സ്വര്‍ണവില ഇന്ന് എത്ര? ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്... മഞ്ഞലോഹത്തിന്റെ പ്രത്യേകത
കൊച്ചി: ഈ മാസം സ്വര്‍ണവില വന്‍ തോതില്‍ ഉയരുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള മാറ്റം പ്രകടമല്ല. ആഗോള വിപണിയില്‍ ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇതിന്റെ പ്രതിഫലനം തന്നെയാണ് കേരള വിപണിയിലും. ഡോളര്‍ നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. ക്രൂഡ് ഓയില്‍ വില വന്‍ ഇടിവില്‍ നിന്ന് കരകയറി വരികയാണ്.
കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയ വേളയില്‍ സ്വര്‍ണവില വന്‍ തോതില്‍ ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നേരിയ മട്ടില്‍ തിരിച്ചുകയറി. അമേരിക്കയില്‍ പലിശ നിരക്കില്‍ മാറ്റം വരാനിരിക്കുന്നതിനാല്‍ സ്വര്‍ണവില ഉയരുമെന്നായിരുന്നു പിന്നീടുള്ള പ്രവചനം. ഇന്നത്തെ സ്വര്‍ണവില, സ്വര്‍ണം വാങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ വിശദീകരിക്കാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 6680 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപ നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 89 രൂപ എന്ന നിരക്കില്‍ തുടരുന്നു. സ്വര്‍ണവില കൂടിയ ശേഷം 18 കാരറ്റ് ആഭരണങ്ങളിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്നുണ്ടത്രെ. പണയം വയ്ക്കുമ്പോള്‍ പ്രതിസന്ധികള്‍ നേരിട്ടേക്കാം എന്ന് കരുതിയാണ് പലരും 18 കാരറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2500 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. എന്നാല്‍ 2500ല്‍ താഴെയാണിപ്പോള്‍. ഏത് സമയവും ഉയരാന്‍ സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ആഗോള വിപണിയില്‍ വില ഉയര്‍ന്നാല്‍ കേരളത്തിലും സ്വര്‍ണവില വര്‍ധിക്കും. എത്ര വില നല്‍കി വാങ്ങിയാലും ഭാവിയില്‍ വില കൂടുമെന്നതാണ് സ്വര്‍ണത്തിന്റെ പ്രത്യേകത. ഡോളര്‍ സൂചിക നേരിയ മുന്നേറ്റം പ്രകടിപ്പിച്ച് 101.32 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപ 83.94 എന്ന നിരക്കിലും.
സെപ്തംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ ഒരു പവന്‍ സ്വര്‍ണത്തിന്റെ കേരളത്തിലെ വില 53360 രൂപയായിരുന്നു. പിന്നീട് 400 രൂപ വര്‍ധിച്ചെങ്കിലും തൊട്ടടുത്ത ദിവസം 320 രൂപ കുറഞ്ഞിട്ടാണ് 53440 രൂപയിലെത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഈ വിലയില്‍ തുടരുന്നത്. സാധാരണ ദിവസവും വിലയില്‍ മാറ്റം വന്നിരുന്നു എങ്കിലും ഇപ്പോള്‍ ഒരേ വിലയില്‍ ദിവസങ്ങളോളം നില്‍ക്കുന്നു എന്നതാണ് എടുത്തു പറയേണ്ട മാറ്റം.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ കാല്‍ ശതമാനം മാത്രമേ കുറയ്ക്കൂ എന്ന വിവരം വന്നതാണ് നിക്ഷേപകര്‍ക്ക് ആശ്വാസമായിരിക്കുന്നത്. പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയും. ഇതാണ് കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. ഇതോടെ സ്വര്‍ണവില കയറാന്‍ വഴിയൊരുങ്ങും. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ ഏത് രീതിയിലാണ് വിപണിയിലെ മാറ്റമെന്ന് പ്രവചിക്കാന്‍ വയ്യ.
സ്വര്‍ണ വില, പണിക്കൂലി, നികുതി എന്നിവ ചേര്‍ത്തുള്ള സംഖ്യയാണ് ആഭരണം വാങ്ങുമ്പോള്‍ ജ്വല്ലറികളില്‍ ഉപഭോക്താവ് നല്‍കേണ്ട തുക. ഇന്ന് ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു പവന് 58000 രൂപ വരെ പ്രതീക്ഷിക്കാം. ഉയര്‍ന്ന പണിക്കൂലി ചില ജ്വല്ലറികള്‍ ഈടാക്കാറുണ്ട്. ഇക്കാര്യത്തില്‍ ഉപഭോക്താവിന് വില പേശാം. ചില ജ്വല്ലറികള്‍ കുറഞ്ഞ പണിക്കൂലിയില്‍ ആഭരണം തയ്യാറാക്കി നല്‍കുന്നുമുണ്ട്. വിശദമായി ചോദിച്ചറിഞ്ഞ ശേഷമേ ആഭരണം വാങ്ങാവൂ.












Click it and Unblock the Notifications