ഇന്ന് സ്വര്‍ണം വിറ്റാല്‍ എത്ര കിട്ടും; വില കൂടിയപ്പോള്‍ വിപണിയിലെ ട്രെന്‍ഡ് മാറുന്നു... ഒരു പവന്റെ വില
കൊച്ചി: സ്വര്‍ണവില പിടിവിട്ട് പറന്നപ്പോള്‍ വിപണിയിലെ ട്രെന്‍ഡ് മാറുന്നു. അത്യാവശ്യക്കാര്‍ മാത്രമാണ് സ്വര്‍ണം വാങ്ങാന്‍ തയ്യാറാകുന്നത്. നിക്ഷേപകര്‍ ലാഭ നഷ്ടം പരിശോധിച്ച് ഇടപാട് നടത്തുന്നുണ്ടെങ്കിലും ആഭരണ വിപണിയില്‍ അത്ര സുന്ദരമല്ല കാര്യങ്ങള്‍. കല്യാണം പോലുള്ള അത്യാവശ്യക്കാര്‍ മാത്രമാണ് പുതിയ സ്വര്‍ണം വാങ്ങുന്നത്.
നേരത്തെ വില കൂടിയ സമയം വിപണിയിലെ ട്രെന്‍ഡ് മറ്റൊന്നായിരുന്നു. അത്യാവശ്യക്കാര്‍ പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുന്നതായിരുന്നു അപ്പോഴത്തെ രീതി. എന്നാല്‍ ഇപ്പോള്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങാനും ആളുകള്‍ മടിക്കുന്നു. ഇനിയും വില കൂടുമോ എന്നാണ് ഉപഭോക്താക്കളുടെ നോട്ടം. അതിനിടെ ക്യാരറ്റ് കുറഞ്ഞ സ്വര്‍ണത്തിന് വിപണിയില്‍ പ്രിയമേറുന്നുണ്ട്.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിലെ വില 52960 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 രൂപ കൂടി വര്‍ധിച്ചു. ഗ്രാമിന് 6620 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 57000 രൂപയിലധികം ചെലവ് വന്നേക്കും. ചില ജ്വല്ലറികള്‍ പണിക്കൂലിയില്ലാതെ സ്വര്‍ണാഭരണം വില്‍ക്കാന്‍ തയ്യാറാകുന്നുണ്ട്. പണിക്കൂലി, ജിഎസ്ടി എന്നിവ സംബന്ധിച്ച് ഉപഭോക്താക്കള്‍ കൃത്യമായി ചോദിച്ചറിയുന്നത് നല്ലതാണ്.
ഇന്ന് ഒരു പവന്‍ സ്വര്‍ണം വിറ്റാല്‍ എത്ര കിട്ടുമെന്ന് അറിയാനും ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യമുണ്ട്. സ്വര്‍ണം വാങ്ങിയ ജ്വല്ലറികളില്‍ തന്നെ വില്‍ക്കുകയാണെങ്കില്‍ രണ്ട് ശതമാനം വില കുറയാനാണ് സാധ്യത. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1100 രൂപ വരെ കുറഞ്ഞേക്കും. അതേസമയം, മറ്റൊരു ജ്വല്ലറിയുടെ സ്വര്‍ണമാണ് വില്‍ക്കുന്നതെങ്കില്‍ വിലയില്‍ 4 ശതമാനം വരെ കുറച്ചേക്കാം. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന്റെ വില കണക്കാക്കുക.
സ്വര്‍ണാഭരണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. വില കുറയുന്നതിനോടാണ് വ്യാപാരികള്‍ക്കും താല്‍പ്പര്യം. വില കുറയുമ്പോഴാണ് ആഭരണ വിപണി സജീവമാകുക. ഉയര്‍ന്ന നികുതിയും വില ഉയര്‍ച്ചയ്ക്ക് കാരണമാണ്. ഇറക്കുമതി നികുതിയില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യവും വ്യാപാരികള്‍ മുന്നോട്ടുവയ്ക്കുന്നു.
40 രൂപ കൂടി ഉയര്‍ന്നാല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53000 രൂപ എന്ന നിരക്കിലേക്ക് എത്തും. അതോടെ ഇടപാട് സുന്ദരമാകുമെന്ന് പരിഹാസ രൂപേണ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവരുമുണ്ട്. സ്വര്‍ണവിപണിയില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന്. വരും ദിവസങ്ങളില്‍ ഈ റെക്കോര്‍ഡും തിരുത്തപ്പെട്ടേക്കാം.
അതേസമയം, 18 ക്യാരറ്റ് സ്വര്‍ണത്തിന് പ്രിയമേറുന്നുണ്ട്. വ്യത്യസ്തമായ ഡിസൈന്‍ 18 ക്യാരറ്റില്‍ വരുന്നതാണ് ഇതിന് കാരണം. ഡോളര്‍ സൂചിക 105.15 എന്ന നിരക്കേക്ക് എത്തിയിട്ടുണ്ട്. രൂപയുടെ മൂല്യം 83.39 എന്ന നിരക്കിലാണ്. എണ്ണ വില ബ്രെന്റ് ക്രൂഡിന് 90.76 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications