സ്വര്‍ണവില കുതിച്ചു, പെട്ടെന്ന് വീണു; കേരളത്തില്‍ വില കുറഞ്ഞു, അപ്രതീക്ഷിത മാറ്റം ഇങ്ങനെ
കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ അപ്രതീക്ഷിത മാറ്റം. വില കുതിക്കാനുള്ള സാഹചര്യം ഒരുങ്ങിയെങ്കിലും മറിച്ചാണ് സംഭവിച്ചത്. വില അതിവേഗം ഉയരുന്ന പ്രവണതയാണ് വിപണി ആദ്യം കാണിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തിരിച്ചിറങ്ങി. ഇതോടെ കേരളത്തിലും ഇന്ന് വില കുറഞ്ഞു. വില കൂടുമെന്ന് ഭയപ്പെട്ടിരുന്ന ഉപഭോക്താക്കള്‍ക്ക് ഇന്ന് സന്തോഷിക്കാം.
ഇപ്പോഴത്തെ ട്രെന്‍ഡ് വരുംദിവസങ്ങളിലും തുടരുമെന്ന് പറയാന്‍ വയ്യ. ഏത് സമയവും മാറ്റമുണ്ടായേക്കാം. അതുകൊണ്ടുതന്നെ ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അവസരം ഉപയോഗപ്പെടുത്തണം. ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗിക്കാം. സംസ്ഥാനത്തെ പുതിയ സ്വര്‍ണവില അറിയാം...

കേരളത്തില്‍ സ്വര്‍ണവില പവന് 54600 രൂപയാണ് നല്‍കേണ്ടത്. 200 രൂപ കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6825 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5665 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 95 രൂപയില്‍ തുടരുകയാണ്. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2560 ഡോളറിന് മുകളിലാണിപ്പോള്‍. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെയാണ് വിപണിയില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചത്. 5.50 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കിയാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. നിക്ഷേപ വരുമാനം കുറയുമെന്ന് മനസിലാക്കി കൂടുതല്‍ പേര്‍ കടപത്രങ്ങള്‍ വിട്ട് സ്വര്‍ണത്തിലേക്ക് തിരിഞ്ഞു. ഇതോടെ സ്വര്‍ണവില ആദ്യം കുതിച്ചു. ഔണ്‍സ് സ്വര്‍ണത്തിന് 2600 ഡോളറിന് മുകളിലായി.
എന്നാല്‍ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഉള്ളതെന്ന് മനസിലാക്കി ലാഭമെടുക്കുന്നവര്‍ വിറ്റഴിക്കാന്‍ തുടങ്ങിയതും ഇതേ വേളയിലാണ്. ലാഭം കൊയ്യല്‍ ശക്തമായതോടെ സ്വര്‍ണവില ഇടിയാന്‍ തുടങ്ങി. ഒടുവില്‍ 2550 ഡോളര്‍ എന്ന നിലയിലേക്ക് കൂപ്പുകുത്തി. അതിന് ശേഷം നേരിയ മുന്നേറ്റം നടത്തിയാണ് ഔണ്‍സ് വ്യാപാരം പുരോഗമിക്കുന്നത്.
പശ്ചിമേഷ്യയില്‍ രാഷ്ട്രീയ സാഹചര്യം മോശമായതിനാല്‍ സ്വര്‍ണവില ഉയരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഇന്ന് എണ്ണവില വര്‍ധിക്കുന്നതാണ് ട്രെന്‍ഡ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 73 ഡോളറിന് മുകളിലെത്തി. എണ്ണ വില പരിധി വിട്ടാല്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള വിപണിയെയും ബാധിക്കും. ഡോളര്‍ മൂല്യം ശക്തിപ്പെടുത്തി എന്ന വ്യത്യസ്തമായ മാറ്റവും ഇന്ന് വിപണിയിലുണ്ട്.
ഡോളര്‍ സൂചിക 101ന് മുകളിലെത്തി. ഇന്ത്യന്‍ രൂപയും കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. 83.67 എന്ന നിരക്കിലേക്കാണ് കുതിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണം വിറ്റഴിക്കുന്ന പ്രവണത തുടര്‍ന്നാല്‍ വില വരുംദിവസങ്ങളിലും താഴും. അതേസമയം, നിക്ഷേപ വരുമാനത്തിലെ കുറവ് ഭയന്ന് കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ വരുംദിവസങ്ങളില്‍ മഞ്ഞലോഹത്തിന് വില കൂടും.












Click it and Unblock the Notifications