സ്വര്‍ണം റോക്കറ്റ് പോലെ കുതിച്ചു; തകര്‍ന്ന് വിപണി... അപ്രതീക്ഷിത മാറ്റം, പവന്‍ വില അറിയാം
കൊച്ചി: സ്വര്‍ണ വില വരും ദിവസങ്ങളില്‍ കുറയുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രചാരണം. ആഗോള വിപണിയില്‍ നിന്ന് സന്തോഷം നല്‍കുന്ന ചില വാര്‍ത്തകള്‍ വരികയും ചെയ്തിരുന്നു. എന്നാല്‍ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണിപ്പോള്‍. ഇസ്രായേല്‍ സൈന്യം ഇറാനിലേക്ക് മിസൈല്‍ ആക്രമണം നടത്തിയതാണ് പുതിയ മാറ്റത്തിന് കാരണം.
പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് ആശങ്ക. ഇസ്രായേല്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ നേരത്തെ താക്കീത് നല്‍കിയിരുന്നു. പശ്ചിമേഷ്യയില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ വന്ന പിന്നാലെ ഓഹരി വിപിണികള്‍ കൂപ്പുകുത്തി. നിക്ഷേപകര്‍ ആശങ്കയിലാകുകയും സ്വര്‍ണവില കുത്തനെ വര്‍ധിക്കുകയും ചെയ്തു. ഈ സാഹചര്യം നിലനിന്നാല്‍ സ്വര്‍ണ വില ഇനിയും കയറും.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചിട്ടുണ്ട്. ഔണ്‍സിന് 2411 ഡോളറിലേക്കാണ് ഉയര്‍ന്നത്. കേരളത്തിലും വില വര്‍ധിച്ചു. ഒരു പവന് 400 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54520 രൂപയാണ്. ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6815 രൂപയായി. ഇതോടെ ഈ മാസം മാത്രം പവന്‍ വിലയില്‍ 3840 രൂപയുടെ വര്‍ധനവായി.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 60000 രൂപ വരെ ചെലവ് വന്നേക്കും. അതേസമയം, പഴയ സ്വര്‍ണം പവന് 53000 വരെ കിട്ടാനുള്ള സാധ്യതയുണ്ട്. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന് ജ്വല്ലറികള്‍ വിലയിടുക. ഡോളര്‍ സൂചിക കയറിയിട്ടുണ്ട് എന്നതും എടുത്തു പറയണം. 106 കടന്ന് കുതിക്കുകയാണ് സൂചിക. രൂപയുടെ മൂല്യം ഇടിയുകയാണ്. 83.50 ആണ് ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം.
എണ്ണ വിലയിലെ കുതിപ്പാണ് വിപണിയെ അസ്വസ്ഥമാക്കുന്നത്. കഴിഞ്ഞ ദിവസം വലിയ കുറവ് എണ്ണ വിലയിലുണ്ടായിരുന്നു. പശ്ചിമേഷ്യ ശാന്തമാകുന്നു എന്ന വാര്‍ത്ത വന്നതാണ് ഇതിന് കാരണം. എന്നാല്‍ ഇസ്രായേലിന്റെ പുതിയ ആക്രമണത്തോടെ എല്ലാം മാറി. ഇനിയും എണ്ണയ്ക്കും സ്വര്‍ണത്തിനും വില കൂടിയേക്കും. ബ്രെന്റ് ക്രൂഡ് ബാരലിന് 86 ഡോളറില്‍ നിന്ന് 89.21 ഡോളറിലേക്കാണ് ഉയര്‍ന്നിട്ടുള്ളത്.
സ്വര്‍ണ വിപണിയില്‍ പുതിയ ട്രെന്‍ഡ് ക്യാരറ്റ് കുറഞ്ഞ ആഭരണങ്ങളാണ്. ഇവയില്‍ വ്യത്യസ്തമായ ഡിസൈനുകളില്‍ ആഭരണങ്ങള്‍ ഇറങ്ങുന്നുണ്ട്. 22 ക്യാരറ്റിനേക്കാള്‍ 1000 രൂപയോളം കുറവാണ് 18 ക്യാരറ്റ് സ്വര്‍ണത്തിന്. അതേസമയം, വിവാഹ ആവശ്യമുള്ളവര്‍ എല്ലാവരും അഡ്വാന്‍സ് ബുക്ക് ചെയ്യുന്ന രീതിയിലേക്ക മാറി. സ്വര്‍ണത്തിന്റെ വില കയറ്റം ആഭരണ പ്രേമികളെ കൂടുതല്‍ ആശങ്കയിലാക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.












Click it and Unblock the Notifications