സ്വര്‍ണവില ഇളകി; എങ്കിലും നാലാംദിനം ആശങ്ക വേണ്ട, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: റെക്കോര്‍ഡ് ഉയര്‍ച്ചയും വന്‍ ഇടിവും പ്രകടമാക്കിയ സ്വര്‍ണവില കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ വിലയില്‍ തുടരുകയായിരുന്നു. ഇന്ന് നേരിയ മുന്നേറ്റമുണ്ടായി. ആശങ്കയ്ക്ക് വകയില്ലെങ്കിലും വരുംദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ രൂപീകരണവും മന്ത്രിപദവികളുമെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു വിപണി എന്നു വേണം മനസിലാക്കാന്‍.
ഡോളര്‍ സൂചിക കയറി പോകുന്നത് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാണെങ്കിലും സ്വര്‍ണവില കുറയാന്‍ ഇടയാക്കും. അതേസമയം, എണ്ണ വിലയിലും നേരിയ മുന്നേറ്റം പ്രകടമാണ്. എണ്ണവിലയിലെ ഉയര്‍ച്ച ആഗോള വിപണിയെ മൊത്തത്തില്‍ ബാധിക്കും. പ്രത്യേകിച്ച് എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യന്‍ വിപണിയില്‍. ഇനി പുതിയ സ്വര്‍ണവില സംബന്ധിച്ച് അറിയാം....

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 52680 രൂപയാണ് നല്‍കേണ്ടത്. കഴിഞ്ഞ മൂന്ന് ദിവസം 52560 രൂപയായിരുന്നു. ഇന്ന് 120 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ കൂടി 6585 രൂപയിലെത്തി. 54080 രൂപ വരെ ഉയര്‍ന്ന ശേഷം വന്‍ ഇടിവ് രേഖപ്പെടുത്തിയത് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഇന്നത്തെ വിലക്കയറ്റം വരും ദിവസങ്ങളിലേക്കുള്ള സൂചനയാകുമോ എന്ന് സംശയിക്കുന്നവരുണ്ട്.
പവന്‍ വില അര ലക്ഷം കടന്നതോടെ 22 ക്യാരറ്റ് സ്വര്‍ണത്തിന് പകരം 18 ക്യാരറ്റ് സ്വര്‍ണത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വിവിധ ഡിസൈനിലുള്ള ആഭരണങ്ങള്‍ ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിലുണ്ട് എന്നതാണ് ആകര്‍ഷണം. അതേസമയം, ബാങ്ക് ലോണ്‍, പണയം എന്നിവയ്ക്ക് ക്യാരറ്റ് കുറഞ്ഞ സ്വര്‍ണം ഉപകാരപ്പെടില്ലേ എന്ന ആശങ്ക ഉപഭോക്താക്കള്‍ക്കുണ്ട്.
സ്വര്‍ണവില കുറഞ്ഞ സാഹചര്യത്തില്‍ വിവാഹ ആവശ്യക്കാര്‍ ഉള്‍പ്പെടെ അഡ്വാന്‍സ് ബുക്കിങിനായി വരുന്നുണ്ട് എന്നാണ് ജ്വല്ലറി വ്യാപാരികള്‍ നല്‍കുന്ന വിവരം. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം സ്വന്തമാക്കാനുള്ള മാര്‍ഗമാണ് അഡ്വാന്‍സ് ബുക്കിങ്. വാങ്ങുന്ന സമയത്തെയും ബുക്ക് ചെയ്യുന്ന സമയത്തെയും കുറഞ്ഞ വില ഏതാണോ, ആ വിലയ്ക്ക് സ്വര്‍ണം കിട്ടുമെന്നതാണ് ഈ സ്‌കീമിന്റെ നേട്ടം.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 57500 രൂപ വരെ ചെലവ് വന്നേക്കാം. വില്‍ക്കുന്നവര്‍ക്ക് 50000ത്തിന് മുകളില്‍ ലഭിച്ചേക്കും. തങ്കത്തിന് വില കുറഞ്ഞത് പഴയ സ്വര്‍ണത്തിന്റെ വില ഇടിക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ വാങ്ങിയ ജ്വല്ലറിയില്‍ തന്നെ കൊടുക്കുന്നതാണ് നല്ലത്. രണ്ട് ശതമാനം വില കുറച്ചാണ് ഇവര്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുക. ജ്വല്ലറി മാറുമ്പോള്‍ ഇത് മൂന്ന് അല്ലെങ്കില്‍ നാല് ശതമാനം വരെ മൂല്യം കുറയ്ക്കാന്‍ കാരണമാകും.
ഡോളര്‍ സൂചിക ഇന്ന് 105.12ലാണുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.50 എന്ന നിരക്കിലെത്തി. എണ്ണവില ബ്രെന്റ് ക്രൂഡ് ബാരലിന് 81.43 ഡോളറാണ് വില. പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതമായതിനാല്‍ എണ്ണവില കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏത് സമയവും സാഹചര്യം മാറിയേക്കാമെന്നതാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെ അവസ്ഥ. ഇതിന് അനുസരിച്ച് വിപണി നിലവാരത്തിലും മാറ്റം വരും. ബാങ്കുകളുടെ പലിശ നിരക്ക്, ചൈനയില്‍ നിന്നുള്ള ആവശ്യം എന്നിവയും സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്.












Click it and Unblock the Notifications