സ്വർണത്തിന്റെ കാര്യം ഇനി മറന്നേക്കൂ: വീണ്ടും പുതിയ റെക്കോർഡ് ഇട്ട് സ്വർണ വില, ഒരു പവന് 62000 മുടക്കണം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്. കഴിഞ്ഞ ദിവസം വിലയില്‍ വർധനവോ ഇടിവോ ഉണ്ടാകാത്ത സാഹചര്യത്തില്‍ ബുധാനാഴ്ചത്തെ നിരക്കില്‍ തന്നെയായിരുന്നു ഇന്നലേയും വില്‍പ്പന നടന്നത്. എന്നാല്‍ ഇപ്പോഴിതാ ഇന്ന് വീണ്ടും സ്വർണ വില പുതിയ റെക്കോർഡ് തിരുത്തിയിരിക്കുകയാണ്.
കേരളത്തില്‍ സ്വർണ വിലയില്‍ പവന് 320 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു പവന്‍ സ്വർണത്തിന്റെ വില 56800 ലേക്ക് എത്തുകയും ചെയ്തു. പവന് 56480 രൂപ എന്ന നിരക്കിലായിരുന്നു കഴിഞ്ഞ രണ്ട് ദിവസത്തെ വില്‍പ്പന. ഒരു ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 7060 രൂപ എന്ന കഴിഞ്ഞ ദിവസത്തെ നിരക്കില്‍ നിന്നും 7100 എന്ന രൂപയിലേക്ക് ഉയർന്നു.

22 കാരറ്റിന് സമാനമായ വർധനവ് സ്വാഭാവികമായും 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവന് 24 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് രേഖപ്പെടുത്തിയത് 344 രൂപയുടെ വർധനവാണ്. ഇതോടെ ഒരു പവന് 24 കാരറ്റ് സ്വർണത്തിന്റെ വില 61960 രൂപയായി. 43 രൂപയുടെ വർധനവോടെ ഗ്രാം വില 7745 രൂപയുമായി. 18 കാരറ്റിന് ഇന്ന് വർധിച്ചത് 256 രൂപയാണ്. ഇന്നത്തെ ഗ്രാം വില 5809 രൂപ.
സ്വർണാഭരണ പ്രിയരെ ആശങ്കപ്പെടുത്തിക്കൊണ്ടാണ് വില അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നത്. മാസത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്ത് ഗ്രാമിന് 6670 രൂപയും പവന് 53360 രൂപയുമായിരുന്നു വില. ഈ വിലയാണ് ഇപ്പോള്‍ ഇന്നത്തെ ഈ നിരക്കിലേക്ക് എത്തിയിരിക്കുന്നത്. അതിന് ശേഷം ഇതുവരെയായി പവന് 3440 രൂപയും ഗ്രാമിന് 430 രൂപയും വർധിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ മാത്രം സ്വർണ വിപണയില്‍ പവന് 2,200 രൂപയും ഗ്രാമിന് 275 രൂപയും കൂടി. ഒരു പവന്‍ സ്വർണം ആഭരണമായി വാങ്ങണമെങ്കില്‍ കുറഞ്ഞത് 62000 രൂപയെങ്കിലും ഏറ്റവും കുറഞ്ഞതായി നല്‍കേണ്ടി വരും. പണിക്കൂലിക്ക് പുറമെ ജി എസ് ടി, ഹോള്‍മാർക്ക് ഫീസ് തുടങ്ങിയവ വിപണി വിലക്ക് പുറമെ നല്‍കേണ്ടി വരും. മോഡലിന് അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും.
രാജ്യാന്തര വിപണിയിലെ വിലയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ ഔൺസിന് വില (സ്പോട്ട് സിൽവർ) 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 32.24 ഡോളറിലെത്തി. ഇസ്രായേല്‍-ഹിസ്ബുള്ള യുദ്ധ ആശങ്ക അടക്കം വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രതിസന്ധിയുടെ കാലത്ത് ആളുകള്‍ കൂടുതലായി സ്വർണത്തിലേക്ക് നിക്ഷേപം നടത്തുന്നതാണ് വില വർധിപ്പിക്കുന്നത്.












Click it and Unblock the Notifications