ഒന്നാം തിയ്യതി സ്വര്‍ണവില കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് ജൂണ്‍ കാത്തുവച്ചത്... അറിയാം പവന്‍ വില
കൊച്ചി: മെയ് മാസത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തുകയും തിരിച്ചിറങ്ങുകയും ചെയ്തിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയായ 55120 രൂപ വരെ എത്തിയ ശേഷമായിരുന്നു ഇറക്കം. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരുന്നതാണ് വില കുത്തനെ വര്‍ധിപ്പിക്കുന്നത്. ചൈന, തുര്‍ക്കി, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് സ്വര്‍ണത്തിന് ആവശ്യം കൂടുതല്‍.
ആഗോള തലത്തിലുള്ള പല ഘടകങ്ങളും സ്വര്‍ണവില കൂടാനും കുറയാനും കാരണമാകുന്നതുണ്ട്. ഡോളര്‍ മൂല്യം, പലിശ നിരക്ക്, രാഷ്ട്രീയ സാഹചര്യം എന്നിവയെല്ലാം ഇതില്‍ ചിലത് മാത്രം. മെയ് അവസാന ദിനത്തില്‍ 53360 രൂപയായിരുന്നു പവന്‍ വില. ജൂണ്‍ ആദ്യ ദിനമായ ഇന്ന് വില കുറഞ്ഞിരിക്കുകയാണ്. അറിയാം പുതിയ നിരക്ക്...

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട തുക 53200 രൂപയാണ്. 160 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6650 രൂപയിലെത്തി. ഈ മാസം വലിയ തോതില്‍ സ്വര്‍ണവില കുറയുമെന്ന സൂചനയാണോ ഇത് എന്ന് പറയാന്‍ സാധിക്കില്ല. ആഗോള സാമ്പത്തിക സാഹചര്യം പരിശോധിച്ചാല്‍ വലിയ വിലക്കുറവിന് സാധ്യതയില്ല.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ എത്ര തുക കൊടുക്കേണ്ടി വരുമെന്ന് വിശദീകരിക്കാം... അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ 2660 രൂപ വരും. സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി നല്‍കേണ്ടത്. അപ്പോള്‍ മൊത്തം തുക 57535 രൂപയിലെത്തും. സാധാരണ നിലയില്‍ ഒരു പവന്‍ സ്വര്‍ണം കൃത്യമായി തൂക്കിയുള്ള ആഭരണം കുറവാണ്. നേരിയ മാറ്റങ്ങളുണ്ടാകാം. ഇതുപ്രകാരം വിലയിലും മാറ്റം പ്രതീക്ഷിക്കാം.
പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എത്ര രൂപ കിട്ടുമെന്ന് പറയാം. ആഭരണം വാങ്ങിയ ജ്വല്ലറിയില്‍ തന്നെയാണ് വില്‍ക്കുന്നതെങ്കില്‍ രണ്ട് ശതമാനം കുറച്ചുള്ള തുക കിട്ടും. അതായത് 1100 രൂപയുടെ കുറവുണ്ടാകും. മറ്റു ജ്വല്ലറികളിലാണ് വില്‍ക്കുന്നതെങ്കില്‍ നാല് ശതമാനം വരെ കുറവ് വന്നേക്കും. അതായത് 2200 രൂപയുടെ കുറവാണുണ്ടാകുക. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന് വിലയിടുന്നത്.
ഇന്ന് ഡോളര്‍ സൂചിക അല്‍പ്പം ഇടിഞ്ഞിട്ടുണ്ട്. 104.63 എന്ന നിരക്കിലാണ് സൂചിക. ഡോളര്‍ സൂചിക കയറിയാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും കുറയും. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ രൂപ 83.44 എന്ന നിരക്കിലാണ്. രൂപ വലിയ തോതില്‍ മൂല്യമിടിയുന്നത് ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാകും. സാധാരണ വലിയ തോതില്‍ രൂപ ഇടിയുമെന്ന് കാണുമ്പോള്‍ ആര്‍ബിഐ ഇടപെടലുണ്ടാകും.
ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ് വന്നിട്ടുണ്ട് എന്നത് എടുത്തു പറയണം. ബ്രെന്റ് ക്രൂഡ് ബാരലിന് 81.62 ഡോളറാണ് പുതിയ വില. പശ്ചിമേഷ്യയില്‍ സമാധാന സാധ്യത തെളിയുന്നുണ്ട്. മേഖല ശാന്തമായാല്‍ വിപണിയില്‍ ആശങ്ക നീങ്ങും. അതേസമയം, യൂറോപ്പിലെയും അമേരിക്കയിലെയും സാമ്പത്തിക സാഹചര്യം അത്ര മികച്ചതല്ല. ഇന്ത്യയുടെത് പ്രതീക്ഷ വര്‍ധിപ്പിക്കുന്ന വളര്‍ച്ചാ കണക്കാണ് വെള്ളിയാഴ്ച പുറത്തുവന്നിട്ടുള്ളത്.












Click it and Unblock the Notifications