സ്വര്‍ണവില ഉയര്‍ന്നു തന്നെ; റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴാതെ മഞ്ഞലോഹം, ഇന്നത്തെ നിരക്ക്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു. അമേരിക്കന്‍ കേന്ദ്ര ബാങ്ക് പണനയം പ്രഖ്യാപിക്കാനിരിക്കുന്നത് ഉറ്റുനോക്കുകയാണ് വിപണി. ആഗോള തലത്തില്‍ ഓഹരി വിപണിയിലും സ്വര്‍ണ വിപണിയിലും മാറ്റമുണ്ടാക്കാന്‍ വഴിയൊരുക്കുന്നതാകും യുഎസ് പണനയം. പലിശ നിരക്ക് കുറയ്ക്കുന്ന സൂചനകളുണ്ടായാല്‍ സ്വര്‍ണവില ഉയരാന്‍ കാരണമാകും.
സംസ്ഥാനത്ത് ഈ മാസം 2000 രൂപയിലധികമാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇത്രയും വര്‍ധനവ് പ്രതീക്ഷിച്ചതല്ല. ഘട്ടങ്ങളായുള്ള വിലക്കയറ്റമാണ് സാമ്പത്തിക നിരീക്ഷകര്‍ പ്രവചിച്ചിരുന്നത്. അതേസമയം, വന്‍തോതിലുള്ള വിലക്കുറവ് ഇനി പ്രതീക്ഷിക്കേണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ സൂചിപ്പിക്കുന്നു. നേരിയ ചാഞ്ചാട്ടത്തിനും വില കയറ്റത്തിനുമാണ് സാധ്യതയെന്നും അവര്‍ കരുതുന്നു.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 48640 രൂപയില്‍ ഇന്നും തുടരുന്നു. കഴിഞ്ഞ ദിവസമാണ് ഈ വിലയിലേക്ക് സ്വര്‍ണം എത്തിയത്. ഗ്രാമിന് 6080 രൂപ നല്‍കണം. ഡോളര്‍ സൂചിക 103.87ലാണുള്ളത്. സൂചിക നേരിയ തോതില്‍ ഉയരുകയാണ്. ഇത് സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കുന്നതാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 83.02 എന്ന നിരക്കിലെത്തി.
ക്രൂഡ് എണ്ണ വിലയിലെ വര്‍ധനവാണ് വിപണിയെ ഏറെ ആശങ്കയിലാക്കുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 87.23 ഡോളറാണ് പുതിയ വില. മര്‍ബണ്‍ ക്രൂഡ് 87.37 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 83.21 ഡോളറും. എണ്ണവില കുതിച്ചുയരുന്നത് അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കും. ഇത് സമ്പദ് വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നതാണ്.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍, ഉല്‍പ്പാദനം വെട്ടിക്കുറച്ച ഒപെക് രാജ്യങ്ങളുടെ തീരുമാനം, ചൈനയില്‍ നിന്നുള്ള ആവശ്യം ഉയരുന്നത് എന്നിവയെല്ലാം എണ്ണ വില ഉയരാനുള്ള കാരണമാണ്. അതേസമയം, ഇന്ത്യയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ കുറവ് വരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് വില കുറച്ചത്.
വിപണിയില്‍ ആശങ്ക പടരുമ്പോള്‍ സുരക്ഷിത നിക്ഷേപമായി കരുതുന്ന സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടും. ഇത് സ്വര്‍ണവില ഉയരാന്‍ കാരണമാകും. അമേരിക്ക പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രചാരണം വന്നപ്പോള്‍ തന്നെ സ്വര്‍ണവില കയറിയിരുന്നു. ജൂണ്‍ മുതല്‍ ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രചാരണം. ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന കാര്യങ്ങള്‍ ഇന്നത്തെ യോഗത്തിലുണ്ടായേക്കും.












Click it and Unblock the Notifications