലെ ഈ വിലയില്‍ നിന്ന് പെട്ടെന്നാണ് ഉയര്‍ച്ച രേഖപ്പെടുത്തിയതും ഇന്നത്തെ വിലയായ 58400 രൂപയിലെത്തിയതും. 2920 രുപയാണ് ഏഴ് ദിവസത്തിനിടെ വര്‍ധിച്ചത്.
വിപണിയില്‍ അസ്ഥിരതയ്ക്ക് സാധ്യതയുണ്ടെങ്കില്‍ സ്വര്‍ണ വില കൂടുമെന്ന് അനുമാനിക്കണം. സ്വര്‍ണവും ബിറ്റ് കോയിനുമാണ് അസ്ഥിരതയില്‍ നേട്ടം കൊയ്യുന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2708 ഡോളറിലേക്ക് കുതിച്ചു. ബിറ്റ് കോയിന്‍ വില 98000 ഡോളറിലെത്തി. സ്ഥാനമൊഴിയാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയെ ആക്രമിക്കാന്‍ യുക്രൈന് സഹായം നല്‍കിയതാണ് ആശങ്ക ഇരട്ടിച്ചതും സ്വര്‍ണവില കൂടാന്‍ കാരണമായതും.
യുക്രൈന്‍-റഷ്യ പോര് കൂടുതല്‍ കനക്കുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും കൂടും. സംഘര്‍ഷം കനത്തില്ലെങ്കിലും വലിയ തോതിലുള്ള ഇടിവ് പ്രതീക്ഷിക്കേണ്ട. ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ വില ഇടിയുന്ന സമയം പരിശോധിച്ച് അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നത് നല്ലതാണ്. ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള വിവിധ സ്‌കീമുകളും ഉപയോഗപ്പെടുത്താം.
അമേരിക്കന്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നത് തുടരുകയാണ്. 107 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. ഇന്ത്യന്‍ രൂപ 84.44 എന്ന നിരക്കിലാണുള്ളത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് ബാരലിന് 75 ഡോളറിന് മുകളിലെത്തി. ഡബ്ല്യുടിഐ ക്രൂഡ്, മര്‍ബണ്‍ ക്രൂഡ് എന്നീ ഇനങ്ങളുടെ വിലയും വര്‍ധിക്കുകയാണ്. ചൈനയില്‍ നിന്നുള്ള ക്രൂഡ് ആവശ്യം ഉയര്‍ന്നാല്‍ വില വീണ്ടും വര്‍ധിക്കാനാണ് സാധ്യത.
ട്രംപ് അധികാരം ഏറ്റെടുത്താല്‍ റഷ്യയുമായുള്ള തര്‍ക്കത്തിന് അവസാനമുണ്ടാകുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം. ഈ വേളയില്‍ സ്വര്‍ണത്തിന് നേരിയ ഇടിവ് സംഭവിച്ചേക്കാം. എന്നാല്‍ അങ്ങനെ സംഭവിക്കുമെന്ന് കരുതി ഉറപ്പിച്ചിരിക്കാന്‍ നിലവിലെ വിപണി സാഹചര്യം അനുവദിക്കുന്നില്ല. എത്ര വില കൂടിയാലും ആഭരണമായും നിക്ഷേപമായും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ നേട്ടം കൊയ്യാമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.












Click it and Unblock the Notifications