സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തന്നെ; ഒരു പവന്‍ ആഭരണത്തിന് എത്ര കൊടുക്കണം എന്നറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ തുടരുന്നു. ചൊവ്വാഴ്ച 640 രൂപയും ബുധനാഴ്ച 320 രൂപയുമാണ് കുറഞ്ഞിരുന്നത്. ഇന്ന് വിലയില്‍ മാറ്റമില്ല. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം നേരിയ മുന്നേറ്റം കാണിച്ചെങ്കിലും തിരിച്ചിറങ്ങി. അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ ഇന്ന് വിലമാറ്റം രേഖപ്പെടുത്താത്തത്.
ഇന്ത്യന്‍ രൂപ വലിയ തോതില്‍ ഇടിഞ്ഞു നില്‍ക്കുന്നു എന്നതാണ് എടുത്തുപറയേണ്ട കാര്യം. ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റം പ്രകടമാണ്. ഡോളര്‍ സൂചിക നാമമാത്രമായി കയറുകയാണ്. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് എത്ര നല്‍കണം, ആഭരണത്തിന് എന്ത് വില വരും എന്നെല്ലാം വിശദീകരിക്കാം...

ഒരു പവന്‍ സ്വര്‍ണത്തിന് 50800 രൂപയാണ് ഇന്ന് കേരളത്തിലെ വില. ഗ്രാമിന് 6350 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5255 രൂപയാണ് വില. അതേസമയം, ആഭരണം വാങ്ങുമ്പോള്‍ ഈ വിലയ്ക്ക് ലഭിക്കില്ല. പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്തുള്ള സംഖ്യയാണ് ജ്വല്ലറികള്‍ ഈടാക്കുക. 5 ശതമാനം പണിക്കൂലി മിക്ക ആഭരണങ്ങള്‍ക്കും നല്‍കേണ്ടി വരും.
വാങ്ങുന്ന സ്വര്‍ണം, അതിന്റെ പണിക്കൂലി എന്നിവ ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. നികുതി ഒരു ശതമാനമാക്കി കുറയ്ക്കണം എന്ന് ജ്വല്ലറി വ്യവസായികള്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും കഴിഞ്ഞ ബജറ്റില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ചത് ജ്വല്ലറി മേഖലയ്ക്ക് നേട്ടമായി.
ഇന്നത്തെ പവന്‍ വില വച്ച് പരിശോധിച്ചാല്‍ ഒരു പവന്‍ സ്വര്‍ണത്തിനുള്ള പണിക്കൂലി 2540 രൂപ വന്നേക്കും. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ ജിഎസ്ടി 1600 രൂപയും വരും. അതായത് എല്ലാം കൂടി ചേരുമ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 55000 രൂപ ചെലവ് വരും. ഡിസൈന്‍ കൂടുതുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി 5 ശതമാനത്തിന് മുകളിലാകും. ചില ജ്വല്ലറികള്‍ പണിക്കൂലിയില്‍ വലിയ ഇളവ് നല്‍കുന്നുണ്ട് എന്നതും എടുത്തു പറയണം.
ഇന്ന് അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 2393 ഡോളര്‍ ആണ് രേഖപ്പെടുത്തുന്നത്. വ്യാപാരം അവസാനിക്കുമ്പോള്‍ നേരിയ മാറ്റങ്ങള്‍ വന്നേക്കും. ഇന്നത്തെ അന്താരാഷ്ട്ര വില കൂടി പരിഗണിച്ചാണ് നാളെ കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുക. കൂടാതെ ഡോളറിന്റെ മൂല്യം, ബാങ്ക് നിരക്ക് എന്നിവയും ഇതോടൊപ്പം പരിശോധിച്ചാണ് പ്രതിദിന പവന്‍ വില പ്രഖ്യാപിക്കുന്നത്.
ഡോളര്‍ സൂചിക ഇന്ന് 103 എന്ന നിരക്കിലാണുള്ളത്. ഡോളര്‍ മുന്നേറ്റം നടത്തിയാല്‍ സ്വര്‍ണവില കുറയും. അതേസമയം, ബ്രെന്റ് ക്രൂഡ് എണ്ണ ബാരലിന് 78.63 ഡോളര്‍ ആണ് വില. നേരിയ വില മുന്നേറ്റം എണ്ണവിലയില്‍ പ്രകടമാണ്. അമേരിക്കയില്‍ പലിശ നിരക്ക് അടുത്ത മാസം കുറയ്ക്കുമെന്ന ആശങ്ക സ്വര്‍ണവിപണിയില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത മാസം സ്വര്‍ണവില കൂടിയേക്കും.












Click it and Unblock the Notifications