സ്വര്‍ണവില കുതിച്ചു; അപ്രതീക്ഷിത വില വര്‍ധനവിനുള്ള കാരണം ഇതാണ്, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്ന് നിന്നിരുന്ന സ്വര്‍ണം അന്തര്‍ദേശീയ വിപണിയിലെ വില മാറ്റത്തിന് അനുസരിച്ചാണ് കേരളത്തിലും ഉയര്‍ന്നത്. അന്തര്‍ദേശീയ വിപണിയില്‍ ഇനിയും വില വര്‍ധിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നു എന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തല്‍.
ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക കാര്യമായ മുന്നേറ്റമുണ്ടാക്കിയിട്ടില്ല. ഇന്ത്യന്‍ രൂപ വലിയ തകര്‍ച്ചയില്‍ തുടരുകയാണ്. ക്രൂഡ് ഓയില്‍ വിലയിലും കയറ്റമാണ് കാണിക്കുന്നത്. ഇതെല്ലാം നേരിട്ടോ പരോക്ഷമായോ സ്വര്‍ണവിലയെ സ്വാധിനിക്കുന്ന ഘടകങ്ങളാണ്. കേരളത്തില്‍ വ്യാഴാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല അതിന് മുമ്പ് രണ്ട് ദിവസം വലിയ ഇടിവുണ്ടായിരുന്നു. ഇന്നത്തെ വില സംബന്ധിച്ച് അറിയാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 51400 രൂപയാണ്. 600 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6425 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5320 രൂപയിലെത്തി. വെള്ളിയുടെ വിലയിലും ഇന്ന് വര്‍ധനവാണുള്ളത്. ഗ്രാമിന് 2 രൂപ വര്‍ധിച്ച് 88 രൂപയായി.
കഴിഞ്ഞ ദിവസങ്ങളില്‍ അഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2400 ഡോളറില്‍ താഴെ ആയിരുന്നു എങ്കില്‍ ഇന്ന് 2420ന് മുകളിലെത്തി. ഇനിയും വില ഉയര്‍ന്നാല്‍ ആനുപാതികമായ ഉയര്‍ച്ച കേരള വിപണിയിലും പ്രകടമാകും. അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന് വ്യക്തമായതാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കാന്‍ കാരണം. ഡോളറിന് മൂല്യം ഉയര്‍ത്താനും സാധിച്ചിട്ടില്ല.
ഇന്ത്യന്‍ രൂപ വലിയ ഇടിവില്‍ തുടരുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഡോളറിനെതിരെ 83.93 ആണ് പുതിയ നിരക്ക്. വ്യാപാരത്തിന് അനുസരിച്ച് നേരിയ വ്യതിയാനം പ്രകടമാകും. ഇത്രയും ഇടിവ് രൂപയിലുണ്ടാകുന്നത് പ്രവാസികള്‍ക്ക് നല്ല കാര്യമാണ്. എന്നാല്‍ രൂപയുടെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വിറ്റഴിച്ച് ആര്‍ബിഐ ഇടപെടുകയാണ് ചെയ്യുക. രൂപ ഇടിയുന്നത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് തിരിച്ചടിയാണ്.
ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയാണ്. കാരണം ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വില കൂടിയാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കും. ബ്രെന്റ് ക്രൂഡ് ബാരലിന് 79.25 ഡോളര്‍ ആണ് പുതിയ വില. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 76.32 ഡോളര്‍, യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 77.83 ഡോളര്‍ എന്നിങ്ങെയാണ് ഏറ്റവും പുതിയ വില.
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചതിന് പിന്നാലെ പവന്‍ വിലയില്‍ 4000 രൂപയുടെ ഇടിവുണ്ടായിരുന്നു. പിന്നീട് ഏറിയും കുറഞ്ഞുമാണ് മുന്നോട്ട് പോകുവന്നത്. ആഗോള വിപണിയില്‍ വില കൂടുമ്പോള്‍ കേരള വിപണിയിലും വില കൂടും. ചൈനയില്‍ നിന്ന് സ്വര്‍ണത്തിനുള്ള ആവശ്യം നേരിയ തോതില്‍ കൂടുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.












Click it and Unblock the Notifications