സ്വര്‍ണവില നിശ്ചലം; ഇന്ന് വാങ്ങുന്നതാകും നല്ലത്... ഡോളര്‍ ഇടിയുന്നു, പുതിയ പവന്‍ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. വരും ദിവസങ്ങളില്‍ വിലയില്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് സൂചന. ജൂണിന് സമാനമായ രീതിയില്‍ ചാഞ്ചാട്ടം തന്നെയാണ് ഈ മാസവും സ്വര്‍ണവിലയില്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, ഡോളര്‍ മൂല്യം ഇടിയുന്നത് സ്വര്‍ണവില കൂടാന്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്.
ജൂണില്‍ സ്വര്‍ണം പവന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് 52560 രൂപയാണ്. ഉയര്‍ന്ന വില 54080 രൂപയുമായിരുന്നു. ഏറിയും കുറഞ്ഞും ജൂണ്‍ അവസാനത്തില്‍ വില 53000ത്തിലെത്തി. അതായത്, ഇടയ്ക്ക് കുതിപ്പ് നടത്തിയെങ്കിലും ജൂണ്‍ മാസം മൊത്തത്തില്‍ പരിശോധിച്ചാല്‍ സ്വര്‍ണവിലയില്‍ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ലെന്ന് ചുരുക്കം. ഇന്നത്തെ വില സംബന്ധിച്ച് അറിയാം...

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53000 രൂപയാണ് വില. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഈ വില തുടരുകയാണ്. വെള്ളിയാഴ്ച 320 രൂപയും ശനിയാഴ്ച 80 രൂപയും വര്‍ധിച്ചാണ് ഈ വിലയിലെത്തിയത്. ഗ്രാമിന് 6625 രൂപയാണ് നല്‍കേണ്ടത്. അന്തര്‍ദേശീയ വിപണിയില്‍ വെള്ളിയാഴ്ച സ്വര്‍ണം ഔണ്‍സിന് 2327 ഡോളറായിരുന്നു വില. ഇന്ന് അല്‍പ്പം കൂടി താഴ്ന്ന ശേഷം നേരിയ മുന്നേറ്റം കാണിക്കുന്നുണ്ട്.
ഡോളര്‍ മൂല്യം ഇടിഞ്ഞു വരുന്നു എന്നതാണ് വിപണിയിലെ പ്രധാന മാറ്റം. 106 വരെ ഉയര്‍ന്നിരുന്ന സൂചിക 105.62ലേക്ക് താഴ്ന്നിട്ടുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം ഉയരും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന വിപണി സാഹചര്യമുണ്ടാകുകയും ചെയ്യും. അതാണ് ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണവില കൂടാനുള്ള കാരണം.
ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഡോളറിനെതിരെ 83.47 എന്ന നിരക്കാണ് രാവിലെ രേഖപ്പെടുത്തുന്നത്. രൂപ മെച്ചപ്പെടുന്നത് ഇന്ത്യന്‍ വിപണിക്ക് കരുത്ത് വര്‍ധിപ്പിക്കും. എണ്ണവിലയില്‍ കാര്യമായ മാറ്റമില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 85.40 ഡോളറിലാണുള്ളത്. ഉല്‍പാദക രാജ്യങ്ങള്‍ എണ്ണവില ഉയര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ഉല്‍പ്പാദനം വെട്ടിക്കുറച്ചത് ഈ ലക്ഷ്യത്തോടെയാണ്.
എണ്ണവില ഉയരുന്നത് ഇന്ത്യന്‍ വിപണിയെ സാരമായി ബാധിക്കും. ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഈ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒപെക് പ്ലസ് സഖ്യം എണ്ണ ഉല്‍പ്പാദനം കുറച്ചത് ബാരലിന് 90 ഡോളറില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്.












Click it and Unblock the Notifications