സ്വര്‍ണവില കുറഞ്ഞു തന്നെ; ആഭരണ പ്രേമികള്‍ക്ക് നല്ല ദിനം, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം
കൊച്ചി: സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ് എന്ന് പറയാം. കഴിഞ്ഞ ദിവസം കുറഞ്ഞ അതേ വിലയില്‍ തന്നെയാണ് സ്വര്‍ണം തുടരുന്നത്. സെപ്തംബറില്‍ വില കയറുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും ആദ്യ ദിനങ്ങളില്‍ വില കൂടിയിട്ടില്ല. അതേസമയം, വരും ദിവസങ്ങളിലും സമാനമായ സാഹചര്യമാകുമോ എന്ന് പറയാനും സാധിക്കില്ല.
ആഗോള വിപണിയില്‍ നിന്ന് വ്യത്യസ്തമായ വിവരങ്ങളാണുള്ളത്. എണ്ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. സ്വര്‍ണവിലയില്‍ കുറവ് വന്നിട്ടുണ്ട്. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുകയാണ്. ഇന്ത്യന്‍ രൂപ അല്‍പ്പം കരുത്ത് കുറഞ്ഞു... എന്നാല്‍ വില കുറഞ്ഞ് നില്‍ക്കുമ്പോള്‍ തന്നെ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. തുടര്‍ച്ചയായി വില കയറുന്ന ലോഹമായതിനാല്‍ ഒരിക്കലും നഷ്ടമുണ്ടാകില്ല. അറിയാം ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച്....

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53360 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ഗ്രാമിന് 6670 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5530 രൂപ നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 90 രൂപയില്‍ തുടരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2496 ഡോളറിലെത്തി. നേരത്തെ 2500 കടന്ന് കുതിച്ചിരുന്നു. വിറ്റഴിക്കല്‍ ലാഭം പ്രതീക്ഷിച്ചുള്ള നീക്കമാണ് വിപണിയില്‍ നടക്കുന്നത് എന്നാണ് മനസിലാകുന്നത്.
സ്വര്‍ണം എത്ര വില കൂടിയാലും വാങ്ങിവച്ചാല്‍ ലാഭം കൊയ്യാമെന്ന് കരുതുന്നവരാണ് കൂടുതല്‍. കഴിഞ്ഞ മാസത്തെ കാര്യം മാത്രം അവലോകനം ചെയ്താല്‍ ഇക്കാര്യം വ്യക്തമാകും. ഒരു പവന് ആഗസ്റ്റ് ഏഴിന് രേഖപ്പെടുത്തിയ വില 50800 രൂപയായിരുന്നു. ആഗസ്റ്റ് 28ന് 53720 രൂപയായി ഉയര്‍ന്നു. അതായത്, 3000 രൂപയോളമാണ് കഴിഞ്ഞ മാസം വിലയിലുണ്ടായ മാറ്റം.
ഡോളര്‍ സൂചിക കഴിഞ്ഞ മാസം വലിയ ഇടിവിലായിരുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണവില വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ഈ മാസം ഡോളര്‍ സൂചിക നേരിയ തോതില്‍ കരുത്ത് കാട്ടുന്നുണ്ട്. 100ല്‍ നിന്ന് കുതിച്ച് 101.77 എന്ന നിരക്കിലേക്ക് സൂചിക എത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞു എന്നതാണ് ഇതിന്റെ മറ്റൊരു തിരിച്ചടി. 83.94 എന്ന നിരക്കിലാണ് രൂപ. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റം പ്രതീക്ഷിക്കാം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വൈകാതെ ഇയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില വര്‍ധിക്കും. സെപ്തംബറില്‍ സ്വര്‍ണവില കൂടുമെന്ന് പറയാന്‍ കാരണം ഇതായിരുന്നു. എന്നാല്‍ ആദ്യത്തെ മൂന്ന് ദിവസം ആശങ്കയില്ലാതെ കടന്നുപോകുന്നു എന്നാണ് എടുത്തു പറയേണ്ടത്. അതേസമയം, എണ്ണ വിലയില്‍ ചാഞ്ചാട്ടം കാണുന്നു.
ക്രൂഡ് ഓയില്‍ വില തിങ്കളാഴ്ച കുതിച്ചെങ്കിലും ചൊവ്വാഴ്ച അല്‍പ്പം കുറഞ്ഞു. ബ്രെന്റ് ക്രൂഡിന് 77.27 ഡോളര്‍ ആണ് വില കാണിക്കുന്നത്. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിലും യുഎഇയുടെ മര്‍ബണ്‍ ക്രൂഡിലും വില ഇടിവ് കാണുന്നു. എണ്ണ വില ഉയര്‍ന്നാല്‍ ഇന്ത്യയെ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ കുരുക്കിലാകും. അതേസമയം, വില കുറയുന്നത് ഇന്ത്യയ്ക്ക് സന്തോഷം നല്‍കുന്ന കാര്യവുമാണ്.












Click it and Unblock the Notifications