സ്വര്‍ണം റെക്കോര്‍ഡില്‍ മുത്തമിട്ടു; സ്വര്‍ണവില കുതിപ്പില്‍ ഞെട്ടി ഉപഭോക്താക്കള്‍, ആഭരണം വാങ്ങുന്നോ?
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി. കഴിഞ്ഞ കുറച്ച് ദിവസമായി തുടര്‍ച്ചയായി വില കൂടി വരുന്നതാണ് കാരണം. ആഗോള വിപണിയില്‍ സ്വര്‍ണം ഉയര്‍ന്ന വിലയില്‍ എത്തിയതോടെ വിറ്റഴിച്ച് ലാഭം കൊയ്യല്‍ ഒരുഭാഗത്ത് നടക്കുന്നുണ്ട്. ഇതിനിടെയാണ് കേരളത്തില്‍ വില നേരിയ തോതില്‍ കൂടി റെക്കോര്‍ഡിലെത്തിയിരിക്കുന്നത്.
ഈ മാസം മാത്രം സ്വര്‍ണം പവന് 2960 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഫെബ്രുവരിയിലെ കുറഞ്ഞ പവന്‍ നിരക്ക് 61640 രൂപയായിരുന്നു. കൂടിയത് 64600 രൂപയും. ഇനിയും വിലയില്‍ മാറ്റം വരുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് കൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 64600 രൂപയാണ് വില. 160 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 8075 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കൂടി 6640 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 എന്ന നിരക്കില്‍ തുടരുകയാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് എത്ര രൂപ ചെലവ് വരുമെന്ന് അറിയാമോ...
ഒരു പവന്‍ സ്വര്‍ണത്തിന്റെ കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനം കണക്കാക്കിയാല്‍ 3230 രൂപ വരും. സ്വര്‍ണ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടി നല്‍കണം. അതായത്, സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും ചേര്‍ത്തുള്ള 67830 എന്ന സംഖ്യയ്‌ക്കൊപ്പം 2034 രൂപ കൂടി ചേര്‍ക്കേണ്ടി വരും. അപ്പോള്‍ 69865 രൂപ വരും. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 70000 രൂപ ചെലവ് വരുമെന്ന് അര്‍ഥം.
ആഗോള വിപണിയില്‍ സ്വര്‍ണത്തിന് കാര്യമായ മുന്നേറ്റം ഇന്നലെ പ്രകടമായിട്ടില്ല. മാത്രമല്ല, വിറ്റഴിക്കല്‍ നടക്കുന്നുമുണ്ട്. എങ്കിലും കേരളത്തില്‍ നേരിയ തോതിലുള്ള വില കൂടുകയാണ്. അതിന് ഒരു കാരണം, ഡോളര്‍ സൂചികയിലെ മുന്നേറ്റവും ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയുമാണ്. ഡോളര്‍ സൂചിക 106 എന്ന നിരക്കിലും ഇന്ത്യന്‍ രൂപ 86.88 എന്ന നിരക്കിലുമാണുള്ളത്.
സ്വര്‍ണവില നിശ്ചയിക്കുന്നത് ഇങ്ങനെ
ആഗോള വിപണിയിലെ വില, മുംബൈ വിപണിയിലെ വില, ഡോളര്‍-രൂപ മൂല്യ വ്യത്യാസം എന്നിവ പരിശോധിച്ചാണ് കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുക. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറഞ്ഞേക്കും. അല്ലെങ്കില്‍ ഡോളര്‍ കരുത്ത് വന്‍തോതില്‍ ഉയര്‍ത്തണം. ഈ രണ്ട് സാധ്യതകളും പൊടുന്നനെ സംഭവിച്ചേക്കില്ല. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
അതേസമയം, ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റം കാണുന്നുണ്ട്. ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയാണിത്. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി ഇന്ത്യ കുറച്ചുകൊണ്ടുവരികയാണ്. മാത്രമല്ല, അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി കൂട്ടുകയും ചെയ്യുന്നുണ്ട്. അമേരിക്കയുമായി അടുത്തിടെ ഇന്ത്യയുണ്ടാക്കിയ ധാരണ പ്രകാരം കൂടുതല്‍ ക്രൂഡ് ഓയില്‍ ഇനിയും ഇറക്കുമതി ചെയ്‌തേക്കും.












Click it and Unblock the Notifications